വോട്ടുചോദിച്ച് വീടുവീടാന്തരമൊരു പ്രചാരണം
text_fieldsദോഹ: രാവും പകലുമെന്നില്ലാതെ വീടുവീടാന്തരം കയറി വോട്ട് ചോദിക്കുകയെന്നത് ഓരോ തെരഞ്ഞെടുപ്പ് കാലത്തിന്റെയും ആവേശമാണ്. പ്രവാസ മണ്ണിലിരുന്ന് നാട്ടിലെ തെരഞ്ഞെടുപ്പ് കാലത്തെ നോക്കിക്കാണുന്ന മലയാളിക്കാണെങ്കിൽ ആ ഓർമകൾ കൂടുതൽ ഗൃഹാതുരമായി മാറും. വോട്ടുനാൾ അടുത്തെത്തുമ്പോൾ നാട്ടിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താൻ കഴിയാത്തവരാണ് ഭൂരിപക്ഷം പ്രവാസികളും. എന്നാൽ, ആവേശത്തിന് ഒട്ടും കുറവില്ല. നാട്ടിലെ തെരഞ്ഞെടുപ്പ് ചൂടിനെ, അതേ വേഗത്തിൽ ഉൾക്കൊണ്ട് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ഒരുപിടി പ്രവാസികളെ ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളിലും കാണാം.
വോട്ട് ചേർക്കലും, നാട്ടിൽ വിളിച്ച് വോട്ടുറപ്പിക്കലും, തെരഞ്ഞെടുപ്പ് അടുത്താൽ വോട്ടുവിമാനം ഒരുക്കലുമായി നീളുന്ന പതിവ് പ്രവാസ വോട്ടാവേശത്തിന്റെ മറ്റൊരു പതിപ്പാണ് ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ഖത്തറിൽ കാണുന്നത്. വീടുകൾ കയറിയിറങ്ങി വോട്ടു ചോദിക്കുന്ന നാട്ടുശീലം പ്രവാസ മണ്ണിലും അതേപടി പകർത്തിയിരിക്കുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിൽ ഏറ്റവും കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിക്കുന്ന വടകര മണ്ഡലത്തിൽ ഉൾപ്പെടുന്ന, കെ.എം.സി.സി വടകര മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിലാണ് പ്രവാസികൾ താമസിക്കുന്ന വീടുകളും, വില്ലകളും ഫ്ലാറ്റുകളും കയറിയിറങ്ങി വോട്ടഭ്യർഥിക്കുന്നത്. കെട്ടിലും മട്ടിലും നാട്ടിലെ അതേ പ്രചാരണം പോലെ തന്നെ.
സ്ഥാനാർഥിയുടെ ചിത്രം പതിച്ച്, ഗൃഹസന്ദർശനം എന്നെഴുതിയ വട്ടത്തൊപ്പിയും, കൈയിൽ വോട്ടഭ്യർഥിച്ചുകൊണ്ടുള്ള ലഘുലേഖയുമെല്ലാമായി പ്രചാരണം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ഈ പുതുമയാർന്ന പ്രചാരണത്തിന് തുടക്കം കുറിച്ചതെന്ന് നേതൃത്വം നൽകുന്ന കെ.എം.സി.സി നേതാവും മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറുമായ അഫ്സൽ വടകര പറയുന്നു. 350-400 വീടുകൾ സന്ദർശിച്ച്, 2000ത്തോളം വോട്ടർമാരെ നേരിൽകണ്ട് വോട്ടഭ്യർഥിക്കുകയാണ് ലക്ഷ്യം. വെള്ളിയാഴ് ഉച്ചകഴിഞ്ഞു തുടങ്ങിയ ഗൃഹ സന്ദർശനത്തിൽ ആദ്യദിനം 43 വീടുകൾ കയറിയിറങ്ങി. ശനി,ഞായർ ദിവസങ്ങളിലും തുടർന്നു. സന്ദർശനത്തിന്റെ ഫലമായ രണ്ടു ദിവസത്തേക്കു മാത്രം നാട്ടിലെത്തി വോട്ടു ചെയ്യാനും നിരവധി പേർ തയാറായതായി അഫ്സൽ വടകര ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
വടകര മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് വോട്ട് അഭ്യർഥിക്കുക എന്നതിനപ്പുറം, ഫാഷിസത്തിനെതിരെ ഓരോ വോട്ടും രേഖപ്പെടുത്തി ഇന്ത്യയെ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ പങ്കുചേരുകയെന്നതാണ് വോട്ടർമാർക്കു നൽകുന്ന സന്ദേശമെന്ന് ഇവർ ഒന്നിച്ചു പറയുന്നു. 30ഉം 40ഉം പേർ താമസിക്കുന്ന ബാച്ചിലർ വില്ലകളും ഫ്ലാറ്റുകളും മുതൽ കുടുംബസമേതം താമസിക്കുന്ന വീടുകളിലുമെല്ലാം സംഘം കയറിയിറങ്ങുന്നു. വെള്ളിയാഴ്ച, നുഐജയിൽ തുടങ്ങിയ ഗൃഹ സന്ദർശനം വടകരക്കാർ താമസിക്കുന്ന നഴ്സറി വില്ലയിൽ കെ.എം.സി.സി അഡ്വൈസറി വൈസ് ചെയർമാനും യു.ഡി.എഫ് വടകര പാർലമെന്റ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ നാസർ നാച്ചി ഉദ്ഘാടനം ചെയ്തു. കെ.പി. ഷംസുദ്ദീൻ, എം.വി. തയ്യിബ്, എം. യാസീൻ, കെ.വി. ലത്തീഫ്, എം. ഹൈദർ, എം.വി. മുസമ്മിൽ, എം.പി. നബീൽ, വി. ഹലീം, എ. കെ. അബ്ദുറഹിമാൻ, കെ.ടി. ഹമ്രാസ്, എം.സി. നയീം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.