'ഒരുങ്ങാം'; ഖത്തറിൽ ഈ വർഷം 300 ദിവസവും ആഘോഷം..
text_fieldsദോഹ: ലോകകപ്പ് ഫുട്ബാൾ സമ്മാനിച്ച ആവേശത്തിന്റെ ഹാങ്ഓവറിലാണിപ്പോഴും ഖത്തർ. ലോകം ഈ മണ്ണിൽ കേന്ദ്രീകരിച്ച ഒരു മാസക്കാലം നൽകിയ അനുഭവങ്ങളും ഓർമകളും താലോലിക്കുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ഖത്തറിലെ താമസക്കാർ. ഉത്സവം കൊടിയിറങ്ങിയതിന്റെ നിരാശയിൽ കഴിയുന്നവർക്കു മുന്നിൽ 2023 മുന്നോട്ടുവെക്കുന്നത് ആവേശത്തിൽ അലിയാൻ പോന്ന ഒരുപിടി ഇവന്റുകളാണ്. ബലൂൺ ഫെസ്റ്റ് മുതൽ വൻകര കൺപാർത്തിരിക്കുന്ന ഏഷ്യൻ കപ്പ് വരെ, ഈ വർഷം ഖത്തർ വേദിയൊരുക്കുന്ന രസക്കാഴ്ചകളുടെ കലണ്ടർ സമ്പന്നമാണ്.
കായികം, ഫാഷൻ, ഫുഡ്, സംഗീതം തുടങ്ങി വിവിധ തലങ്ങളിലുള്ള ഇവന്റുകളാണ് അരങ്ങേറാനിരിക്കുന്നത്. പ്രാദേശിക, രാജ്യാന്തര തലത്തിലുള്ള പരിപാടികൾക്കാണ് ഖത്തർ വേദിയൊരുക്കുന്നത്. ഖത്തർ ടൂറിസത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ഖത്തറിന്റെ ഈ വർഷത്തെ ഇവന്റുകളുടെ ലിസ്റ്റ് പുറത്തിറക്കി. ‘ആക്ഷൻ പാക്ക്ഡ് കലണ്ടറാണ് ഇക്കുറിയുള്ളത്. 2023ൽ 300 ദിവസവും ഇവന്റുകൾ. ആവേശകരമായ സംഭവങ്ങളടങ്ങിയ ഫുൾ കലണ്ടറാണിത്’- ഖത്തർ ടൂറിസം ചീഫ് ഓപറേറ്റിങ് ഓഫിസർ ബെർത്തോൾഡ് ട്രെൻകൽ പറഞ്ഞു.
ഡി.ജെ.ഡബ്ല്യു.ഇ
19ാമത് ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ (ഡി.ജെ.ഡബ്ല്യു.ഇ) ഫെബ്രുവരി 20 മുതൽ 25 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കും. 500ൽപരം രാജ്യാന്തര വാച്ച്, ജ്വല്ലറി ബ്രാൻഡുകൾ പങ്കെടുക്കുന്ന ഡി.ജെ.ഡബ്ല്യു.ഇക്ക് ഖത്തറിന് പുറത്തും സ്വീകാര്യതയേറെയാണ്. ബോളിവുഡ്, തുർക്കിയ സിനിമ താരങ്ങളടക്കം സന്ദർശനത്തിനെത്തുന്ന എക്സിബിഷനാണിത്. ഖത്തരി ഡിസൈനർമാർ തയാറാക്കുന്ന പരമ്പരാഗത ഖത്തരി ആഭരണങ്ങളുടെ പ്രദർശനവും എക്സിബിഷനിലുണ്ടാകും. ഈ വർഷം വിവാഹം കഴിക്കുന്ന ദമ്പതികളാണോ? എങ്കിൽ ഡെസ്റ്റിനേഷൻ വെഡിങ് പ്ലാനേഴ്സ് കോൺഗ്രസിലേക്ക് സ്വാഗതം. വെഡിങ് പ്ലാനർമാർ, ഹോട്ടലുടമകൾ, ആഡംബര വിവാഹ ആസൂത്രണ മേഖലയിലെ പ്രഫഷനലുകൾ എന്നിവർ ഒന്നിക്കുന്ന ഒമ്പതാമത് ഡെസ്റ്റിനേഷൻ വെഡിങ് പ്ലാനേഴ്സ് കോൺഗ്രസ് മാർച്ച് 14 മുതൽ 16 വരെ നടക്കും. വേദി വൈകാതെ പ്രഖ്യാപിക്കും.
