തീവ്രത കുറഞ്ഞ കോവിഡ് രണ്ടാം വരവിന് സാധ്യത
text_fieldsദോഹ: രാജ്യത്ത് തീവ്രത കുറഞ്ഞ കോവിഡ്-19െൻറ രണ്ടാം തരംഗത്തിന് സാധ്യത. രണ്ടാംവരവുണ്ടായാൽ മുമ്പത്തേതിനെക്കാൾ തീവ്രത കുറവായിരിക്കും. കൃത്യസമയത്ത് കാര്യക്ഷമമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതിനാലാണിത്. കോവിഡ്-19 ദേശീയ സ്ട്രാറ്റജിക് ഗ്രൂപ് ചെയർമാൻ ഡോ. അബ്്ദുല്ലത്തീഫ് അൽ ഖാലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഈ വർഷം മേയ് മധ്യത്തോടെ തുടങ്ങി ജൂൺ അവസാനം വരെ രാജ്യത്തുണ്ടായ കോവിഡ്-19 രോഗവ്യാപനത്തിെൻറ തോത് വളരെ വലുതായിരുന്നു. അത്തരത്തിൽ ഇനി പ്രതീക്ഷിക്കുന്നില്ല. കോവിഡ് കേസുകളുടെ എണ്ണത്തിൽ ഉയർച്ച താഴ്ചകളോടെ ഈ വർഷം അവസാനം വരെ രോഗവ്യാപനം നിലനിൽക്കും. എന്നാൽ, നേരത്തേ നാം അനുഭവിച്ചതിനെക്കാൾ തീവ്രത കുറവായിരിക്കുമെന്നും ഖത്തർ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ഡോ. അൽ ഖാൽ വ്യക്തമാക്കി.
ഖത്തരികൾക്കിടയിലും പ്രവാസികളായ പ്രഫഷണലുകൾക്കിടയിലും രോഗം വ്യാപിക്കുന്നത് ആശങ്കയുയർത്തുന്നതാണ്. 20 വയസ്സിന് താഴെയുള്ളവരിലും രോഗം വ്യാപിക്കുന്നുണ്ട്. കുടുംബത്തിലെ മറ്റുള്ളവർക്ക് പ്രത്യേകിച്ച് വിട്ടുമാറാത്ത രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് ഇവരിലൂടെ രോഗം പടരാനുള്ള സാധ്യതയുണ്ട്.
ഫലപ്രദമായ വാക്സിൻ കണ്ടെത്തുന്നതു വരെ സുരക്ഷാ മുൻകരുതലുകൾ പാലിക്കേണ്ടത് അനിവാര്യമാണ്. നിലവിലെ സാഹചര്യത്തിൽ മുൻകരുതലുകൾ പാലിക്കാൻ കൂടുതൽ ജാഗ്രത കാണിക്കണം. യുവാക്കൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം. വാക്സിനേഷനുമായി ബന്ധപ്പെട്ട് ഒക്ടോബർ അവസാനത്തിലോ നവംബർ ആദ്യത്തിലോ കൃത്യമായ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിൻ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നവയാണ്. രാജ്യത്തെ കോവിഡ്-19 കേസുകളിൽ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. കോവിഡ്-19 വ്യാപനം തടയുന്നതിനായി കഠിന പ്രയത്നം നടത്തിയ ഖത്തരി സർക്കാറിനും പ്രത്യേകിച്ച് പൊതുജനാരോഗ്യ മന്ത്രാലയത്തിനും പിന്തുണ നൽകിയ മറ്റ് ഏജൻസികൾക്കും നന്ദി അറിയിക്കുകയാണ്. വിദ്യാർഥികളെ സ്കൂളുകളിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ വേണ്ട. അധ്യാപകരെയും ജീവനക്കാരെയും പരിശോധനക്ക് വിധേമാക്കിയിട്ടുണ്ട്. ഭൂരിഭാഗം പേരുടെയും ഫലം നെഗറ്റിവാണ്. കുട്ടികൾക്കിടയിൽ രോഗവ്യാപനം തടയുന്നതിന് റാൻഡം പരിശോധന നടത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.
യുവാക്കൾ മുൻകരുതലുകൾ പാലിക്കണമെന്ന് ആവർത്തിക്കുകയാണ്. രോഗത്തിെൻറ തീവ്രത കുറഞ്ഞിരിക്കുമെങ്കിലും വൈറസിെൻറ അപകടസാധ്യത വളരെ വലുതാണ്. ഇവരിലൂടെ വീടുകളിലെ അംഗങ്ങൾക്ക്് പ്രത്യേകിച്ച് മുതിർന്നവർക്കും മാറാരോഗങ്ങളുള്ളവർക്കും രോഗം പടരാനിടയുണ്ട്. കൂടുതൽ ജാഗ്രത പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.