ലോകകപ്പിനെ വരവേൽക്കാനൊരുങ്ങി ലുലു
text_fieldsദോഹ: ഉജ്വലമായ ഷോപ്പിങ് അനുഭവവുമായി ലോകകപ്പിനെ വരവേൽക്കാനൊരുങ്ങി ലുലു ഹൈപ്പർമാർക്കറ്റ്. ഖത്തറിൽ തങ്ങളുടെ 18ാമത്തെ ഹൈപ്പർമാർക്കറ്റ് ഐൻ ഖാലിദിൽ ഉദ്ഘാടനം ചെയ്ത ശേഷം ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയാണ് ഇക്കാര്യം അറിയിച്ചത്. നവംബർ-ഡിസംബർ മാസത്തിലായി നടക്കുന്ന ലോകകപ്പിനിടയിൽ കാണികൾക്ക് കളിവിരുന്നൊരുക്കുന്ന ഫിഫ ഫാൻ സോണുകളിലും ലുലു ഹൈപ്പർമാർക്കറ്റ് സ്ഥാപിക്കുമെന്നും ഐൻ ഖാലിദിലെ പുതിയ ഔട്ട്െലറ്റ് ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.
''വിപുലീകരണ പദ്ധതികളുമായി ലുലു ഹൈപ്പർ മാർക്കറ്റുകൾ മുന്നോട്ട് പോവുകയാണ്. ഫിഫ ലോകകപ്പിന് മുമ്പായി മൂന്ന് ഹൈപ്പർമാർക്കറ്റുകൾ കൂടി പ്രവർത്തനമാരംഭിക്കും. ഖത്തറിലെ വിപണി ഏറെ പ്രധാനപ്പെട്ടതാണ്. ഫാൻ സോണിൽ പ്രവർത്തിക്കുന്നതോടെ സന്ദർശകർക്കും താമസക്കാർക്കും ലുലു മികച്ച അനുഭവം നൽകും. ഇതിനു വേണ്ട സഹായസൗകര്യങ്ങൾ നൽകിയ ഖത്തർ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നു'' -യൂസുഫലി പറഞ്ഞു. ''ലോകത്തിന്‍റെ നാനാഭാഗങ്ങളിൽനിന്നുള്ള കാണികളെത്തുമ്പോൾ, അവർക്ക് സ്വന്തം ഭക്ഷണങ്ങളും വിഭവങ്ങളും എത്തിക്കുകയെന്നതാണ് ഞങ്ങളുടെ ഉത്തരവാദിത്തം. അതിനുള്ള എല്ലാവിധ തയാറെടുപ്പുകളും ഒന്നര വർഷം മുമ്പേ ആരംഭിച്ചു. അതിന്‍റെ ഭാഗമായി നൂതന സാങ്കേതിക, പാരിസ്ഥിതിക സംവിധാനങ്ങളോടെയാണ് പുതിയ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചിരിക്കുന്നത്. നേരത്തെയുള്ള ഹൈപ്പർമാർക്കറ്റുകൾ ഇതേ മാതൃകയിൽ നവീകരിച്ച് സജ്ജമാവും'' -എം.എ. യൂസുഫലി പറഞ്ഞു.
ലോകകപ്പിന്‍റെ ഭാഗമായി സ്പെഷൽ പ്രമോഷൻ പരിപാടികൾ ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കുമെന്ന് ഗ്രൂപ്പ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. ലോകകപ്പിനായി വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ കാണികൾക്കും ആവശ്യമായ ഭക്ഷ്യ വസ്തുക്കളെത്തിക്കും, അതിനായി പ്രത്യേക കൗണ്ടറുകളും ഒരുക്കും. ലോകകപ്പിനായൊരുക്കുന്ന ഫിഫ ഫാൻ സോണിലെ ലുലു ഹൈപ്പർമാർക്കറ്റ് ഏറെ ശ്രദ്ധേയമാവും. ആദ്യ കാർബൺ രഹിത ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ ഒരുങ്ങുമ്പോൾ ഇതേ മാതൃകയിൽ രാജ്യം മുഴുവൻ കാർബൺ ന്യൂട്രൽ സ്റ്റോറുകളായി ലുലു മാറുകയാണ്. നേരത്തെയുള്ള ഹൈപ്പർമാർക്കറ്റുകൾ കൂടി ഗ്രീൻ സ്റ്റോറുകളായി മാറ്റികൊണ്ടാണ് രാജ്യത്തിന്‍റെ പരിസ്ഥിതി സൗഹൃദ ലക്ഷ്യത്തിലേക്ക് ലുലുവും പങ്കുചേരുന്നത്. വിവിധ പരിസ്ഥിതി സൗഹൃദ മാതൃകകളിലൂടെ 2030ഓടെ കാർബൺ ബഹിർഗമനം 50 ശതമാനമായി കുറക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.