വോട്ടുയാത്ര ജോർ; കുറഞ്ഞ നിരക്ക് അനുഗ്രഹമായി
text_fieldsദോഹ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം വോട്ടുചെയ്യാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ, നാട്ടിലെത്താൻ ഒരുങ്ങുന്ന പ്രവാസികൾക്ക് അനുഗ്രഹമായി എയർലൈൻ കമ്പനികളുടെ കുറഞ്ഞ നിരക്ക്. സാധാരണ, തിരക്കേറുന്ന സീസണുകളിൽ ഉയർന്ന ടിക്കറ്റ് നിരക്കുമായി യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനകമ്പനികൾ സന്മനസ്സു കാണിച്ചെന്ന് ആശ്വസം കൊള്ളുകയാണ് പ്രവാസികൾ. മുൻ തെരഞ്ഞെടുപ്പുകളിൽ വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചാർട്ടർ വിമാനങ്ങൾ ബുക്ക് ചെയ്താണ് വോട്ടു വിമാനങ്ങൾ പറന്നതെങ്കിൽ, ഇത്തവണ ടിക്കറ്റ് നിരക്ക് കുറഞ്ഞത് സൗകര്യമായെന്ന് പ്രവാസി സംഘടനാ പ്രവർത്തകർ പറയുന്നു. ചാർട്ടർ വിമാനത്തേക്കാൾ, കുറവാണ് റെഗുലർ യാത്രാ വിമാനങ്ങളിലെ നിരക്ക് എന്നതും സീകാര്യമായി.
കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നും പ്രവാസി വോട്ടർമാർ നാടുകളിലേക്ക് പറന്നു തുടങ്ങിയിട്ടുണ്ട്. വാരാന്ത്യ അവധി ദിനത്തിലാണ് വോട്ടെടുപ്പ് എന്നതിനാൽ വ്യാഴാഴ്ചകളിലും കൂടുതൽ പേർ യാത്രക്കൊരുങ്ങുന്നു. 400 -600 റിയാലിലാണ് ദോഹ -കൊച്ചി സെക്ടറിലേക്ക് വ്യാഴാഴ്ചത്തെ ടിക്കറ്റ് നിരക്ക്. രാവിലെ പുറപ്പെടുന്ന ഇൻഡിഗോക്ക് കഴിഞ്ഞ ദിവസം 400 റിയാലാണുള്ളത്. എയർ ഇന്ത്യക്ക് 500ഉം, എയർ ഇന്ത്യ എക്സ്പ്രസിന് 570ഉം ഖത്തർ എയർവേസിന് 700 റിയാലുമാണ് നിരക്ക്. ഇത്തിഹാദ്, ഒമാൻ എയർ, ശ്രീലങ്കൻ എയർ ഉൾപ്പെടെ വിവിധ വിദേശ വിമാന കമ്പനികളും സമാന നിരക്കുതന്നെയാണ് ഈ ദിവസങ്ങളിൽ ഈടാക്കുന്നത്. ഇതേ ദിവസം ദോഹ -കോഴിക്കോട് സെക്ടറിൽ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലും 500 റിയാൽ നിരക്കിലാണ് ടിക്കറ്റുകൾ. നേരത്തെ ട്രാവൽസുകളുമായി ചേർന്ന് ഗ്രൂപ് ടിക്കറ്റുകൾ ഉൾപ്പെടെ പദ്ധതികൾ വിവിധ കമ്യൂണിറ്റി കൂട്ടായ്മകൾ ആസൂത്രണം ചെയ്തുവെങ്കിലും ഓൺലൈനിൽ തന്നെ കുറഞ്ഞ നിരക്ക് ലഭ്യമായതോടെ തീരുമാനം മാറ്റുകയായിരുന്നുവെന്ന് ഖത്തറിൽ നിന്നുള്ള ഒരു യാത്രക്കാരൻ പറഞ്ഞു. കെ.എം.സി.സി ഉൾപ്പെടെ വിവിധ സംഘടനകൾ വോട്ടുചെയ്യാനായി നാട്ടിലേക്ക് പോകുന്ന പ്രവർത്തകർക്ക് ടിക്കറ്റിന്റെ നിശ്ചിത ശതമാനം സഹായമായും വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ യാത്രക്കാർ വടകര പാർലമെന്റ് മണ്ഡലം പരിധിയിൽ നിന്നുള്ളവരാണെന്നതും ശ്രദ്ധേയം.
പെരുന്നാളും വിഷുവും കഴിഞ്ഞതോടെ നാട്ടിലേക്കുള്ള യാത്ര എയർലൈൻ കമ്പനികൾക്ക് ഓഫ് സീസൺ ആണ്. ഇതാണ്, വോട്ടുയാത്രക്കാർക്ക് സൗകര്യമായതെന്ന് ട്രാവൽ മേഖലയിലുള്ളവർ വ്യക്തമാക്കുന്നു. അതേസമയം, വോട്ടെടുപ്പിനു പിന്നാലെ തിരികെയുള്ള യാത്രക്ക് വിലയേറും. മേയ് ആദ്യ വാരം വരെ ഉയർന്ന നിരക്കാണുള്ളത്. ഇത്തവണ കേരളത്തിലെ വോട്ടർപട്ടികയിൽ 89,839 പ്രവാസി വോട്ടർമാരാണുള്ളത്. 6,065 സ്ത്രീ വോട്ടർമാർ ഉൾപ്പെടെയാണിത്. കോഴിക്കോട്ടുകാരാണ് കൂടുതലുമുള്ളത്. 35,793 പേർ. തൊട്ടുപിന്നിലുള്ള മലപ്പുറത്തും കണ്ണൂരിലും യഥാക്രമം 15,121ഉം 12,876ഉം പ്രവാസി വോട്ടർമാരാണുള്ളത്. വയനാട്ടിൽ നിന്നും 779 പ്രവാസി വോട്ടർമാരാണുള്ളത്. ഏറ്റവും കുറവ് ഇടുക്കിയിലാണ്. 325 പ്രവാസി വോട്ടർമാരാണ് ഇവിടെയുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.