കോവിഡ് ചട്ടങ്ങൾ പാലിക്കാം, ഇനി പുണ്യദിനങ്ങൾ
text_fieldsദോഹ: ഇനി ഒരു മാസം സൽപ്രവർത്തികൾക്ക് ദൈവത്തിൽനിന്ന് ഇരട്ടി പ്രതിഫലം ലഭിക്കുന്ന പുണ്യദിനങ്ങൾ. കഴിക്കാൻ ഭക്ഷണവും വെള്ളവും ഉണ്ടെങ്കിലും വിശപ്പും ദാഹവും സഹിച്ച് നിയന്ത്രണം പാലിക്കാനുള്ള വാർഷികപരിശീലനമാണ് റമദാൻ. ഖുർആൻ അവതരിച്ച മാസമാണത്. അന്യെൻറ വിശപ്പും ദാഹവും മാത്രമല്ല മറ്റുള്ളവെൻറ സകലപ്രയാസങ്ങളും അനുഭവിച്ചറിയുകയാണ് വിശ്വാസി റമദാൻനോമ്പ് അനുഷ്ഠിക്കുന്നതിലൂടെ ചെയ്യുന്നത്. റമദാനുമായി ബന്ധപ്പെട്ട എല്ലാഒരുക്കവും ഖത്തറിൽ നേരത്തേതന്നെ പൂർത്തീകരിച്ചിട്ടുണ്ട്. ഇത്തവണത്തെ റമദാനും കഴിഞ്ഞ തവണത്തെപോലെ കോവിഡ് പ്രതിസന്ധിയിലൂെടയാണ് കടന്നുപോവുക. എല്ലാവിധ കോവിഡ് പ്രതിരോധചട്ടങ്ങളും പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി എല്ലാവർക്കും റമദാൻ ആശംസകൾ നേർന്നു. വിവിധ ഗൾഫ് ഭരണാധികാരികൾ, ജനങ്ങൾ, മറ്റു ഭരണാധികാരികൾ, പൗരന്മാർ എന്നിവർക്കും അമീർ റമദാൻ ആശംസകൾ അറിയിച്ചിട്ടുണ്ട്. റമദാനിൽ സർക്കാർ മേഖലയിലെ പ്രവർത്തനസമയം അഞ്ചുമണിക്കൂർ ആയിരിക്കും. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയായിരിക്കും സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുക.
ബാങ്കുവിളിച്ച് അഞ്ചുമിനിറ്റിനകം നമസ്കാരം
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ടെങ്കിലും എല്ലാ പള്ളികളും അഞ്ചുമിനിറ്റ് നേരത്തേ നമസ്കാരത്തിനും ജുമുഅക്കും നിലവിലുള്ളതുപോലെ തുറക്കും. എന്നാൽ, പള്ളികളിൽ തറാവീഹ് നമസ്കാരം ഉണ്ടാവില്ല. വീടുകളിൽനിന്ന് തറാവീഹ് നിർവഹിക്കണമെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പള്ളികളിൽ അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും ടോയ്ലറ്റുകളും അടഞ്ഞുതന്നെ കിടക്കും. പള്ളികളിലേക്ക് വരുന്നവർ സ്വന്തമായി നമസ്കാരപടം കൊണ്ടുവരണം. ബാങ്കുവിളിച്ചുകഴിഞ്ഞ് എല്ലാപള്ളികളിലും അഞ്ച് മിനിറ്റിനുള്ളിൽ നമസ്കാരം നടക്കുമെന്ന് ഔഖാഫ് ഇസ്ലാമികാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. നമസ്കാരം കഴിഞ്ഞ് അഞ്ച് മിനിറ്റുകൾക്ക് ശേഷം പള്ളികൾ അടക്കുകയും ചെയ്യും.
