കാണികളുടെ യാത്രക്കൊരുങ്ങി ലുസൈൽ ബസ്സ്റ്റേഷൻ
text_fieldsദോഹ: ലോകകപ്പ് വേളയിൽ ആരാധകർക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള യാത്ര സുഖകരമാക്കാൻ സർവ സജ്ജമായി ലുസൈൽ ബസ് സ്റ്റേഷൻ. ലോകകപ്പിന് മുന്നോടിയായി പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിനായി നിർമിച്ച എട്ട് സ്റ്റേഷനുകളിൽ ഒന്നാണ് ലുസൈൽ ബസ് സ്റ്റേഷൻ. ലുസൈൽ മെട്രോ സ്റ്റേഷനും, അൽ ഖോർ കോസ്റ്റൽ റോഡിനും അരികിലാണ് ബസ് സ്റ്റേഷൻ. ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിലേക്കുള്ള കാണികളുടെ സഞ്ചാരം അനായാസമാക്കാൻ കഴിയും വിധമാണ് ബസ്സ്റ്റേഷൻ ഒരുക്കിയത്. ദോഹ മെട്രോ, മെട്രോ ലിങ്ക് സർവിസ്, ലുസൈൽ ട്രാം, പാർക്ക് ആൻഡ് റൈഡ് തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുമായി സ്റ്റേഷൻ ബന്ധപ്പെടുത്തുന്നു.
39,708 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്റ്റേഷനിൽ ഒമ്പത് പാതകളോട്കൂടിയ പാർക്കിങ് ഏരിയകളാണ് സജ്ജീകരിച്ചത്. ഓരോ പാതയും പ്രതിദിനം 10,000 യാത്രക്കാരെ ഉൾക്കൊള്ളും. യാത്രക്കാർക്കുള്ള കാത്തിരിപ്പു കേന്ദ്രം, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ്, പള്ളി, വാണിജ്യ മേഖല എന്നിവയും ഉൾപ്പെടും. മണിക്കൂറിൽ 40 ബസുകൾ സർവിസ് നടത്താൻ സ്റ്റേഷന് ശേഷിയുണ്ട്. പൊതുഗതാഗതം പരിസ്ഥിതി സൗഹൃദമാക്കുകയെന്ന ഖത്തർ ദേശീയ വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് ചാർജിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.