പരിസ്ഥിതി സംരക്ഷണത്തിന് ഒന്നിക്കാം
text_fieldsദോഹ: കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാനും ജൈവവൈവിധ്യ സംരക്ഷണവും ലക്ഷ്യമിടുന്ന ‘പരിസ്ഥിതി പയനിയേഴ്സ്’ പദ്ധതിയുമായി മന്ത്രാലയം രംഗത്ത്. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി പരിസ്ഥിതി വെല്ലുവിളികൾ കൂട്ടായ ശ്രമത്തിലൂടെ നേരിടുകയെന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന പദ്ധതി പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രി ശൈഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹ്മദ് ബിൻ അലി ആൽഥാനി ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ പരിസ്ഥിതിയും ജൈവ വൈവിധ്യവും സംരക്ഷിക്കാനും നിലനിർത്താനും പൗരന്മാരെയും താമസക്കാരെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ മാർഗങ്ങൾ മുഖേന രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷണമാണ് ‘എൻവയൺമെന്റൽ പയനിയേഴ്സ്’ ലക്ഷ്യമിടുന്നത്. മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റിൽ ഖത്തർ സ്റ്റേറ്റിലെ പരിസ്ഥിതി പയനിയർമാരുടെ പേരുകൾ, രാജ്യത്തെ പരിസ്ഥിതി പ്രശ്‌നങ്ങൾക്കായി അവർ അവതരിപ്പിച്ച സംരംഭങ്ങൾ എന്നിവ വിശദമാക്കുന്ന സേവനവും ലഭ്യമാകും.
കാലാവസ്ഥ വ്യതിയാനം, സുസ്ഥിര വികസനം, പരിസ്ഥിതി നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ വിവിധ മേഖലകളിൽ പൗരന്മാരെയും മറ്റും ചേർത്തുപിടിച്ച് കൂട്ടായ മുന്നേറ്റമാണ് പദ്ധതിയിലൂടെ സ്വപ്നം കാണുന്നത്.മാറുന്ന കാലത്ത് പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമെന്ന നിലയിൽ ജനങ്ങളെ ബോധവത്കരിക്കുകകൂടി പയനിയേഴ്സിന്റെ ദൗത്യമാണ്. അവരുടെ സേവനങ്ങൾ അംഗീകരിക്കപ്പെടുകയും ചെയ്യും.
ഉദ്ഘാടനത്തിന്റെ ഭാഗമായി മരുഭൂമിയിൽ ഒരുക്കിയ ഒലാഫുർ എലിയാസണിന്റെ ‘ദ ക്യൂരിയസ് ഡെസർട്ട്’ എക്സിബിഷനും മന്ത്രി സന്ദർശിച്ചു. കലയും ദൃശ്യവിസ്മയവുമായി സന്ദർശകരിൽ പരിസ്ഥിതി ചിന്തകൾ ഉണർത്തുന്നതും ഖത്തറിന്റെ സൗന്ദര്യം പ്രദർശിപ്പിക്കുന്നതുമാണ് എക്സിബിഷനെന്ന് അദ്ദേഹം പറഞ്ഞു. ഖത്തർ നാഷനൽ മ്യൂസിയവുമായി സഹകരിച്ച് അൽ ദാഖിറ മേഖലയിലാണ് ക്യൂരിയസ് ഡെസർട്ട് സോളോ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. ദോഹയിൽനിന്ന് 64 കി.മീ. അകലെ കണ്ടൽകാടുകൾ ഉൾപ്പെടുന്ന മേഖലയിലാണ് എക്സിബിഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.