കഴിഞ്ഞ വർഷം മേയിൽ ആദ്യമായി സംഘടിപ്പിക്കപ്പെട്ട ഈദ് ഫെസ്റ്റിവൽ 2023ലും നടക്കും. മൂന്ന് ദിവസം നീണ്ട അതിന്റെ ആദ്യ പതിപ്പിൽ മേഖലയിലെ ആദ്യത്തെ ഭീമൻ ബലൂൺ പരേഡ്, മാർച്ചിങ് ബാൻഡ്, ദിവസേനയുള്ള വെടിക്കെട്ട് പ്രദർശനങ്ങൾ, കാർണിവൽ ഗെയിമുകൾ ഭക്ഷണ സ്റ്റാളുകൾ എന്നിവയുൾപ്പെടെയുള്ള ഫാമിലി എന്റർടെയ്ൻമെന്റുകൾ ശ്രദ്ധേയമായിരുന്നു.
ലോകകപ്പിനു പിന്നാലെ വരുന്നു, ഏഷ്യൻ കപ്പ്
ലോകകപ്പിനു പിന്നാലെ മറ്റൊരു പ്രമുഖ ഫുട്ബാൾ ടൂർണമെന്റിനുകൂടി വേദിയൊരുക്കാൻ കാത്തിരിക്കുകയാണ് ഖത്തർ. വൻകരയിലെ ചാമ്പ്യന്മാരെ നിർണയിക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളാണ് ചരിത്രത്തിൽ മൂന്നാംതവണ ഖത്തറിൽ വിരുന്നെത്തുന്നത്. 1988ലും 2011ലും ഏഷ്യൻ കപ്പിന് ദോഹ വേദിയൊരുക്കിയിരുന്നു. ഇക്കുറി നിലവിലെ ജേതാക്കളെന്ന പകിട്ടുമായാണ് ഖത്തർ വൻകരയിലെ സമുന്നത പോരാട്ടത്തിന്റെ കളത്തിലിറങ്ങുന്നത്. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ ഈ വർഷം 24 ദേശീയ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ആറുമാസം നീളുന്ന എക്സ്പോ
ലോകകപ്പിന് ശേഷം ഖത്തറിലെ ഏറ്റവും വലിയ രണ്ടാമത്തെ ആഗോള ഇവന്റായ എക്സ്പോ ആറു മാസം നീളുന്നതാണ്. 2023 ഒക്ടോബർ രണ്ടിന് തുടങ്ങി മുതൽ 2004 മാർച്ച് 28ന് അവസാനിക്കുന്ന എക്സ്പോ വിശാലമായ അൽ ബിദ്ദ പാർക്കിലാണ് നടക്കുന്നത്. 30 ലക്ഷത്തിലധികം പേർ എക്സ്പോയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ ഉൽപന്നങ്ങളും സേവനങ്ങളുമടക്കം പ്രദർശിപ്പിക്കാനായി 80 രാജ്യങ്ങളിൽനിന്നുള്ളവർ എക്സ്പോയിൽ പങ്കെടുക്കാനെത്തും. ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ ഖത്തർ ഒക്ടോബർ അഞ്ചു മുതൽ 14 വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലും നഗരത്തിലെ മറ്റ് ശ്രദ്ധേയ ഇടങ്ങളിലുമായി നടക്കും. ആഗോള ഓട്ടോമോട്ടിവ് വ്യവസായത്തിലെ പ്രമുഖരെ ഒന്നിച്ചണിനിരത്തുന്ന അത്യാധുനിക മോട്ടോർ ഷോ ആണിത്. ഇത്തരത്തിലുള്ള ആദ്യത്തെ ഷോ എന്ന നിലയിലാണ് ഇത് രൂപകൽപന ചെയ്തിട്ടുള്ളത്.
