മഴ തേടിപ്പിടിക്കണോ.. ‘കേരള റെയിൻ ഫോർകാസ്റ്റർ’ വഴികാട്ടും
text_fieldsദോഹ: ‘ഇപ്പോൾ ദോഹ, വക്റ, ലുസൈൽ ഭാഗങ്ങളിലുള്ളവർ ശഹാനിയ റോഡ് എടുത്ത് പോയാൽ മതി. ശഹാനിയ റോഡ് എത്തുന്നതിന് മുമ്പേ മഴ തുടങ്ങും. അത്ര തീവ്രമാകില്ലെങ്കിലും 15 മിനിറ്റിനുള്ളിൽ ദോഹ, ലുസൈൽ ഭാഗങ്ങളിലും മഴ പെയ്യും’... രാവിലെ ആറുമണിക്കു മുമ്പ് കമാൻഡറുടെ വോയ്സ് മെസേജ് ഗ്രൂപ്പിലെത്തുന്നമുറക്ക് മഴ തേടി ആളുകൾ ഇറങ്ങുകയായി. പിന്നെ, പ്രവചനങ്ങൾക്കൊപ്പം മഴ പെയ്തുതുടങ്ങുമ്പോൾ ‘കേരള റെയിൻ ഫോർകാസ്റ്റർ’ എന്ന ഗ്രൂപ്പിൽ മഴക്കാഴ്ചകളുടെ ചിത്രങ്ങളും വിഡിയോയുമൊക്കെ നിറയുകയായി. അതിനിടയിൽ ‘കമാൻഡർ, നിങ്ങൾ ദുബൈക്കാരനാണോ?’ എന്ന് അതിശയത്തോടെ ചോദിക്കുന്നുണ്ട് ചിലർ. എവിടെയൊക്കെ മഴയുണ്ടാകുമെന്ന് തുരുതുരാ സംശയങ്ങളും ചോദ്യങ്ങളുമെത്തുന്നതിനിടയിൽ വ്യക്തിപരമായ ചോദ്യങ്ങൾക്ക്, മറുപടി പറയാനൊന്നും ഗ്രൂപ് അഡ്മിനായ കമാൻഡർക്ക് സമയം കിട്ടുന്നില്ല. ഖത്തറിലെ മഴസാധ്യതയെക്കുറിച്ച് മറുപടികൾ നൽകുന്നതിനിടയിൽ യു.എ.ഇയിൽ മഴമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങിയതോടെ ഒരു ഷോർട്ട് ബ്രേക്.
കണ്ണൂർ മുണ്ടേരിമൊട്ട സ്വദേശിയായ കെ.പി. സജ്ജാദ് ആണ് മഴ മേഘങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ‘കമാൻഡർ’. ‘കേരള റെയിൻ ഫോർകാസ്റ്റർ’ ഗ്രൂപ് യു.എ.ഇക്കുപിന്നാലെ ഖത്തറിലും ഹിറ്റായി മാറി. നാനൂറോളം അംഗങ്ങളാണ് ഇപ്പോൾ ഗ്രൂപ്പിലുള്ളത്. മഴ ആവേശമായ മലയാളികൾ ദിനംപ്രതിയെന്നോണം ഗ്രൂപ്പിന്റെ ഭാഗമാവുകയാണ്. മഴ തേടി ഖത്തറിലെ മലയാളികൾ നടത്തുന്ന ഡ്രൈവുകളുടെ ദൃശ്യങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് കൂടുതൽ പേർ റെയിൻ ഡ്രൈവിനിറങ്ങിയ കാഴ്ചയായിരുന്നു. ഖത്തറിൽ സീസണിൽ ഇതുവരെ ഏറ്റവും മഴ പെയ്ത ഇന്നലെ അവധിദിനമായതുകൊണ്ട് ‘കേരള റെയിൻ ഫോർകാസ്റ്റർ’ ഗ്രൂപ്പിൽ വിഡിയോകളും ചിത്രങ്ങളും നിരവധിയായിരുന്നു.