പിന്നീട് ശുചീകരണം, അണുനശീകരണം, അടുത്ത നമസ്കാരത്തിനുള്ള തയാറെടുപ്പ് എന്നിവ നടക്കും. ഇതുസംബന്ധിച്ച് എല്ലാ ഇമാമുമാർക്കും മന്ത്രാലയത്തിെൻറ സർക്കുലർ ലഭിച്ചിട്ടുണ്ട്. പള്ളികളിൽ കോവിഡ് പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിക്കണം. ഫേസ് മാസ്കുകൾ ധരിക്കണം. ഇഹ്തിറാസ് ആപിൽ പച്ച സ്റ്റാറ്റസ് കാണിക്കണം. സുരക്ഷിതസാമൂഹിക അകലം പാലിക്കണം. 12 വയസ്സിന് താഴെയുള്ളവരെ പള്ളികളിൽ കൊണ്ടുവരരുത്. പള്ളികൾക്ക് അകത്തും പുറത്തും ഭക്ഷണമോ വെള്ളമോ വിതരണം ചെയ്യാൻ പാടില്ല. ആൾക്കൂട്ടങ്ങൾ ഉള്ള ഇഫ്താർ മേശകളോ മറ്റു സൗകര്യങ്ങളോ പള്ളികളിലോ പുറത്തോ ഒരുക്കാൻ പാടില്ല. രാത്രിനമസ്കാരമായ ഖിയാമുല്ലൈൽ, ഭജനമിരിക്കൽ (ഇഅ്തികാഫ്) എന്നിവ പള്ളികളിൽ അനുവദിക്കില്ല. അനുവദിച്ച ആളുകൾ ആയാലോ നമസ്കാരം തുടങ്ങുന്നതിനു മുേമ്പാ നമസ്കാരഹാളുകളുടെ വാതിലുകൾ അടച്ചിടും.
വനിതകൾക്കുള്ള സൗകര്യം അടച്ചിടും
പള്ളികളിൽ വനിതകൾക്കുള്ള പ്രാർഥനാ ഇടങ്ങൾ, ബാത്ത് റൂം, അംഗശുദ്ധിവരുത്തുന്ന ഇടങ്ങൾ എന്നിവ റമദാനിലും അടച്ചിടുന്നത് തുടരും. വ്യക്തികൾ കൊണ്ടുവരുന്ന നമസ്കാരപായകൾ, ഖുർആൻ എന്നിവ പള്ളികളിൽ സൂക്ഷിച്ചുവെക്കരുത്. ഓരോതവണയും ഇത് തിരിച്ചുകൊണ്ടുപോകണം.
ഫാഹിസ് സെൻററുകളുടെ സമയം ക്രമീകരിച്ചു
വാഹനങ്ങളുടെ സാങ്കേതികപരിശോധനകേന്ദ്രമായ ഫാഹിസ് സെൻററുകളുടെ റമദാനിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു. അൽമസ്റൂഅ, വാദി അൽബനാത്/മിസൈമീർ, അൽഷഹാനിയ/അൽഎഗ്ദ, അൽവക്റ/അൽവുകൈർ എന്നിവിടങ്ങളിലെ വാഹനപരിശോധനകേന്ദ്രങ്ങൾ രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെയാണ് പ്രവർത്തിക്കുക. സഞ്ചരിക്കുന്ന പരിശോധനകേന്ദ്രങ്ങളായ മദീനത് അൽ ശമാൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് 12 വരെ പ്രവർത്തിക്കും. 15 മിനിറ്റ് മുേമ്പ ഗേറ്റ് അടക്കും.
ക്യു.എൻ.സി.സിയിലെ വാക്സിൻ കേന്ദ്രത്തിെൻറ പ്രവർത്തന സമയം മാറ്റി
ദോഹ: റമദാൻ പ്രമാണിച്ച് ഖത്തർ നാഷനൽ കൺവെൻഷൻ സെൻററി (ക്യു.എൻ.സി.സി)ലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിെൻറ പ്രവത്തനസമയത്തിൽ പൊതുജനാരോഗ്യ മന്ത്രാലയം മാറ്റം വരുത്തി. റമദാനിൽ വെള്ളി, ശനി ഉൾപ്പെടെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ പുലർച്ച ഒരുമണി വരെയായിരിക്കും കേന്ദ്രത്തിെൻറ പുതുക്കിയ പ്രവർത്തന സമയം. ഇവിടെ ഈയടുത്ത് കൂടുതൽ സൗകര്യങ്ങളേർപ്പെടുത്തിയിട്ടുണ്ട്. പ്രവേശനം, കാത്തിരിപ്പ് വിഭാഗങ്ങളിലാണ് കൂടുതൽ സൗകര്യങ്ങൾ അനുവദിച്ചിരിക്കുന്നത്. ഇതുപ്രകാരം, താഴെ നിലയിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇവിടെ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ട്. ക്യു.എൻ.സി.സിയിലെ വിശാലമായ പാർക്കിങ് കേന്ദ്രങ്ങളും കാത്തിരിപ്പിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. വാക്സിനെടുക്കാൻ യോഗ്യരായവരുടെ വ്യാപ്തി കൂടുതൽ വിശാലമാക്കിയതോടെ ക്യു.എൻ.സി.സി വാക്സിനേഷൻ കേന്ദ്രത്തിലേക്കെത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്താണ് പുതിയ ക്രമീകരണങ്ങൾ നടപ്പാക്കിയിരിക്കുന്നത്.
