ലോഗോസ് ഹോപ് ഖത്തറിലേക്കില്ല
text_fieldsദോഹ: കടലിലൂടെ ഒഴുകുന്ന പുസ്തകശാലയെന്ന വിശേഷണമുള്ള ലോഗോസ് ഹോപ് കപ്പൽ ഇത്തവണ ദോഹയിലേക്കില്ല. ജൂൺ 25ന് ദോഹ തുറമുഖത്ത് എത്തുമെന്ന് അറിയിച്ച കപ്പലിന്റെ ഖത്തറിലെ സന്ദർശനം റദ്ദാക്കിയതായി ലോഗോ ഹോപ് വെബ്സൈറ്റിൽ അറിയിച്ചു. നിലവിൽ ബഹ്റൈൻ തീരത്തുള്ള പുസ്തകക്കപ്പൽ, ജൂലൈ ഒന്നുവരെ അവിടെ തുടരും. തുടർന്ന് ജൂലൈ മൂന്നുമുതൽ പത്തുവരെ കുവൈത്ത് സിറ്റിയിലാണ് അടുത്ത സ്റ്റേഷൻ.
ജൂൺ 22 മുതൽ ജൂലൈ രണ്ടുവരെ ദോഹ തീരത്ത് സന്ദർശകർക്കായി കാത്തിരിക്കുമെന്നായിരുന്നു നേരത്തേ അറിയിച്ചത്. എന്നാൽ, പിന്നീട് ജൂൺ 25ലേക്ക് മാറ്റിയെങ്കിലും തുടർന്ന് ദോഹ ഷെഡ്യൂൾ റദ്ദാക്കി സന്ദർശന പട്ടിക പുനഃക്രമീകരിക്കുകയായിരുന്നു. കുവൈത്ത്, മസ്കത്ത്, സലാല തുടങ്ങിയ മറ്റു ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങൾ കൂടി സന്ദർശിച്ച് കപ്പൽ ഈസ്റ്റ് ആഫ്രിക്ക വഴി യാത്ര തുടരും.
5000ത്തിലേറെ പുസ്തകങ്ങളും ലൈബ്രറി, വായനാ സൗകര്യവും, പുസ്തക വിൽപനയും വിവിധ പരിപാടികളും ഉൾപ്പെടുന്നതാണ് ലോഗോ ഹോപ്പിന്റെ ഓരോ തീരത്തെയും സന്ദർശനങ്ങൾ. നേരത്തെ, 2011 മാർച്ചിലും 2013 ഒക്ടോബറിലും ലോഗോസ് ഹോപ് ഖത്തർ തീരത്ത് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.