ലുസൈൽ സ്റ്റേഡിയം: രാജകീയം, പ്രൗഢം; ഈ നിർമിതി
text_fieldsദോഹ: ഫിഫ ലോകകപ്പ് കലാശപ്പോരാട്ടത്തിന് വേദിയാകുന്ന ലുസൈൽ ഐക്കണിക് സ്റ്റേഡിയം ക്രിയാത്മകതയുടെയും പുതുമയുടെയും നേർചിത്രമെന്ന് സ്റ്റേഡിയം നിർമാണത്തിൽ ഭാഗമായ ആർക്കിടെക്ട് ല്യൂക് ഫോക്സ്. സ്റ്റേഡിയം രൂപരേഖക്ക് പ്രചോദനം നൽകിയ ബ്രിട്ടീഷ് കമ്പനിയായ ഫോസ്റ്റർ പാർട്ട്ണേഴ്സിലെ സ്റ്റുഡിയോ വിഭാഗം മേധാവിയും സീനിയർ എക്സിക്യൂട്ടിവ് പാർട്ട്ണറുമാണ് ല്യൂക് ഫോക്സ്. ലോകകപ്പിനെത്തുന്ന ആരാധകർക്ക് ലുസൈൽ സ്റ്റേഡിയം അവിസ്മരണീയ അനുഭവമാകുമെന്ന് സുപ്രീംകമ്മിറ്റി വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ ഫോക്സ് വ്യക്തമാക്കി. ലോകകപ്പിനുശേഷം പ്രാദേശിക സമൂഹത്തിനും ദീർഘകാലാടിസ്ഥാനത്തിൽ സ്റ്റേഡിയം ഏറെ പ്രയോജനപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലുസൈൽ സ്റ്റേഡിയം പദ്ധതി
ഖത്തർ ആതിഥ്യംവഹിക്കുന്ന ലോകകപ്പ് സ്റ്റേഡിയങ്ങളുടെ രൂപരേഖ തയാറാക്കൽ മത്സരത്തിനായി 2009ൽ ഫോസ്റ്റർ പാർട്ട്ണേഴ്സിനെ ക്ഷണിച്ചിരുന്നു. ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതിന് ഖത്തറിനെ തിരഞ്ഞെടുക്കപ്പെട്ടതോടെ 2013ൽ സ്റ്റേഡിയത്തിന് പുനർ രൂപരേഖ തയാറാക്കുന്നതിനുള്ള രണ്ടാം മത്സരത്തിലേക്ക് ഞങ്ങൾ പ്രവേശിച്ച് വിജയിച്ചു. ഞങ്ങൾക്കൊപ്പം എൻജിനീയർമാരായി അരൂപും ബൗൾ ജ്യാമിതീയ ഡിസൈനർമാരായി പോപുലോസുമുണ്ടായിരുന്നു.
സ്റ്റേഡിയം രൂപരേഖയിലെ പ്രധാന ലക്ഷ്യം?
ഖത്തർ ലോകകപ്പിന്റെ പ്രധാനപ്പെട്ട സ്റ്റേഡിയമാണ് ലുസൈൽ സ്റ്റേഡിയം. അതിനാൽതന്നെ എല്ലാവർക്കും അവിസ്മരണീയ അനുഭവം സമ്മാനിക്കുന്ന, അത്യാധുനിക സൗകര്യങ്ങളോടെയുള്ള വേദി തയാറാക്കുകയായിരുന്നു പ്രഥമ ലക്ഷ്യം. പിച്ചിനും ഇരിപ്പിടത്തിനുമിടയിൽ യാന്ത്രികമായ ഒരു ബന്ധം സ്ഥാപിക്കുന്നതിലൂടെ കളിക്കാർക്കും കാണികൾക്കും മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിലായിരുന്നു തുടക്കം. ഖത്തറിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്ന ലളിതവും എന്നാൽ സവിശേഷതയുമുള്ള സ്റ്റേഡിയം ലുസൈൽ നഗരത്തിൽ ഉയർന്നിരിക്കുകയാണ്. ഗ്ലോബൽ സസ്റ്റെയിനബിലിറ്റി അസസ്മെൻറ് സിസ്റ്റം (ജി.എസ്.എ.എസ്) ഫൈവ് സ്റ്റാർ റേറ്റിങ് തന്നെയായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നത്.
