പ്ലാസ്റ്റിക് ബാഗിനെതിരെ ബോധവത്കരണവുമായി ലുലു
text_fieldsദോഹ: ജനങ്ങളിൽ പ്ലാസ്റ്റിക് ബാഗ് ഉപയോഗം ഒഴിവാക്കുന്നതിനായി ദോഹ മുനിസിപ്പാലിറ്റി നേതൃത്വത്തിൽ നടക്കുന്ന ബോധവത്കരണ കാമ്പയിനിൽ പങ്കുചേർന്ന് ലുലു ഹൈപ്പർമാർക്കറ്റും. അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ കാമ്പയിൻ ചടങ്ങിന് ഡി റിങ് റോഡിലെ ലുലു ഹൈപ്പർമാർക്കറ്റ് വേദിയായി. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ വിലക്കിക്കൊണ്ട് അടുത്തിടെയാണ് ഉത്തരവിറങ്ങിയത്. മന്ത്രിസഭ നേരേത്ത അംഗീകരിച്ച കരട് നിർദേശം നവംബർ 15 മുതൽ നടപ്പിലാകുമെന്ന് ഒരാഴ്ചമുമ്പ് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം, നിശ്ചിത തീയതി മുതൽ രാജ്യത്ത് കമ്പനികളിലും ഷോപ്പിങ് സെന്‍ററുകളിലും സ്ഥാപനങ്ങളിലുമൊന്നും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ വിൽക്കാനോ കൈമാറാനോ പാടില്ല.
പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങൾക്ക് ബോധവത്കരണം നടത്തുന്നതിന്‍റെ ഭാഗമായാണ് മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ ദോഹ മുനിസിപ്പാലിറ്റി കാമ്പയിൻ ആരംഭിക്കുന്നത്. പ്ലാസ്റ്റിക്കിനു പകരം, പരിസ്ഥിതി സൗഹൃദവും മണ്ണിൽ ലയിച്ചുചേരുന്നതുമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച സഞ്ചികൾ, വീണ്ടും ഉപയോഗിക്കാനാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ-കോട്ടൺ എന്നിവയിൽ നിർമിച്ചവ തുടങ്ങിയ ബദൽ മാർഗങ്ങളാണ് നിർദേശിക്കുന്നത്. ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഫുഡ് കൺട്രോൾ വിഭാഗം ഇൻസ്പെക്ഷൻ യൂനിറ്റ് മേധാവി അലി അൽ ഖഹ്താനി, ഉദ്യോഗസ്ഥരായ ഡോ. അസ്മാ അബൂബക്കർ, ഡോ. ഹിബ അബ്ദുൽ ഹകീം, ലുലു ഗ്രൂപ് ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ് എന്നിവർ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി ദോഹ മുനിസിപ്പാലിറ്റിക്കു കീഴിൽ ഷോപ്പിങ് മാൾ കേന്ദ്രീകരിച്ച് നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചതെന്ന് അലി അൽ ഖഹ്താനി പറഞ്ഞു. ലുലു, കാരിഫോർ മാളുകളിൽ ഈയാഴ്ച ബോധവത്കരണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. കാമ്പയിനിന്‍റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റിലെത്തിയ ഉപഭോക്താക്കൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നൽകി. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്ന ബൂത്തും സജ്ജീകരിച്ചു. ഖത്തറിലെ മുൻനിര ഹൈപ്പർമാർക്കറ്റായ ലുലുവിന് കീഴിൽ രണ്ടു പതിറ്റാണ്ടായി വിവിധങ്ങളായ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നടപ്പാക്കുന്നത്. കാബൺ ബഹിർഗമനം കുറക്കാനും സുസ്ഥിരതയുടെ ഭാഗമായും വിവിധ ഹൈപ്പർമാർക്കറ്റുകൾ പുതുമയേറിയ പദ്ധതികളാണ് പിന്തുടരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.