ഇന്റർനാഷനൽ സർക്യൂട്ടിൽ കുതിച്ചു പായാം; ലുസൈലിലേക്ക് സ്വാഗതം
text_fieldsലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലെ സൈക്ലിങ്
ദോഹ: ലൂയി ഹാമിൽട്ടനും, മാക്സ് വെസ്റ്റപ്പനും ഉൾപ്പെടെ ഫോർമുല വൺ കാറോട്ടത്തിലെ സൂപ്പർ താരങ്ങൾ മിന്നൽ വേഗത്തിൽ കുതിച്ചു പാഞ്ഞ ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലൂടെ ഒന്ന് മിന്നാൻ മോഹമുണ്ടോ...?. അതിവേഗ ട്രാക്കിനെ പൊതുജനങ്ങൾക്കായി തുറന്നു നൽകാൻ ഒരുങ്ങുകയാണ് ലുസൈൽ സർക്യൂട്ട് അധികൃതർ. റമദാനിൽ നടക്കുന്ന കമ്യൂണിറ്റി പരിപാടികളിൽ സൈക്ലിങ്, കാർ റേസിങ്, മോട്ടോർ സൈക്കിൾ റൈഡർമാർക്കാണ് അവസരം.
കാർ ട്രാക്ക് ഡേയ്സ്
ഫോർമുല വൺ, വേൾഡ് എൻഡുറൻസ് ചാമ്പ്യൻഷിപ് (ഡബ്ല്യൂ.ഇ.സി) തുടങ്ങി ലോകോത്തര മത്സരങ്ങൾക്ക് വേദിയാകുന്ന ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലെ 5.38 കിലോമീറ്റർ സർക്യൂട്ടിൽ ഡ്രൈവ് ചെയ്യാൻ കാറോട്ട പ്രേമികൾക്ക് അവസരം. മാർച്ച് 20 വ്യാഴം വൈകുന്നേരം 7.30 മുതൽ രാത്രി 11.45 വരെയാണ് ഡ്രൈവ് ചെയ്യാനുള്ള എൽ.ഐ.സിയുടെ ക്ഷണം. പിറ്റ്ബോക്സ് 50ലാണ് ചെക്ക് ഇൻ ചെയ്യേണ്ടത്. സുരക്ഷ കാരണത്താൽ പങ്കെടുക്കുന്നവരെ രണ്ട് ഗ്രൂപ്പുകളാക്കി തിരിക്കുകയും ഓരോ ടീമിനും മൂന്ന് 20 മിനിറ്റ് വീതം ഒരു മണിക്കൂർ ട്രാക്ക് ടൈം നൽകുകയും ചെയ്യും.
രാത്രിയിൽ ഓരോ വാഹനത്തിനും പ്രവേശന ഫീസ് 900 റിയാലും യാത്രക്കാരന് അധികമായി 250 റിയാലും നൽകണം. ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും പ്രവേശനം.
മോട്ടോർസൈക്കിൾ ട്രാക്ക് ഡേയ്സ്
2004 മുതൽ മോട്ടോ ജിപിയുടെ പ്രധാന ഭാഗമായ 16 ടേൺ സർക്യൂട്ട് അനുഭവിക്കാനുള്ള അവസരം എൽ.ഐ.സി റമദാൻ കമ്യൂണിറ്റി പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഡ്രൈവർക്ക് വാഗ്ദാനം ചെയ്യുന്നു. മാർച്ച് 21 വെള്ളി വൈകുന്നേരം 7.30 മുതൽ രാത്രി 11.45 വരെയാണ് സമയം. ചെക്ക് ഇൻ പിറ്റ്ബോക്സ് 50ൽ.
റൈഡർമാരെ രണ്ട് ഗ്രൂപ്പുകളായി വിഭജിക്കുകയും ഓരോ ഗ്രൂപ്പിനും മൂന്ന് 20 മിനിറ്റ് സെഷനുകൾ നൽകുകയും ചെയ്യാം. ട്രാക്ക് സമയം ഒരു മണിക്കൂർ. മോട്ടോർ സൈക്കിളിന് പ്രവേശന ഫീസ് 900 റിയാലാണ്. പകൽ സമയത്തെ ഫീസ് പിന്നീട് പ്രഖ്യാപിക്കും. ഔദ്യോഗിക പോർട്ടൽ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
സൈക്ലിങ് ഡേയ്സ്
ഖത്തർ സൈക്ലിങ് ഫെഡറേഷനുമായി സഹകരിച്ച് പ്രത്യേക സൈക്ലിങ് പരിപാടിയും എൽ.ഐ.സി ആസൂത്രണം ചെയ്തിട്ടുണ്ട്. മിക്സഡ് സൈക്ലിങ് ഡേയ്സ് മാർച്ച് 15 ശനിയാഴ്ച വൈകുന്നേരം ആറ് മുതൽ രാത്രി 8.30 വരെ നടക്കും. റമദാൻ സൈക്ലിങ് വ്യക്തിഗത സമയ ട്രയൽ അന്നേ ദിവസം രാത്രി ഒമ്പതിന് ആരംഭിക്കും.
വനിതകൾക്കായി മാർച്ച് 25 തിങ്കൾ വൈകുന്നേരം ആറ് മുതൽ 8.30 വരെ നടക്കും. പങ്കെടുക്കുന്നവർ സൈറ്റിലെത്തി ഐ.ഡി കാർഡ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
മാർച്ച് 15ലെ മിക്സഡ് പരിശീലന പരിപാടികൾക്ക് ശേഷം ലുസൈൽ സർക്യൂട്ടിലെ ഏറ്റവും വേഗമേറിയ സൈക്ലിസ്റ്റിനെയും പ്രഖ്യാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.