ഏറെ ആശ്ചര്യപ്പെടുത്തിയ ഭാഗം
ലോകകപ്പ് ഫൈനൽവേദി രൂപകൽപന ചെയ്യുകയെന്നത് മഹത്തായ ഉത്തരവാദിത്തമായതിനാൽ അതുല്യമായ, വിശിഷ്ടമായ വേദി തന്നെയായിരുന്നു ഞങ്ങൾ ലക്ഷ്യമിട്ടിരുന്നത്. ആരാധകർ സ്റ്റേഡിയത്തിലെത്തുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഞങ്ങൾ.
നേരിട്ട വലിയ വെല്ലുവിളികൾ
പ്രാദേശിക പരിസ്ഥിതിയിൽ ആഗോള കായിക മാമാങ്കത്തിന്റെ കലാശപ്പോരിന് വേദി നിർമിക്കുകയെന്നത് തന്നെയായിരുന്നു പ്രധാന വെല്ലുവിളി. എൻജിനീയർമാരുമായി ഒരു വർഷത്തോളം ഇതു സംബന്ധിച്ച് പ്രവർത്തിച്ചു. ഊർജ ഉപഭോഗം കുറവുള്ള വേദി കൂടിയായിരുന്നു ലക്ഷ്യം. വെളിച്ചത്തിന്റെ ക്രമീകരണം രൂപരേഖയിൽതന്നെ തയാറാക്കിയതിനാൽ ഊർജ ഉപഭോഗം കുറക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഉയർന്ന ഇടങ്ങളിലേക്ക് പ്രകൃത്യാലുള്ള വെൻറിലേഷൻ സാധ്യമാക്കി.
നിർമാണം കഴിഞ്ഞ് മത്സരസജ്ജമായി; പ്രതീക്ഷകൾ
ജ്യാമിതീയ ഘടനയിലുള്ള സ്റ്റേഡിയം അത് നിലനിൽക്കുന്ന കാലാവസ്ഥക്ക് അനുയോജ്യമായാണ് തയാറാക്കിയത്. സീറ്റിങ് ബൗളുകളുടെ ക്രമീകരണം കാണികൾക്കും കളിക്കാർക്കും ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. 2022 ലോകകപ്പിന്റെ പ്രധാനപ്പെട്ട ശേഷിപ്പായി ലുസൈൽ സ്റ്റേഡിയം അറിയപ്പെടും. വലിച്ചുനീട്ടാനും ചുരുക്കാനും കഴിയുന്ന മേൽക്കൂരയാണ് സ്റ്റേഡിയത്തിനുള്ളത്. 307 മീറ്റർ വ്യാസത്തിലുള്ള സ്പോക് വീൽ മേൽക്കൂര പരിസ്ഥിതി സുരക്ഷിതത്വം കൊണ്ടുവരും . പിച്ചിന്റെ വളർച്ചക്ക് മതിയായ വെളിച്ചം നൽകാൻ കഴിയും വിധത്തിൽ രൂപകൽപന ചെയ്യപ്പെട്ട മേൽക്കൂര, ആവശ്യമായ നിഴൽ എത്തിക്കുന്നതിനാൽ ശീതീകരണ സംവിധാനത്തിന്റെ ഉപയോഗം കുറക്കാനും സാധിക്കും.
നിർമാണത്തിൽ പങ്കാളിയായതിനെ കുറിച്ച്
ഏറെ അഭിമാനം തോന്നുന്നു. ഖത്തറിലെ ഏറ്റവും വലിയ നിർമിതികളിലൊന്നിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നു. മുന്നൂറ് കോടിയിലധികം കാഴ്ചക്കാർ ലോകകപ്പിന് എത്തുമെന് പ്രതീക്ഷിക്കുന്നതിനാൽ, ക്രിയാത്മകതയുടെയും പുതുമയുടെയും നേർചിത്രമായി ലുസൈൽ സ്റ്റേഡിയം അവർക്കു മുന്നിൽ തെളിയും. ഖത്തറിലെ താമസക്കാർക്കും കളിക്കാർക്കും സന്ദർശകരായ ആരാധകർക്കും അവിസ്മരണീയ അനുഭവമായിരിക്കും ലുസൈൽ സ്റ്റേഡിയം സമ്മാനിക്കുക.
ല്യൂക് ഫോക്സ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.