ആരാധകർ ഒഴുകട്ടെ; ഗതാഗതം സുരക്ഷിത ട്രാക്കിലാക്കി മെട്രോ
text_fieldsദോഹ: ലോകകപ്പിന് പന്തുരുളാൻ ദിനങ്ങൾ നൂറിനും താഴെയായി ചുരുങ്ങിയപ്പോൾ ഒഴുകിയെത്തുന്ന ആരാധകരെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് ഖത്തർ റെയിൽവേസ് കമ്പനി (ഖത്തർ റെയിൽ). ലോകകപ്പിനായുള്ള സ്‍യാറെടുപ്പ് പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ അധികൃതർ വിലയിരുത്തി.
സ്റ്റേഡിയങ്ങളിലേക്കും ഫാൻ സോണുകളിലേക്കും തിരിച്ച് താമസ കേന്ദ്രങ്ങളിലേക്കും ഗതാഗത സൗകര്യമൊരുക്കുന്നതിൽ ഖത്തർ റെയിലിനുകീഴിലെ ദോഹ മെട്രോ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ലോകകപ്പ് ടൂർണമെൻറിനിടയിലെ പ്രധാനപ്പെട്ട പൊതുഗതാഗത സംവിധാനം കൂടിയാണ് ദോഹ മെട്രോ.
തയാറെടുപ്പുകളുടെ ഭാഗമായി ട്രാൻസ്പോർട്ട് മാനേജ്മെൻറ് ഫോർ മെഗാ ഇവന്റ്സ് എന്ന തലക്കെട്ടിൽ ഖത്തർ റെയിൽ തങ്ങളുടെ വാർഷിക യോഗം ചേർന്ന് ഒരുക്കം വിലയിരുത്തി.
ടൂർണമെൻറ് വിജയത്തിലെ നിർണായക ഘടകമായ ആരാധകർക്ക് മികച്ച ഗതാഗത അനുഭവം നൽകുന്നതിൽ ദോഹ മെട്രോയുടെ പങ്ക് യോഗത്തിൽ ഉയർത്തിക്കാട്ടി. മെട്രോ ഓപറേഷനിലെ പ്രധാന വെല്ലുവിളികളും പ്രശ്നങ്ങളും ചർച്ച ചെയ്ത യോഗത്തിൽ, പ്രവർത്തനം സുഗമമാക്കുന്നതിനും തടസ്സങ്ങൾ നീക്കുന്നതിനുമായി വിവിധ പങ്കാളികളുമായുള്ള സഹകരണം സംബന്ധിച്ചും വിശകലനം ചെയ്തു.
പ്രധാന കായിക ചാമ്പ്യൻഷിപ്പുകൾക്കായെത്തുന്ന ആരാധകരുടെയും സന്ദർശകരുടെയും പ്രധാന ഗതാഗത ആവശ്യങ്ങൾ പൂർത്തീകരിക്കും വിധത്തിലാണ് ദോഹ മെട്രോ ശൃംഖല രൂപകൽപന ചെയ്തിരിക്കുന്നതും നിർമിച്ചിരിക്കുന്നതും. എട്ട് സ്റ്റേഡിയങ്ങളിൽ ആറ് സ്റ്റേഡിയങ്ങളിലേക്ക് നേരിട്ടും രണ്ട് സ്റ്റേഡിയങ്ങളിലേക്ക് ഭാഗികമായും ഗതാഗത സൗകര്യമൊരുക്കാൻ ദോഹ മെട്രോക്ക് സാധിക്കും.
സ്റ്റേഡിയങ്ങൾക്കുപുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുമായും നഗര കേന്ദ്രങ്ങളുമായും ബന്ധിപ്പിച്ച് മൂന്ന് ലൈനുകളിലായി 37 സ്റ്റേഷനുകളാണ് ദോഹ മെട്രോക്കുള്ളത്.
2019ൽ പ്രവർത്തനം ആരംഭിച്ച ശേഷം പ്രധാന പ്രാദേശിക, മേഖല, അന്തർദേശീയ തലങ്ങളിലായി നടന്ന എട്ട് കായിക ചാമ്പ്യൻഷിപ്പുകളുടെയും ടൂർണമെൻറുകളുടെയും വിജയത്തിൽ മെട്രോ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ലോകകപ്പ് ഫുട്ബാൾ വിജയത്തിലെ നിർണായക ഘടകമാവുകയെന്ന ലക്ഷ്യത്തിലേക്കുള്ള തയാറെടുപ്പുകളിലാണ് ഖത്തർ റെയിലും ദോഹ മെട്രോയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.