ലുലു ഗ്രൂപ്പിന്റെ ‘സ്പെഷൽ സദ്യ’, പാചകം പഴയിടം
text_fieldsദോഹ: സെലിബ്രിറ്റി ഷെഫും പാചക വിദഗ്ധനുമായ പഴയിടം മോഹനൻ നമ്പൂതിരി ദോഹയിലെത്തുന്നു. രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ലുലു ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിന്റെ രക്ഷാകർതൃത്വത്തിലാണ് പഴയിടം ചൊവ്വാഴ്ച ഖത്തറിലെത്തുന്നത്. മേഖലയിൽ ലുലു ഗ്രൂപ് ആതിഥ്യം വഹിക്കുന്ന ‘ഇന്ത്യ ഉത്സവ് 2023’ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഫെബ്രുവരി മൂന്നിന് ലുലുവിന്റെ ഷോപ്പർമാർക്കുള്ള സദ്യയും മറ്റ് പരമ്പരാഗത വിഭവങ്ങളും അദ്ദേഹം തയാറാക്കും. മേഖലയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്ലറ്റുകളിലും സദ്യ ലഭ്യമാക്കും.
ചോറ്, സാമ്പാർ, അവിയൽ, തോരൻ, രസം, കാളൻ, ഓലൻ, കിച്ചടി, പച്ചടി, എരിശ്ശേരി, പരിപ്പുകറി, കൂട്ടുകറി, പാലട പായസം, പരിപ്പ് പ്രഥമൻ പായസം, ഇഞ്ചിപ്പുളി, നാരങ്ങ അച്ചാർ, കൊണ്ടാട്ടം, ശർക്കര വരട്ടി, വാഴപ്പഴം ഉപ്പിലിട്ടത്, വാഴപ്പഴം തുടങ്ങി 22 വിഭവങ്ങൾ അടങ്ങിയ സദ്യയാണ് വാഴയിലയിൽ വിളമ്പുക.
ഉപഭോക്താക്കൾക്ക് മുൻകൂർ ബുക്കിങ്ങിനാവശ്യമായ ക്രമീകരണം സ്റ്റോറുകളിലും ഓൺലൈനിലും ഒരുക്കിയിട്ടുണ്ട്. സ്റ്റോറിൽ ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അടുത്തുള്ള ഏതെങ്കിലും ലുലു ഹൈപ്പർമാർക്കറ്റ് കസ്റ്റമർ സർവിസ് കൗണ്ടറുമായി ബന്ധപ്പെടാം. മുൻകൂർ ഇൻ-സ്റ്റോർ/ഓൺലൈൻ ബുക്കിങ് സൗകര്യം ഫെബ്രുവരി രണ്ടിന് രാത്രി ഏഴുവരെ ലഭ്യമാകും. ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് മദീനത്നയിലെ ബർവ ഫാമിലി ഹൗസിങ്ങിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഖത്തറിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തലാണ് ജനുവരി 25ന് ഇന്ത്യ ഉത്സവ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തത്. ഫെസ്റ്റിവൽ ഫെബ്രുവരി അഞ്ചുവരെ നീളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.