ഐക്കണായി ലുസൈൽ സ്റ്റേഡിയം
text_fieldsദോഹ: സംഘാടന വിജയമായി മാറിയ ലുസൈൽ സൂപ്പർ കപ്പിനു പിന്നാലെ, സ്റ്റേഡിയത്തെയും ക്രമീകരണങ്ങളെയും പുകഴ്ത്തി ഖത്തർ ലോക കപ്പിന്‍റെ അംബാസഡർമാർ.
സൂപ്പർ കപ്പിലൂടെ ലോകത്തിനുമുന്നിൽ മിഴിതുറന്ന ലുസൈൽ സ്റ്റേഡിയം ലോകത്തെ അമ്പരപ്പിക്കുമെന്നും ഖത്തർ ലോകകപ്പ് എന്തായിരിക്കുമെന്നതിന്‍റെ സൂചനയാണ് ലുസൈൽ സൂപ്പർ കപ്പിലൂടെ കണ്ടതെന്നും ലെഗസി അംബാഡറും നാലുതവണ ലോകകപ്പിൽ ആസ്ട്രേലിയയെ പ്രതിനിധാനംചെയ്ത ടിം കാഹിൽ പറഞ്ഞു. ലുസൈൽ സ്റ്റേഡിയം ഒരു അദ്ഭുതമാണെന്നും മേഖലയിൽനിന്നുള്ള ആരാധകരെ ഒന്നടങ്കം ആവേശം കൊള്ളിച്ചുവെന്നും ലോകകപ്പിന്‍റെ കലാശപ്പോരാട്ടം കാണാനുള്ള ഭാഗ്യം ലഭിക്കുന്നവർക്ക് അവിസ്മരണീയ അനുഭവമായിരിക്കും ഈ അദ്ഭുതച്ചെപ്പെന്നും അദ്ദേഹം പറഞ്ഞു.
അറബ് ലോകത്തുടനീളം ലുസൈൽ സൂപ്പർ കപ്പ് മികച്ച അനുഭവമാണ് സമ്മാനിച്ചത്. ലോകോത്തര സൗകര്യങ്ങളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത് -ഒമാൻ ദേശീയ ടീമിനായി വല കാത്ത അലി അൽ ഹബ്സി പറഞ്ഞു.2013ൽ എഫ്.എ കപ്പ് നേടിയ വിഗാൻ അത്ലറ്റിക് ക്ലബിന്‍റെ അവിഭാജ്യ ഘടകം കൂടിയായിരുന്നു അൽ ഹബ്സി.
ഖത്തറിലെയും അറബ് ലോകത്തെയും ജനങ്ങൾക്ക് അഭിമാനിക്കാവുന്നതാണ് ലുസൈൽ സ്റ്റേഡിയമെന്നും കാൽപന്ത് ലോകത്തിനു തന്നെ ഈ കളിയിടം അവിസ്മരണീയ കാഴ്ചയാവുമെന്നും അലി അൽ ഹബ്സി കൂട്ടിച്ചേർത്തു. ഫുട്ബാൾ രക്തത്തിൽ അലിഞ്ഞുചേർന്ന ഒന്നാണ്. കാണാനും കളിക്കാനും ഏറെ ഇഷ്ടപ്പെടുന്നു -ഖത്തറിനായി പന്തു തട്ടിയ ഖാലിദ് സൽമാൻ പറഞ്ഞു. കാൽപന്തുകളിയെന്ന സുന്ദര ഗെയിമിനോടുള്ള ഞങ്ങളുടെ സ്നേഹത്തിന്‍റെ അടയാളമാണ് ലുസൈൽ സ്റ്റേഡിയം. ലോകത്തിലെ ഏറ്റവും മികച്ച ലോകകപ്പിനാണ് ഖത്തർ ആതിഥ്യം വഹിക്കാനിരിക്കുന്നത് -ഖാലിദ് സൽമാൻ വ്യക്തമാക്കി.
1981ലെ ഫിഫ ലോക യൂത്ത് ചാമ്പ്യൻഷിപ്പിൽ ഖത്തറിനെ ഫൈനലിലേക്ക് നയിക്കുന്നതിൽ ഖാലിദ് സൽമാനും വലിയ പങ്കുവഹിച്ചിരുന്നു. നവംബർ 20ന് എക്വഡോറിനെതിരെ ഖത്തർ തങ്ങളുടെ ആദ്യലോകകപ്പ് മത്സരത്തിൽ പന്തു തട്ടാനിറങ്ങുന്നത് കാണാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും സൽമാൻ പറഞ്ഞു.
മുഴുവൻ ഖത്തരികൾക്കുമായി, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എല്ലാവരെയും ഖത്തറിലേക്ക് ക്ഷണിക്കുകയാണെന്നും ചരിത്രത്തിന്‍റെ ഭാഗമാകാനിരിക്കുന്ന ലോകകപ്പിനായി പടുത്തുയർത്തിയ മനോഹരമായ വേദികളെല്ലാം നിങ്ങൾ കാണണമെന്നും ആസ്വദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.