നാടും വീടും ശുചിയാകട്ടെ; ശുചിത്വ വാരാചരണവുമായി മന്ത്രാലയം
text_fieldsദോഹ: ലോക ശുചീകരണ ദിനത്തിന്റെ ഭാഗമായി കടൽത്തീരങ്ങളും പൊതുസ്ഥലങ്ങളും ശുചീകരിച്ചും വൃത്തിയുള്ള ചുറ്റുപാടിന്റെ പ്രാധാന്യം തലമുറകളിലേക്ക് പകർന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ശുചിത്വ വാരാചരണം. പൊതുജനങ്ങളിൽ ശുചിത്വ ബോധം വർധിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ലോക ശുചീകരണ ദിനത്തോടനുബന്ധിച്ച് വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് മന്ത്രാലയം തുടക്കംകുറിച്ചത്.
‘ശുചിത്വം എല്ലാവരുടെയും ഉത്തരവാദിത്തം’ എന്ന തലക്കെട്ടിൽ പബ്ലിക് സർവിസ് അഫയേഴ്സ് വിഭാഗം അസി. അണ്ടർ സെക്രട്ടറിയുടെ മേൽനോട്ടത്തിലാണ് പരിപാടി. കഴിഞ്ഞ ബുധനാഴ്ച ആരംഭിച്ച ശുചീകരണ ബോധവത്കരണ യത്നം 24 വരെ നീളും.
വിവിധ മാളുകളിലായി സംഘടിപ്പിക്കുന്ന പരിപാടികളിൽ സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ വസ്തുക്കൾ, ഡിജിറ്റൽ ഡിസ്പ്ലേകൾ, ബോർഡുകൾ എന്നിവയുൾപ്പെടുന്ന ബോധവത്കരണ ബൂത്തുകൾ സ്ഥാപിച്ച് വിദ്യാർഥികൾക്കായി പ്രഭാത സെഷനുകളും പൊതുജനങ്ങൾക്കായി സായാഹ്ന സെഷനുകളും അവതരിപ്പിക്കുന്നുണ്ട്.
പൊതു ശുചിത്വ നിയമത്തെക്കുറിച്ച് ബോധവത്കരണ പ്രഭാഷണങ്ങൾ, മന്ത്രാലയത്തിന്റെ പരിശോധന പരിപാടികൾ, സുസ്ഥിരമായ പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിൽ പുനരുപയോഗത്തിന്റെ പ്രാധാന്യം, വിനോദ-വിജ്ഞാന മത്സരങ്ങൾ എന്നിവ ഇതിലുൾപ്പെടും.
കാമ്പയിൻ ഭാഗമായി മാലിന്യം തരംതിരിക്കൽ പരിചയപ്പെടുത്തുകയും സ്ഥാപനങ്ങളുമായും വിവിധ കമ്യൂണിറ്റികളുമായും ചേർന്ന് ബീച്ചുകളിലും ദ്വീപുകളിലുമായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ലോക ശുചീകരണ ദിനത്തോടുനുബന്ധിച്ച് ബീച്ചുകളും ദ്വീപുകളും വൃത്തിയാക്കുന്നതിന് വിവിധ സ്ഥാപനങ്ങളുമായും പ്രവാസി സമൂഹങ്ങളുമായും സഹകരിച്ച് ഒമ്പത് ശുചീകരണ കാമ്പയിനുകളാണ് മന്ത്രാലയം ആസൂത്രണം ചെയ്തിരിക്കുന്നത്.
അബൂ സംറ, സിക്രീത്ത്, അൽ വക്റ പബ്ലിക് ബീച്ച്, അൽ ദഖീറ, സിമൈസിമ ഫാമിലി ബീച്ച്, അൽ ഖറാഇജ് ബീച്ച്, അൽ ഖുവൈർ ദ്വീപ്, നോർത്ത് കോർണിഷ് ബീച്ച് തുടങ്ങിയ സ്ഥലങ്ങൾ ഇതിലുൾപ്പെടും. അബൂ സംറ ബീച്ചിൽ നിന്ന് തുടങ്ങിയ പ്രവൃത്തികൾ വരുംദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.
കാമ്പയിനിൽ എല്ലാവരെയും ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഭിന്നശേഷിക്കാർക്കായി കിഡ്സ്മോണ്ടോയിൽ ശിൽപശാലകൾ, വിദ്യാഭ്യാസ സെഷനുകൾ, മത്സരങ്ങൾ, സമ്മാന വിതരണം എന്നിവ സംഘടിപ്പിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.