വാക്സിനേഷൻ ൈഡ്രവ് ത്രൂ സെൻററുകൾ ഉച്ചക്ക് ഒന്നുമുതൽ
ദോഹ: കോവിഡ് വാക്സിനേഷൻ ൈഡ്രവ് ത്രൂ സെൻററുകളുടെ റമദാനിലെ പ്രവർത്തനസമയം ക്രമീകരിച്ചു. റമദാനിൽ എല്ലാദിവസവും ഈ സെൻററുകൾ പ്രവർത്തിക്കും. എന്നാൽ ഉച്ചക്ക് ഒന്നുമുതൽ അർധരാത്രി വരെയായിരിക്കും പ്രവർത്തനസമയം. രാത്രി 11 മണിക്കുവരെ ഗേറ്റിൽ എത്തുന്നവർക്ക് പ്രവേശനം നൽകും. ലുസൈലിലും വക്റ ജനൂബ് സ്റ്റേഡിയത്തിെൻറ പാർക്കിങ് ഏരിയയിലുമാണ് ൈഡ്രവ് ത്രൂ സെൻററുകൾ പ്രവർത്തിക്കുന്നത്. രണ്ടാം ഡോസ് മാത്രമാണ് ഇവിടങ്ങളിൽനിന്ന് നൽകുക. വാക്സിെൻറ രണ്ടാംഡോസിന് സമയം ആയവർക്ക് മുൻകൂർ അപ്പോയിൻമെൻറുകൾ ഇല്ലാതെ ഇവിടെ വാഹനങ്ങളിൽ എത്താം. വാഹനങ്ങളിൽ ഇരുന്നാണ് എല്ലാ നടപടിക്രമങ്ങളും പർത്തീകരിക്കേണ്ടത്.
കോവിഡ് വാക്സിൻ എടുക്കാം; നോമ്പ് മുറിയില്ല
രാജ്യത്ത് കോവിഡ് വാക്സിനേഷൻ കാമ്പയിൻ പുരോഗമിക്കുകയാണ്. റമദാനിലും ധൈര്യമായി കോവിഡ് വാക്സിൻ കുത്തി വെപ്പടുക്കാമെന്നും ഇക്കാരണത്താൽ നോമ്പ് മുറിയില്ലെന്നും ഔഖാഫ് മന്ത്രാലയം അറിയിച്ചിട്ടുണ്ട്. വ്രതമനുഷ്ഠിച്ചുകൊണ്ടുതന്നെ കോവിഡിനെതിരെ വാക്സിൻ സ്വീകരിക്കുന്നത് അനുവദനീയമാണ്. ഇതു വ്രതം മുറിയാൻ കാരണമാകില്ലെന്നും ഔഖാഫിെൻറ ശരീഅ കമ്മിറ്റി തലവനും സുപ്രീംകോടതി ഡെപ്യൂട്ടി ഹെഡുമായ ശൈഖ് ഡോ. തഖിൽ ബിൻ സയർ അൽ ശമ്മാരി അറിയിച്ചു. വ്രതംഅനുഷ്ഠിക്കുന്ന സമയത്തുതെന്ന കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് നോമ്പിനെ പ്രതികൂലമായി ബാധിക്കില്ലെന്ന് മന്ത്രാലയത്തിൻെറ ഫത്വ കമ്മിറ്റിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.