ലുലുവിൽ സ്വാതന്ത്ര്യദിന ആഘോഷമായി 'ഇന്ത്യ ഉത്സവ്'
text_fieldsദോഹ: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിലെ 'ഇന്ത്യ ഉത്സവ്' ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര തുടക്കം. ജി.സി.സി രാജ്യങ്ങളിലെ മുഴുവൻ ലുലു ഹൈപ്പർമാർക്കറ്റുകളിലുമായി സ്വാതന്ത്ര്യദിനത്തിലായിരുന്നു ഇന്ത്യ ഉത്സവ് ആഘോഷത്തിന് തുടക്കമായത്. ഖത്തറിൽ ലുലു ഹൈപ്പർമാർക്കറ്റ് ഐൻഖാലിദ് ബ്രാഞ്ചിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിച്ചു.
ഖത്തർ ചേംബർ ഫസ്റ്റ് വൈസ് ചെയർമാൻ മുഹമ്മദ് ബിൻ അഹമ്മദ് തവർ അൽ കുവാരി, ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽഥാനി, അബ്ദുല്ല അൽ കുവാരി, ഇബ്രാഹിം അൽമൽകി, ലുലു ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, രാജകുടുംബാംഗങ്ങൾ, വിവിധ മന്ത്രാലയം പ്രതിനിധികൾ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കൾ, ലുലു ഗ്രൂപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈവിധ്യമാർന്ന ഇന്ത്യൻ ഉൽപന്നങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി ഖത്തറിലും ഇതര ജി.സി.സി രാജ്യങ്ങളിലും അപൂർവമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ലുലു ഇന്ത്യൻ ഉത്സവിനെ അംബാസഡർ ഡോ. ദീപക് മിത്തൽ അഭിനന്ദിച്ചു.
രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഓരോ ഇന്ത്യക്കാരും അഭിമാനിക്കാവുന്ന നിമിഷമാണ്. ജി.സി.സി രാജ്യങ്ങളിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്കും ബ്രാൻഡുകൾക്കും സ്വീകാര്യത നൽകുന്നതിൽ ലുലു ഗ്രൂപ്പ് നിർണായക പങ്കുവഹിക്കുന്നുണ്ട്- ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് അംബാസഡർ പറഞ്ഞു. ഇന്ത്യയുടെ തെക്ക്, വടക്ക്, കിഴക്ക് തുടങ്ങി എല്ലാ മേഖലകളിൽ നിന്നുമുള്ള ഉൽപന്നങ്ങളും ബ്രാൻഡുകളും ഇന്ത്യ ഉത്സവ് വഴി ലോകമെങ്ങമുള്ള ഉപഭോക്താക്കൾക്ക് ലഭ്യമാവുന്നതായും അദ്ദേഹം വിശദീകരിച്ചു.
സമ്പന്നമായ ഇന്ത്യൻ സംസ്കാരത്തിന്റെ ഉത്സവം കൂടിയാണ് ഇന്ത്യഫെസ്റ്റിന്റെ ലക്ഷ്യമെന്ന് ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ഖത്തർ-ഇന്ത്യ ബന്ധത്തിൽ ലുലു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിൽപന മാത്രമല്ല, ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിലും സാംസ്കാരിക, ഭക്ഷണ രീതികൾ ഉൾപ്പെടെയുള്ള മറ്റ് മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ അവസരം ഉപയോഗിക്കുന്നു - ഡോ. അൽതാഫ് പറഞ്ഞു.
ഖത്തറിലെ 18 ലുലു ഹൈപ്പർമാർക്കറ്റുകളിലും ഫെസ്റ്റിവൽ ഇന്ത്യ ഫെസ്റ്റിന്റെ ഭാഗമായി വിവിധ ഉൽപന്നങ്ങൾലഭ്യമാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലുലുവിൽ ആരംഭിക്കുന്ന 'ഇന്ത്യ ഉത്സവിന്' വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 3500ഒാളം ഉൽപന്നങ്ങളാണ് ഉത്സവിന്റെ പ്രധാന ആകർഷണം. പഴവർഗങ്ങൾ, പച്ചക്കറികൾ മുതൽ ഇറച്ചി, പാക്ക് ചെയ്ത ഭക്ഷണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കൾ, പാചകരം ചെയ്ത ഭക്ഷ്യവസ്തുക്കൾ, ബിരിയാണി, സ്ട്രീറ്റ് ഫുഡ്സ്, മധുര പലഹാരങ്ങൾ തുടങ്ങ ഇന്ത്യൻ രുചിവൈവിധ്യം എന്നിവ ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നു. ഇന്ത്യയുടെ ചരിത്ര-പൈതൃക സ്മാരകങ്ങളുടെ പകർപ്പുകൾ തയാറാക്കി, മാളിനുള്ളിൽ മിനി ഇന്ത്യ സൃഷ്ടിച്ചായിരുന്നു ഉദ്ഘാടന പരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.