വേഗപ്പോരിനൊരുങ്ങി ലുസൈൽ സർക്യൂട്ട്
text_fieldsദോഹ: രണ്ടാഴ്ചക്കപ്പുറം വേദിയാവുന്ന അതിവേഗപ്പോരാട്ടത്തിനായി സർവസജ്ജമായി ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട്. ലോക കാറോട്ട വേദിയിലെ സൂപ്പർതാരങ്ങൾ മാറ്റുരക്കുന്ന ഫോർമുല വൺ ചാമ്പ്യൻഷിപ്പിലെ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾക്കുള്ള എല്ലാ വികസന പ്രവൃത്തികളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ അറിയിച്ചു. സർക്യൂട്ടിലെ പ്രധാന കെട്ടിടങ്ങൾ, ഗ്രാൻഡ് സ്റ്റാൻഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമാണവും വികസനവുമടങ്ങിയതാണ് പദ്ധതി. ദോഹയിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഇനങ്ങളിലൊന്നായ ഫോർമുല വൺ ഖത്തർ ഗ്രാൻഡ്പ്രിക്സിനായി താരങ്ങളെയും ആരാധകരെയും ഹോസ്റ്റ് ചെയ്യാൻ സർക്യൂട്ട് പൂർണമായും സജ്ജമാണെന്നും അഷ്ഗാൽ വ്യക്തമാക്കി. 5.38 കിലോമീറ്റർ നീളത്തിൽ 16 വളവുകൾ ഉൾക്കൊള്ളുന്നതാണ് ലുസൈൽ സർക്യൂട്ട് റേസ്ട്രാക്ക്. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിന്റെ വികസന പ്രവർത്തനങ്ങൾ ഖത്തർ കായിക രംഗത്തെ സുപ്രധാന നാഴികക്കല്ലായാണ് കണക്കാക്കുന്നത്. ഫോർമുല വൺ, മോട്ടോജിപി റേസുകൾ നടക്കുന്ന മേഖലയിലെ ഏക സർക്യൂട്ട് എന്ന നിലയിലും ലുസൈൽ സർക്യൂട്ട് വേറിട്ട് നിൽക്കുന്നു. ഈ വർഷം ലോകത്തിലെ ഏറ്റവും പ്രമുഖ കായിക ഇനങ്ങളിലൊന്നായ ഫോർമുല വണ്ണിന് ആതിഥേയത്വം വഹിക്കുന്നതിന് വഴിയൊരുക്കുന്നതിൽ അഷ്ഗാൽ ഒരിക്കൽ കൂടി സംഭാവന നൽകിയതിൽ അഭിമാനമുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിച്ചതിൽ ഖത്തറിന്റെ റെക്കോർഡ് പുസ്തകത്തിലെ മറ്റൊരു നാഴികക്കല്ലാകും ഇതെന്നും അഷ്ഗാൽ പ്രൊജക്ട് അഫേഴ്സ് ഡയറക്ടർ എൻജി. യൂസുഫ് അൽ ഇമാദി പറഞ്ഞു.
ഫോർമുല വണ്ണിന്റെ ഏറ്റവും ഉയർന്ന അന്താരാഷ്ട്ര അന്താരാഷ്ട്ര സവിശേഷതകളും കൃത്യമായ ആവശ്യകതകളും അനുസരിച്ച് ലുസൈൽ സർക്യൂട്ട് റേസ് ട്രാക്കിന്റെയും പ്രധാന കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെയും വികസന പ്രവർത്തനങ്ങൾ കേവലം ഏഴ് മാസത്തിനകമാണ് പൂർത്തിയാക്കിയതെന്നും, പ്രാദേശിക ആരാധകർക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഖത്തറിലേക്കെത്തുന്നവർക്കും മികച്ച അനുഭവം പ്രദാനം ചെയ്യുകയാണ് ലക്ഷ്യമെന്നും എൻജി. അൽ ഇമാദി കൂട്ടിച്ചേർത്തു. അഷ്ഗാൽ നടപ്പാക്കിയ പദ്ധതിയിൽ 40000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ഗ്രാൻഡ് സ്റ്റാൻഡ് ഉൾപ്പെടുന്നു. 10000 കാറുകൾ പാർക്ക് ചെയ്യുന്നതിനുള്ള പാർക്കിങ് സ്ലോട്ടുകളുടെ നിർമാണവും ഇതിലുൾപ്പെടും. ആഭ്യന്തര റോഡുകൾ വികസിപ്പിക്കുന്നതിനും സർക്യൂട്ടിന്റെ അനുബന്ധ സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും മെച്ചപ്പെടുത്തലിന് പുറമേയാണിത്. 5.38 കിലോമീറ്റർ നീളത്തിൽ ലുസൈൽ സർക്യൂട്ട് റേസ്ട്രാക്ക്, നവീകരണ പ്രവർത്തനങ്ങൾ, അടയാളങ്ങൾ സ്ഥാപിക്കൽ, പുതിയ നടപ്പാതകൾ, സുരക്ഷാ നടപടികൾ സ്ഥാപിക്കൽ, ട്രാക്കിന് ഇരുവശങ്ങളിലുമായുള്ള ലാൻഡ്സ്കേപ്പിങ് ജോലികൾ എന്നിവ പദ്ധതിയിലുൾപ്പെടും. 6848 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ 85 ബാഹ്യ ഇലക്ട്രോണിക് സ്ക്രീനുകളും ഇതിന് പുറമേ സ്ഥാപിച്ചു. കൂടാതെ സർക്യൂട്ടിന്റെ തെക്ക്, വടക്ക് ഭാഗങ്ങളിലായി മൂന്ന് തുരങ്കങ്ങളും കാൽനട തുരങ്കത്തിന്റെയും നിർമാണവും പദ്ധതിക്ക് കീഴിൽ പൂർത്തിയാക്കി.
റേസ്ട്രാക്ക് വികസനം, കെട്ടിടങ്ങളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനം, സർക്യൂട്ടിന് ചുറ്റുമുള്ള റോഡുകളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും നിർമാണവും വികസനവും തുടങ്ങിയവ ഉൾപ്പെടുത്തി മൂന്ന് പാക്കേജുകളിലായാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ട് നവീകരണ പദ്ധതി നടപ്പാക്കിയത്. റേസ്ട്രാക്കിന് ഫോർമുല വൺ, ഇന്റർനാഷനൽ ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്.ഐ.എ), ഇന്റർനാഷനൽ മോട്ടോർ സൈക്കിൾ ഫെഡറേഷൻ (എഫ്.ഐ.എം) എന്നിവരുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഒക്ടോബർ ആദ്യത്തോടെ ട്രാക്കിന് അന്തിമ അംഗീകാരവും ലഭിക്കും. ഖത്തർ ഫോർമുല വൺ ഗ്രാൻഡ് പ്രിക്സ്, ഖത്തർ എയർവേയ്സ് ഗ്രാൻഡ് പ്രീ, ഖത്തർ മോട്ടോജിപി 2023 എന്നിവയാണ് ലുസൈൽ അന്താരാഷ്ട്ര സർക്യൂട്ടിൽ നടക്കാനിരിക്കുന്ന പ്രധാന മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.