ലുസൈലിലെ അതിശയം കാണാം
text_fieldsദോഹ: വരുംനാളിൽ ഖത്തർ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്താൻ ഒരുങ്ങുന്ന ലുസൈലിലെ അത്ഭുതം കാണണോ...? നിർമാണത്തിലും രൂപകൽപനയിലും ഉള്ളടക്കത്തിലും അതിശയിപ്പിക്കാൻ ഒരുങ്ങുന്ന ലുസൈൽ മ്യൂസിയം നിർമാണം പ്രാരംഭ ഘട്ടത്തിലാണെങ്കിലും ഈ അത്ഭുത മ്യൂസിയം എങ്ങനെയാവുമെന്ന് കാണാൻ ഇപ്പോൾ അവസരമുണ്ട്. ലോകകപ്പിന് മുമ്പായി അൽ റിവാഖ് ഗാലറിയിൽ ആരംഭിച്ച ‘ലുസൈൽ മ്യൂസിയം; ടെയ്ൽസ് ഓഫ് എ കണക്റ്റഡ് വേൾഡ്’ പ്രദർശനം ഇനി ഏതാനും ദിവസം കൊണ്ട് അവസാനിക്കും.
ലുസൈൽ സ്റ്റേഡിയത്തെയും നഗരത്തെയും ഖത്തറിലെ വിവിധ മ്യൂസിയങ്ങളെയും പോലെ അതിശയിപ്പിക്കുന്ന ‘ലുസൈൽ മ്യൂസിയം’ എങ്ങനെയിരിക്കുമെന്ന് അടുത്തറിയാൻ സന്ദർശകർക്കുള്ള അവസരം കൂടിയാണിത്. അൽ റിവാഖ് ഗാലറിയിലെ പ്രദർശനം ഏപ്രിൽ 29ന് അവസാനിക്കും.
ലോകോത്തര ആർകിടെക്ടും പ്രിറ്റ്സ്കർ പ്രൈസ് പുരസ്കാര ജേതാക്കളുമായ ഹെർസോഗ് ആൻഡ് ഡി മ്യൂറോൺ ആണ് മ്യൂസിയം ഡിസൈൻ ചെയ്തിരിക്കുന്നത്. കടലിനാൽ ചുറ്റപ്പെട്ട ഖത്തറിന്റെ പുതു വിനോദകേന്ദ്രമായ ലുസൈലിലെ അൽ മഹ ഐലൻഡിലാണ് മ്യൂസിയം നിർമിക്കുന്നത്. ലുസൈൽ സിറ്റിയിൽ ഖത്തറിന്റെ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ആൽഥാനിയുടെ ആദ്യകാല കോട്ടക്ക് അരികിലായാണ് നിർമാണം നടത്തുന്നത്. മ്യൂസിയം നിർമാണം പൂർത്തിയാവുന്നതോടെ ഖത്തറിന്റെ വികസന പദ്ധതികളിലെ അടുത്ത ഘട്ടം എന്നായിരുന്നു ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ മയാസ ബിൻത് ഹമദ് ആൽഥാനി വിശേഷിപ്പിച്ചത്.
പാരമ്പര്യവും പൈതൃകവും സംസ്കാരവും എല്ലാം ഉൾക്കൊള്ളുന്നതാണ് മ്യൂസിയത്തിന്റെ മാതൃകയും ഉള്ളടക്കവുമെല്ലാം. ഖത്തറിന്റെ ഭാവിനഗരമായി ലോകശ്രദ്ധനേടാൻ ഒരുങ്ങുന്ന ലുസൈലിൽ ഏറ്റവും ശ്രദ്ധേയ നിർമിതി കൂടിയാവും ഈ മ്യൂസിയം. പഴയ സൂഖിനെ മാതൃകയാക്കിയാണ് ഓരോ ഭാഗവും രൂപകൽപന ചെയ്തിരിക്കുന്നത്. ആശയങ്ങള്‍, കൂടിക്കാഴ്ചകള്‍, സംവാദങ്ങള്‍, കൈമാറ്റം, ഐഡന്റിറ്റി എന്നിവയുടെ ഇടമായിരിക്കുമെന്ന് പറഞ്ഞു.
വരാനിരിക്കുന്ന മ്യൂസിയത്തില്‍ ലോകമെമ്പാടുമുള്ള കലാരൂപങ്ങള്‍ ഉണ്ടെന്ന് ഡയറക്ടര്‍ ഡോ. സേവ്യര്‍ ഡിക്ടോട്ട് നേരത്തെ പറഞ്ഞിരുന്നു. മ്യൂസിയം മാതൃകയും, മ്യൂസിയത്തിൽ പ്രദർശനത്തിനു വെക്കാനായി ശേഖരിച്ച നിരവധി കൗതുക വസ്തുക്കളും റിവാഖ് ഗാലറിയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ഖത്തര്‍ മ്യൂസിയത്തിന്റെ പെയിന്റിങ്ങുകള്‍, ഡ്രോയിങ്ങുകള്‍, ശില്പങ്ങള്, ഫോട്ടോഗ്രാഫികള്‍, അപൂര്‍വ ഗ്രന്ഥങ്ങള്‍, അലങ്കാര കലകള്‍ എന്നിവയുടെ വിപുലമായ ശേഖരത്തില്‍നിന്ന് തിരഞ്ഞെടുത്ത 247 വസ്തുക്കളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാസ്തുവിദ്യാ രൂപകല്പന, ലോകോത്തര കലകളുടെ ശേഖരം എന്നിവയുടെ പ്രിവ്യൂ ആയ പ്രദര്‍ശനം, ആധുനികവും പരമ്പരാഗതവുമായ കലകളെ സമന്വയിപ്പിച്ച് ആഴത്തിലുള്ള, സംവേദനാത്മക ഡിജിറ്റല്‍ ട്രയല്‍ ആണ് അവതരിപ്പിക്കുന്നത്.
‘അൺ കവറിങ് ഓറിയന്റലിസം’ എന്നപേരിൽ ഓറിയന്റലിസ്റ്റ് പെയിന്റിങ്ങുകളുടെ ശേഖരമാണ് മ്യൂസിയത്തിന്റെ മറ്റൊരു സവിശേഷത. എട്ട് വിഭാഗങ്ങളുള്ള പ്രദര്‍ശനത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഒരു നഗരമായി ലുസൈലിന്റെ ഭൂതകാലവും വര്‍ത്തമാനവും ഭാവിയും അടിവരയിടുന്നു.
പ്രവേശനം
വൺ പാസുള്ളവർക്കും 16 വയസ്സിന് താഴെയുള്ളവർക്കും സൗജന്യമാണ് പ്രവേശനം. 50 റിയാലാണ് ടിക്കറ്റ് നിരക്ക്. ഓൺലൈൻ വഴി നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യാനും അവസരമുണ്ട്.-2022 ഒക്ടോബർ 24ന് തുടങ്ങിയ പ്രദർശനം ഏപ്രിൽ 29ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.