ലോക ശ്രദ്ധയാകർഷിക്കുന്ന 2023 ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ ഒക്ടോബർ ആറുമുതൽ എട്ടു വരെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും. 2023 സീസണിലെ ആറ് എഫ് വൺ സ്പ്രിന്റ് റേസുകളിൽ ഒന്നിന് ലുസൈൽ റേസ്ട്രാക്ക് വേദിയൊരുക്കും. ഗ്രാൻഡ് പ്രി ഓഫ് ഖത്തർ നവംബർ 17 മുതൽ 19 വരെ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിൽ നടക്കും.
‘ഷോപ് ഖത്തർ’, ഫുഡ് ഫെസ്റ്റിവൽ
ദോഹയിലെ പ്രശസ്ത ഷോപ്പിങ് മാളുകളെ കേന്ദ്രീകരിച്ച് ‘ഷോപ് ഖത്തർ’ സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയാണ് സംഘടിപ്പിക്കുന്നത്. അറബ് രാജ്യങ്ങളിലെയും ലോകത്തെയും മികച്ച സംഗീത കലാകാരന്മാരെ അരങ്ങിലെത്തിക്കുന്ന ‘ഖത്തർ ലൈവും’ വർഷാവസാനത്തോടെ നടക്കും. കഴിഞ്ഞ വർഷം, ലോകകപ്പ് ടൂർണമെന്റിനോട് അനുബന്ധിച്ച് നവംബർ 20 മുതൽ ഡിസംബർ 18 വരെയായാണ് ഇത് നടന്നത്. 12ാമത് ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ ഒരു വർഷത്തെ ഇടവേളക്കുശേഷം അൽ ബിദ പാർക്കിലും കോർണിഷ് റോഡിലുമായി നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കും. ലോകത്തെ വൈവിധ്യവും രുചികരവുമായ ഭക്ഷണങ്ങളുടെ കലവറ തുറക്കുന്ന ഫെസ്റ്റിവൽ, രാജ്യം ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിനാൽ കഴിഞ്ഞ വർഷം മാറ്റിവെച്ചിരുന്നു.
ബലൂൺ ഫെസ്റ്റിവലിൽ തുടക്കം
ഖത്തർ ബലൂൺ ഫെസ്റ്റിവൽ, കതാറ ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവൽ, ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ, എ.എഫ്.സി ഏഷ്യൻ കപ്പ്, എക്സ്പോ 2023 ദോഹ, ജനീവ ഇന്റർനാഷനൽ മോട്ടോർ ഷോ ഖത്തർ, ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി, ഖത്തർ ഗ്രാൻഡ് പ്രി, ഷോപ് ഖത്തർ, ഖത്തർ ലൈവ്, ഖത്തർ ഇന്റർനാഷനൽ ഫുഡ് ഫെസ്റ്റിവൽ തുടങ്ങിയവ ഖത്തർ കലണ്ടർ പ്രകാരമുള്ള ഇവന്റുകളിൽ ശ്രദ്ധേയമായവയാണ്.
ഏറെ ആകർഷകവും ജനപ്രിയവുമായ ഖത്തർ ബലൂൺ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പ് ജനുവരി 18 മുതൽ 28 വരെ ഓൾഡ് ദോഹ തുറമുഖത്ത് നടക്കും. ലോകമെമ്പാടുമുള്ള 50-ലധികം ഹോട്ട് എയർ ബലൂണുകൾ പങ്കെടുക്കും. രണ്ടാമത് കതാറ ഇന്റർനാഷനൽ അറേബ്യൻ ഹോഴ്സ് ഫെസ്റ്റിവലിന് ഫെബ്രുവരി രണ്ടുമുതൽ 12 വരെ കതാറ എസ് പ്ലനേഡാണ് വേദിയാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.