പ്രാദേശിക പച്ചക്കറി വിൽപനയിൽ വർധന
text_fieldsദോഹ: പ്രാദേശിക പച്ചക്കറികളുടെ വിൽപനക്കായി ആരംഭിച്ച പച്ചക്കറി ചന്തകളിലെ വിൽപനയിൽ 21 ശതമാനം വർധന രേഖപ്പെടുത്തിയതായി അധികൃതർ. ഈവർഷം ഡിസംബറിൽ 1787 ടൺ പ്രാദേശിക പച്ചക്കറി ഉൽപന്നങ്ങളാണ് വിൽപന നടത്തിയത്. കഴിഞ്ഞവർഷം ഡിസംബറിൽ 1473 ടൺ പച്ചക്കറി ഉൽപന്നങ്ങളാണ് വിറ്റഴിച്ചിരുന്നത്.
അൽ മസ്റൂഅ, അൽഖോർ-അൽദഖീറ, അൽ ശമാൽ, വക്റ, അൽ ശീഹാനിയ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന പ്രാദേശിക പച്ചക്കറി ചന്തകളിൽ പ്രതിദിനം 149 ടൺ പച്ചക്കറി വിൽപന നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
വിളവെടുപ്പ് വർധിച്ചതിനാൽ വലിയ അളവിൽ പച്ചക്കറി ഉൽപന്നങ്ങളാണ് ചന്തകളിലേക്ക് എത്തുന്നതെന്നും മുനിസിപ്പാലിറ്റി മന്ത്രാലയം പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ഉരുളക്കിഴങ്ങ്, വിവിധ ഉള്ളികൾ, മത്തൻ, കാപ്സിക്കം, ഇലക്കറികൾ തുടങ്ങി നിരവധി ഉൽപന്നങ്ങളാണ് കർഷകരിൽ നിന്നും നേരിട്ട് ചന്തകളിലേക്കെത്തുന്നത്. പ്രാദേശികമായി ഉൽപാദിപ്പിക്കപ്പെട്ട പച്ചക്കറികൾ സ്വന്തമാക്കുന്നതിൽ സ്വദേശികളും താമസക്കാരുമായി നിരവധി ഉപഭോക്താക്കളാണ് പച്ചക്കറി ചന്തകൾ സന്ദർശിക്കുന്നത്. പച്ചക്കറികൾക്കുപുറമെ, പഴങ്ങളും തേൻ, ഈത്തപ്പഴം, കൂൺ ഉൽപന്നങ്ങളും വിൽപനക്കായെത്തുന്നുണ്ട്. ഡിസംബറിൽ 500 ടൺ പഴ ഉൽപന്നങ്ങളാണ് വിറ്റഴിഞ്ഞത്. 783 കിലോഗ്രാം തേൻ, 947 കിലോഗ്രാം പ്രാദേശിക ഈത്തപ്പഴം എന്നിവയും ആറു ടണ്ണിലധികം കൂണും ഇക്കാലയളവിൽ വിൽപന നടത്തിയതായി മന്ത്രാലയം വ്യക്തമാക്കി. കർഷകർക്ക് സർക്കാർ നൽകുന്ന പിന്തുണയും പ്രോത്സാഹനവും കാർഷിക ഉൽപാദന വർധനവിൽ നിർണായക ഘടകമായിട്ടുണ്ട്.
അൽ മസ്റൂഅ ഒഴികെ എല്ലാ ചന്തകളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കാറുണ്ട്. അൽ മസ്റൂഅ കാർഷിക ചന്ത നിലവിൽ ഉംസലാൽ സെൻട്രൽ മാർക്കറ്റിലാണ് പ്രവർത്തിക്കുന്നത്. അൽഖോറിനും ദഖീറക്കും ഇടയിലാണ് അൽഖോർ-ദഖീറ ചന്ത പ്രവർത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.