ലൂയി ഗാർഷ്യ ഖത്തർ കോച്ച്
text_fieldsദോഹ: ഖത്തർ ദേശീയ ഫുട്ബാൾ ടീമിന്റെ പുതിയ പരിശീലകനായി സ്പാനിഷുകാരൻ ലൂയി ഗാർഷ്യയെ നിയമിച്ചു. അന്നാബിയെ ഏഷ്യൻ കപ്പ് ഫുട്ബാൾ കിരീടത്തിലേക്ക് നയിച്ച മാർക്വേസ് ലോപസിനെ ഒഴിവാക്കിയാണ് സഹപരിശീലകനായിരുന്ന ലൂയി ഗാർഷ്യയെ പുതിയ കോച്ചായി പ്രഖ്യാപിച്ചത്.
റയൽ മഡ്രിഡ് യൂത്ത് ടീമിലൂടെ ഫുട്ബാൾ കരിയർ തുടങ്ങിയ ഗാർഷ്യ, ദീർഘകാലം എസ്പാന്യോൾ താരവും ശേഷം പരിശീലകനുമായിരുന്നു. സ്പാനിഷ് ദേശീയ ടീമിന് വേണ്ടിയും രണ്ടു വർഷത്തോളം പന്തു തട്ടി. കഴിഞ്ഞ ഏഷ്യൻ കപ്പിന് തൊട്ടുമുമ്പായാണ് മാർക്വേസ് ലോപസിന്റെ അസിസ്റ്റന്റായി ഖത്തർ ദേശീയ ടീമിന്റെ ഭാഗമായത്. ഒരു വർഷത്തിനിപ്പുറം ടീമിന്റെ ഹെഡ് കോച്ച് പദവിയിലേക്കും അദ്ദേഹമെത്തി.
ഡിസംബർ 21ന് കുവൈത്തിൽ കിക്കോഫ് കുറിക്കുന്ന ഗൾഫ് കപ്പ് ചാമ്പ്യൻഷിപ്പായിരിക്കും ഗാർഷ്യയുടെ ആദ്യ അന്താരാഷ്ട്ര ദൗത്യം. യു.എ.ഇ, കുവൈത്ത്, ഒമാൻ എന്നിവരടങ്ങിയ ഗ്രൂപ് ‘എ’യിലാണ് ഖത്തർ മത്സരിക്കുന്നത്. ഇറാഖ്, സൗദി, ബഹ്റൈൻ, യെമൻ എന്നിവരാണ് ഗ്രൂപ് ‘ബി’യിലുള്ളത്. ഇറാഖാണ് നിലവിലെ ജേതാക്കൾ.
സ്ഥാനമൊഴിഞ്ഞ പരിശീലകൻ മാർക്വേസ് ലോപസിന് ഖത്തർ ഫുട്ബാൾ നന്ദി അറിയിച്ചു. പരിശീലക ജോലിയിലെ അദ്ദേഹത്തിന്റെ സമർപ്പണം ദേശീയ ടീമിനെ വിജയങ്ങളിലേക്ക് നയിച്ചുവെന്നും നേട്ടങ്ങൾക്കും സംഭാവനകൾക്കും നന്ദി അറിയിക്കുന്നതായും യാത്രയയപ്പ് സന്ദേശത്തിൽ ക്യു.എഫ്.എ അറിയിച്ചു. 2026 ലോകകപ്പ് യോഗ്യത റൗണ്ടിൽ കനത്ത തോൽവികൾ വഴങ്ങിയ ഖത്തറിന് മുന്നോട്ടുള്ള യാത്രയും വെല്ലുവിളിയാണ്.
ഗൾഫ് കപ്പ്: 29 അംഗ ടീമിനെ പ്രഖ്യാപിച്ചു
ദോഹ: ഡിസംബർ 21ന് കുവൈത്തിൽ കിക്കോഫ് കുറിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഖത്തറിന്റെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിന് മുമ്പായുള്ള സന്നാഹ ക്യാമ്പിലേക്കാണ് പുതിയ കോച്ച് ലൂയി ഗാർഷ്യ 29 അംഗ സംഘത്തെ തിരഞ്ഞെടുത്തത്. അക്രം അഫീഫ്, മുഹമ്മദ് മുൻതാരി, അൽ മുഈസ് അലി ഉൾപ്പെടെ മുൻനിര താരങ്ങളെ ഉൾക്കൊള്ളിച്ചാണ് സാധ്യത സംഘം. ഇവരിൽനിന്ന് ടൂർണമെന്റ് ടീമിനെ പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.