ലുലു ഹൈപ്പർമാർക്കറ്റിൽ ‘ലെറ്റ്സ് ഈറ്റാലിയൻ’ ഫെസ്റ്റിന് തുടക്കം
text_fieldsദോഹ: ഇറ്റാലിയൻ രുചി വൈവിധ്യങ്ങളും ഉൽപന്നങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ ‘ലെറ്റ്സ് ഈറ്റാലിയൻ ഫെസ്റ്റിവലിന്’ തുടക്കമായി. ഇറ്റാലിയൻ ട്രേഡ് ഏജൻസി (ഐ.ടി.എ)യുമായി സഹകരിച്ച് നടത്തുന്ന മൂന്നാമത് ‘ലെറ്റ്സ് ഈറ്റാലിയൻ ഫെസ്റ്റ്’ പേൾ ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇറ്റാലിയൻ അംബാസഡർ പൗലോ തോഷിയും ലുലു ഗ്രൂപ് ഇന്റർനാഷണൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫും ഉദ്ഘാടനം ചെയ്തു.
മേയ് 29 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിൽ ഖത്തറിലെ ഉപഭോക്താക്കൾക്ക് ഗുണനിലവാരമുള്ള ഇറ്റാലിയൻ ഉൽപന്നങ്ങളും പാചകവൈവിധ്യങ്ങളും പരിചയപ്പെടാനും സ്വന്തമാക്കാനുമുള്ള അവസരമാണ്. ഇറ്റലിയും ലുലു ഗ്രൂപ്പും തമ്മിൽ വീണ്ടും ഒന്നിക്കാനും, തങ്ങളുടെ ഉൽപന്നങ്ങൾ ഖത്തറിലെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഒരിക്കൽകൂടി അവസരം നൽകിയതിന് നന്ദി അറിയിക്കുന്നതായി അംബാസഡർ പൗലോ തോഷി പറഞ്ഞു. ഇറ്റാലിയൻ ഉൽപന്നങ്ങൾ വാങ്ങുകയും അനുഭവിക്കുകയും ചെയ്യുമ്പോൾ ഒരു ജീവിതശൈലി കൂടിയാണ് സ്വീകരിക്കുന്നതെന്നും, അതിന്റെ ഭാഗമാവാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായി ചേർന്ന് ഫെസ്റ്റിന് സൗകര്യമൊരുക്കി ഐ.ടി.എയെയും അദ്ദേഹം അഭിനന്ദിച്ചു.
ഡ്രൈ ഗ്രോസറി, കാൻഡ് ഫുഡ്സ് മുതൽ ചീസ്, പരമ്പരാഗത ഇറ്റാലിയൻ വിഭവങ്ങൾ എന്നിവയെല്ലാം ഖത്തറിലെ ഉപഭോക്താക്കളിലെത്തിക്കുകയാണ് ഈറ്റാലിയൻ ഫെസ്റ്റ്. മിലാൻ ആസ്ഥാനമായ സംസ്കരണ-കയറ്റുമതി കേന്ദ്രം വഴി ലുലു ഗ്രൂപ് നേരിട്ടാണ് ഉൽപന്നങ്ങളെത്തിക്കുന്നത്. ഖത്തറും ഇറ്റലിയും തമ്മിലെ വ്യാപാര ഇടപാടുകൾ ശക്തമാക്കുന്നതിലും നിർണായകം കൂടിയാണ് മിലാനിലെ ലുലു കേന്ദ്രം. സാംസ്കാരിക കൈമാറ്റത്തിലും ഈറ്റാലിയൻ ഫെസ്റ്റിവൽ പ്രധാന പങ്കുവഹിക്കുന്നു. ഓരോ ഇറ്റാലിയൻ ഭക്ഷണവും രുചിച്ചറിയുമ്പോൾ അതിനു പിന്നിലെ ചരിത്രവും പൈതൃകവും കൂടിയാണ് ഉപഭോക്താവിലേക്ക് പകരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.