ചൂടാണ്; ഇന്നുമുതൽ വെയിലേറ്റ് പണിവേണ്ട
text_fieldsദോഹ: അടിമുടി പൊള്ളിക്കുന്ന ചൂട് വർധിക്കുന്നതിനിടെ തുറന്ന ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സംരക്ഷണം നൽകുന്ന ഉച്ചവിശ്രമ നിയമം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. ഖത്തർ തൊഴിൽ മന്ത്രാലയമാണ് മൂന്നര മാസം നീണ്ടുനിൽക്കുന്ന ഉച്ചവിശ്രമ നിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ, സെപ്റ്റംബർ 15 വരെ പകൽ 10നും വൈകീട്ട് 3.30നുമിടയിലുള്ള സമയങ്ങളിൽ തുറസ്സായ ഇടങ്ങളിൽ തൊഴിൽ ചെയ്യാൻ അനുവാദമില്ല.
തണുപ്പുകാലം മാറി, രാജ്യവും മേഖലയും കടുത്ത ചൂടിലേക്ക് നീങ്ങുമ്പോൾ തൊഴിലാളികളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഉച്ച സമയങ്ങളിൽ തൊഴിൽ നിരോധിച്ചുകൊണ്ടുള്ള നിയമം നടപ്പാക്കുന്നത്. ഈ സമയത്ത് സൂര്യവെളിച്ചം നേരിട്ട് കൊള്ളുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യാൻ പാടില്ല.
എല്ലാ വർഷങ്ങളിലും വേനൽക്കാലത്ത് തൊഴിൽ മന്ത്രാലയം ഈ നിയമം നടപ്പാക്കുകയും എല്ലാ നിർമാണ മേഖലകളിലും നടപ്പാക്കുന്നുവെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തുകയും ചെയ്യാറുണ്ട്.
രാവിലെ പത്തിനുമുമ്പും ഉച്ചക്ക് 3.30ന് ശേഷവും മാത്രമേ പുറംതൊഴിലുകള്‍ പാടുള്ളു എന്നതാണ് വ്യവസ്ഥ. ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ കമ്പനികള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോയെന്നറിയാന്‍ എല്ലാ തൊഴിലിടങ്ങളിലും പ്രത്യേകിച്ചും നിര്‍മാണ മേഖലകളില്‍ മന്ത്രാലയത്തിന്റെ കര്‍ശന പരിശോധനയും തുടങ്ങും. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ അടച്ചുപൂട്ടല്‍, ലൈസന്‍സ് റദ്ദാക്കല്‍ ഉൾപ്പെടെയുള്ള നിയമനടപടികളും സ്വീകരിക്കാറുണ്ട്.
വേനല്‍ കടുക്കുമ്പോള്‍ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ തൊഴിലിടങ്ങളില്‍ ആരോഗ്യ ബോധവത്കരണ കാമ്പയിനുകളും സജീവമാകും. വരും ദിനങ്ങളിൽ നിരവധി പ്രചാരണ കാമ്പയിനുകളും മറ്റും തൊഴിൽ മന്ത്രാലയം ആസൂത്രണം ചെയ്യും.
മുൻ വർഷങ്ങളിൽ സമൂഹ മാധ്യമങ്ങളിലൂടെ ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, ഉർദു ഉൾപ്പെടെ വിവിധ ഭാഷകളിലും മന്ത്രാലയത്തിന്റെ അറിയിപ്പുകളും ബോധവത്കരണവും തൊഴിലാളികളിലേക്ക് എത്തിക്കും. ആവശ്യത്തിന് വെള്ളം കുടിക്കുക, തൊഴിലിടങ്ങളിൽ വിശ്രമത്തിന് ഷെൽട്ടറുകൾ സജ്ജമാക്കുക, അടിയന്തര ഘട്ടങ്ങളിൽ ആരോഗ്യ പരിചരണം നൽകുക തുടങ്ങി വിവിധ നിർദേശങ്ങളും സാധാരണ മന്ത്രാലയം നിർദേശിക്കും.
നേരിട്ട് വെയിലേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികളെയാണ് ചൂട് കൂടുതൽ ബാധിക്കുക. അവരുടെ സംരക്ഷണത്തിനാണ് ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.