ഗിന്നസ് ബുക്കിൽ ഇടംനേടി ലുസൈൽ സർക്യൂട്ട്
text_fieldsദോഹ: വെള്ളിയാഴ്ച ഫോർമുല വൺ വേഗപ്പോരിന് ട്രാക്കുണരും മുമ്പേ ഖത്തർ ഗ്രാൻഡ്പ്രി വേദിയായ ലുസൈൽ സർക്യൂട്ടിന് ഗിന്നസ് റെക്കോഡിന്റെ തിളക്കം. ലോകത്തെ ഏറ്റവും നീളമേറിയ മോട്ടോർസ്പോർട്ട് പിറ്റ്ലൈൻ കെട്ടിടത്തിനുള്ള ഗിന്നസ് അംഗീകാരമാണ് പൊതുമരാമത്ത് അതോറിറ്റി അഷ്ഗാലിനെ തേടിയെത്തിയത്. ഒരു റേസ്ട്രാക്കിലെ ഏറ്റവും നീളം കൂടിയ പിറ്റ്ലൈൻ കെട്ടിടമാണ് ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിലുള്ളത്.
402.1 മീറ്റർ നീളമുള്ള പിറ്റ്ലൈൻ കെട്ടിടം അന്താരാഷ്ട്ര മാനദണ്ഡങ്ങളും ഗിന്നസ് നേടുന്നതിനുള്ള ആവശ്യകതകളും പാലിക്കുന്നുവെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പ്രഖ്യാപനം. ലുസൈൽ സർക്യൂട്ടിലെ പിറ്റ്ലൈൻ കെട്ടിടനിർമാണത്തിൽ അഷ്ഗാലിനുള്ള ഗിന്നസ് റെക്കോർഡ് സുപ്രധാന നേട്ടമാണെന്നും ലോക റെക്കോഡുകളോടെ അഷ്ഗാൽ നടപ്പാക്കിയ പദ്ധതികളിൽ ഇതും ഉൾപ്പെടുമെന്നും റോഡ്സ് പ്രോജക്ട്സ് വിഭാഗം മാനേജർ എൻജി. സഊദ് അൽ തമീമി പറഞ്ഞു.
പുതിയ ഗിന്നസ് റെക്കോഡോടെ ഖത്തറിന് മറ്റൊരു നേട്ടംകൂടി ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും ഉയർന്ന തലത്തിലുള്ള കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിലും എല്ലാവർക്കും മികച്ച സേവനങ്ങൾ നൽകുന്നതിലും രാജ്യം എത്രത്തോളം പ്രതിബദ്ധത പുലർത്തുന്നുവെന്നതിന്റെ മികച്ച ഉദാഹരണമാണിതെന്നും ഖത്തർ മോട്ടോർ ആൻഡ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ എക്സിക്യൂട്ടിവ് ഡയറക്ടറും ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ട് സി.ഇ.ഒയുമായ അംറ് അൽ ഹമദ് പറഞ്ഞു.പുതിയ പിറ്റ്ലൈൻ കെട്ടിടത്തിൽ 50 റേസിങ് കാർ ഗാരേജുകളാ ണ് ഉൾപ്പെടുന്നത്.
ലോകോത്തര സാങ്കേതികവിദ്യകളോടുകൂടിയ റേസ് കൺട്രോൾ ടവർ, പാഡോക്ക് ഏരിയ, പഞ്ചനക്ഷത്ര വി.ഐ.പി ഏരിയ എന്നിവയും കെട്ടിടത്തിലുണ്ട്. റേസിങ് വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ പൂർത്തിയാക്കുന്ന ഇടമാണ് പിറ്റ് ലൈൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.