എൻജിനീയറായ സജ്ജാദ് ദുബൈയിൽ റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ഫെസിലിറ്റി എക്സിക്യൂട്ടിവ് ആണ്. യു.എ.ഇയിലെത്തിയിട്ട് ഏഴു വർഷമായി. നാട്ടിലെ ഒരു മഴക്കാലത്തിനിടയിൽ യു.എ.ഇയിലെ ചൂടുകൂടിയ അന്തരീക്ഷത്തിലേക്ക് പറിച്ചുനടപ്പെട്ടപ്പോഴാണ് മഴയെ തേടി സജ്ജാദ് യാത്ര തുടങ്ങിയത്. കാലാവസ്ഥ പ്രവചനവും വെതർ ചേസിങ്ങുമൊക്കെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സജ്ജാദ്, മഴ മേഘങ്ങളുടെ ഗതി നിർണയിച്ച് മഴ സാധ്യത പ്രവചിക്കുന്നതിൽ അവഗാഹം നേടുകയായിരുന്നു. യൂറോപ്യൻ യൂനിയൻ, കാനഡ, ജർമനി എന്നിവിടങ്ങളിലെ സാറ്റലൈറ്റുകളുടെയും മറ്റു സാങ്കേതിക സഹായങ്ങളുടെയും പിൻബലത്തോടെയാണ് അനലൈസ് ചെയ്ത് മഴസാധ്യത പ്രവചിക്കുന്നതെന്ന് സജ്ജാദ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ആഴ്ചയോ മാസമോ കാലയളവായി കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളെ അടയാളപ്പെടുത്തുന്ന എം.ജെ.ഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) സംവിധാനവും കൃത്യതക്കായി ഉപയോഗിക്കുന്നു. പ്രവചനങ്ങൾ 90 ശതമാനവും കൃത്യമായിരിക്കുമെന്നാണ് ‘കേരള റെയിൻ ഫോർകാസ്റ്റർ’ ഗ്രൂപ്പിന്റെ സവിശേഷത.
‘ഭയങ്കര ചൂടുള്ള സമയത്ത് മഴ പെയ്യുമെന്ന എന്റെ പ്രവചനങ്ങൾ ആദ്യമൊക്കെ ആളുകൾ അവിശ്വസിച്ചിരുന്നു. മഴയുടെ വിഡിയോ ഇട്ടാൽ, അത് പഴയതാണെന്നൊക്കെയായിരുന്നു ആളുകളുടെ പ്രതികരണം. എന്നാൽ, ചുടു കൂടുമ്പോൾ മഴ പെയ്യാനുള്ള സാധ്യത കൂടുമെന്ന എന്റെ വിശദീകരണം ശരിയാണെന്ന് പതിയെ ആളുകൾക്ക് മനസ്സിലായി. മഴ തേടിപ്പോകുന്നവർക്ക് വഴികാട്ടിയാവുകയെന്നതാണ് എന്റെ ദൗത്യം’- സജ്ജാദ് പറയുന്നു. മഴയെ തേടിപ്പിടിക്കുന്ന, ഒരേ മനസ്സുള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരുകയെന്ന ഉദ്ദേശ്യത്താലാണ് സജ്ജാദ് വാട്സ്ആപ് ഗ്രൂപ്പുകൾ രൂപവത്കരിച്ചത്. യു.എ.ഇയിൽ മഴസാധ്യത പ്രവചിക്കുമ്പോഴേക്ക് ആളുകൾ മഴയെ ‘അനുഭവിക്കാനാ’യി ഇറങ്ങിപ്പുറപ്പെടും. മഴയുടെ ശക്തമായ സാധ്യത കാണുമ്പോൾ ഒരുങ്ങിയിറങ്ങുന്നവർ 40-45 വണ്ടികളടങ്ങിയ വലിയ ഗ്രൂപ്പായി മാറിയിട്ടുണ്ടാകും.
ജി.സി.സിയിലെ എല്ലാ രാജ്യങ്ങളിലും ഇപ്പോൾ ‘കേരള റെയിൻ ഫോർകാസ്റ്റർ’ ഗ്രൂപ്പുകളുണ്ട്. യു.എ.ഇയിൽ രണ്ടായിരത്തിലേറെ പേരാണ് വാട്സ്ആപ്പിൽ അംഗങ്ങളായുള്ളത്. ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ടിക് ടോക് എന്നീ പ്ലാറ്റ്ഫോമുകളിലൊക്കെ ഇപ്പോൾ സജീവമാണ്.
ദുബൈയിലിരുന്നാണ് എല്ലാ രാജ്യങ്ങളിലെയും മഴപ്രേമികളുടെ സംശയങ്ങൾക്ക് സജ്ജാദ് തൽസമയം മറുപടി നൽകുന്നത്.
കേരളത്തിലും ഗ്രൂപ് ഇപ്പോൾ സജീവമാണ്. രണ്ടു ഗ്രൂപ്പുകളിലായി വിദഗ്ധർ ഉൾപ്പെടെയുള്ള ഒരുപാട് ആളുകൾ ‘റെയിൻ ഫോർകാസ്റ്റർ’ ഗ്രൂപ്പിന്റെ ഭാഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.