ശുചിത്വം ഉറപ്പാക്കാൻ കൈകോർക്കാം
text_fieldsദോഹ: പൊതു ഇടങ്ങളിലെ ശുചിത്വവും ആരോഗ്യ സുരക്ഷയും ഉറപ്പാക്കാൻ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ കർമപദ്ധതിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. പൊതു നിരത്തുകളിലെ അനധികൃത വാഹന പാർക്കിങ്, ഉപേക്ഷിച്ച വാഹനങ്ങൾ റോഡരികിൽ നിർത്തിയിടൽ, നടപ്പാതകൾ തടസ്സപ്പെടുത്തിയുള്ള വാഹന പാർക്കിങ് എന്നിവ തടയുന്നതിനും, മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയുക, താമസയൂനിറ്റുകളിലെ അനധികൃത നിർമാണം, താമസ കേന്ദ്രങ്ങളിലെ പാർക്കിങ് എന്നിവ സംബന്ധിച്ച് സാമൂഹിക സംഘടനകളുടെ പിന്തുണയോടെ പൊതു ജനങ്ങളിൽ ബോധവത്കരണ പരിപാടികൾക്കാണ് തുടക്കം കുറിച്ചത്. ദോഹ മുൻസിപ്പാലിറ്റി മന്ത്രാലയം കാര്യാലയത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ രാജ്യങ്ങളിലെ സാമൂഹിക സംഘടന പ്രതിനിധികൾ പങ്കെടുത്തു.
സാമൂഹിക സംഘടനകളുടെ സഹായത്തോടെ പൊതു ജനങ്ങളിലേക്ക് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം. പൊതുശുചിത്വം, വൃത്തിയുള്ള പരിസരം, ആരോഗ്യകരമായ ജീവിത സാഹചര്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യം വെച്ചാണ് വിവിധ നിർദേശങ്ങൾ നടപ്പാക്കുന്നത്.
അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള നടപടികൾക്കെതിരെ ശക്തമായ പിഴ ചുമത്തുമെന്നും അധികൃതർ അറിയിച്ചു. റോഡുകള്‍, നടപ്പാതകള്‍, പൊതു ഇടങ്ങള്‍ എന്നിവ ഉപയോഗശൂന്യമായതോ പൊടിപിടിച്ചതുമായ വാഹനങ്ങളാല്‍ മലീമസമാക്കുക, ലൈസന്‍സില്ലാതെ താല്‍ക്കാലിക കെട്ടിടങ്ങള്‍ കൈവശം വെക്കുക, വിവേചനമില്ലാതെ മാലിന്യം വലിച്ചെറിയുക, കെട്ടിടങ്ങള്‍ വൃത്തികേടാക്കുക തുടങ്ങിയവ ഇല്ലാതാക്കാന്‍ ബോധവത്കരണവും ഇടപെടലും സാമൂഹിക സംഘടനകള്‍ കൂടി നടത്തേണ്ടതുണ്ടെന്ന് മുനിസിപ്പല്‍ അധികൃതര്‍ ആവശ്യപ്പെട്ടു.
സാമൂഹിക സംഘടനകളുടെ പങ്കാളിത്തത്തോടെ വിവിധ പ്രദേശങ്ങളില്‍ ഇക്കാര്യം പരസ്യപ്പെടുത്തി ബോധവത്കരണം നടത്തുന്നതിനു പുറമെ വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള ശ്രമവുമുണ്ടാവുമെന്നും വ്യക്തമാക്കി.
വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ദോഹ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ സാലിം അല്‍ഷാഫി, ദോഹ മുനിസിപ്പാലിറ്റി പൊതു നിയന്ത്രണ വിഭാഗം മേധാവി ഹമദ് സുല്‍ത്താന്‍ അല്‍ഷഹ്‌വാനി എന്നിവരും സംസാരിച്ചു.
പഴയ വാഹനങ്ങൾ പൊതുസ്ഥലങ്ങളിൽ നിർത്തരുത്
ഉപയോഗശൂന്യമായതോ പഴകിയതോ ആയ ട്രക്കുകളും മറ്റു വാഹനങ്ങളും റോഡുകളിലും പൊതുചത്വരങ്ങളിലും നിര്‍ത്തിയിട്ട് പോവുന്നത് മുനിസിപ്പല്‍ നിയമങ്ങളുടെ ലംഘനമാണെന്ന് അറിയിച്ചു. ഇക്കാര്യത്തില്‍ ശക്തമായ ബോധവത്കരണം നടത്തും. ഖത്തറിന്റെ പൊതുസൗന്ദര്യത്തെ ബാധിക്കുന്നുവെന്നത് മാത്രമല്ല പാരിസ്ഥിതിക നാശത്തിനും ഇത് കാരണമാവുന്നുണ്ടെന്ന് ദോഹ മുനിസിപ്പാലിറ്റി ഡയറക്ടര്‍ മന്‍സൂര്‍ അജ്‌റാന്‍ അല്‍ ബുഐനൈന്‍ പറഞ്ഞു. ഉപയോഗ ശൂന്യമായതോ നിയമപ്രശ്‌നങ്ങള്‍ നേരിടുന്നതോ ആയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ നിയുക്ത പ്രദേശങ്ങള്‍ മന്ത്രാലയം നിർദേശിക്കുന്നുണ്ട്. തെറ്റായ സ്ഥലങ്ങളിൽ വാഹനം നീക്കം ചെയ്യാൻ മുന്നറിയിപ്പ് നൽകും. 24 മണിക്കൂറിനകം നീക്കൻ ചെയ്യാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകുക.
മാലിന്യം വലിച്ചെറിയരുത്
അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടതായും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. നിശ്ചയിക്കപ്പെട്ട ബിന്നുകളിൽ മാത്രമാണ് മാലിന്യങ്ങൾ നിക്ഷേപിക്കേണ്ടത്.
പാര്‍പ്പിട കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും നിർദേശിച്ചു. കെട്ടിടങ്ങൾക്കും വീടുകൾക്കും മുന്നിലും ബാല്‍ക്കണിയും വികൃതമാക്കരുത്. കുടുംബങ്ങള്‍ കൂടുതല്‍ അധിവസിക്കുന്ന കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ക്ക് കൂട്ടത്തോടെ പാര്‍പ്പിടമൊരുക്കുന്നതും നിയമവിരുദ്ധമാണ്- അധികൃതര്‍ വിശദീകരിച്ചു. താമസ സ്ഥലങ്ങളിൽ ശേഷിയേക്കാൾ കൂടുതൽപേർ തിങ്ങി താമസിക്കുന്നതും ഒഴിവാക്കണം.
ഇത്തരം കേസുകളിൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കും. ഫ്ലാറ്റുകളും വില്ലകളും അനധികൃതമായി ഭാഗിച്ചുകൊണ്ട് നിർമാണം നടത്തുന്നതും നിയമലംഘനമാണ്. ഇത്തരം സന്ദർഭങ്ങളിൽ കെട്ടിട ഉടമക്കും വാടകക്കാരനും എതിരെ നടപടി സ്വീകരിക്കും. കൂടുതൽ പണമുണ്ടാക്കാനുള്ള ശ്രമമായാണ് അനധികൃത ഭാഗിക്കൽ നടക്കുന്നത്.
ഇത് കെട്ടിടങ്ങളുടെയും താമസക്കാരുടെയും സുരക്ഷയെ ബാധിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.