പെരുന്നാളിന് ലുസൈലിൽ ആകാശോത്സവം
text_fieldsദോഹ: പെരുന്നാൾ ആഘോഷത്തിന് ആകാശ വിസ്മയം തീർക്കാൻ ലുസൈൽ ഒരുങ്ങുന്നു. വിസിറ്റ് ഖത്തറും ഖത്തരി ദിയാറും ചേർന്ന് നടത്തുന്ന ലുസൈൽ സ്കൈ ഫെസ്റ്റിവൽ ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെ ലുസൈൽ പ്ലാസയിൽ അരങ്ങേറും. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 10 വരെയാണ് വർണാഭമായ ആകാശ ദൃശ്യവിരുന്ന് ലുസൈൽ ഒരുക്കുന്നത്.
മേഖലയിലെ തന്നെ ഏറ്റവും വലിയ സ്കൈ ഫെസ്റ്റിവലിനാണ് ഈ പെരുന്നാളിന് ലുസൈൽ ആതിഥ്യമൊരുക്കുന്നതെന്ന് ഖത്തർ ടൂറിസത്തിനു കീഴിലെ വിസിറ്റ് ഖത്തർ അറിയിച്ചു. മൂന്നു ദിനങ്ങളിലായി നടക്കുന്ന ആകാശോത്സവം പെരുന്നാൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നൽകും. അന്താരാഷ്ട്ര എയറോബാറ്റിക്സ്, സ്കൈ ഡൈവിങ്, സ്കൈ റൈറ്റിങ് പ്രകടനങ്ങൾ, ഹൈ-സ്പീഡ് ജെറ്റ് ഡിസ്പ്ലേകൾ എന്നിവയുൾപ്പെടെ നിരവധി ആകാശ പ്രകടനങ്ങൾക്കാവും ലുസൈൽ സ്കൈ ഫെസ്റ്റിവൽ സാക്ഷ്യം വഹിക്കുന്നത്.
ആകാശത്ത് വർണക്കാഴ്ചകൾ വിരിയിക്കുന്ന ലേസർ ഡിസ്പ്ലേക്കും, ആകാശ പൈറോ ടെക്നിക്കുകൾ വഴിയുള്ള അപൂർവ പ്രദർശനവും, ഡ്രോൺ ഷോകളും നിറയുന്ന സ്കൈ ഫെസ്റ്റ് ഗൾഫ് മേഖലയിലെത്തന്നെ അത്യപൂർവ ഉത്സവക്കാഴ്ചയാവും ലുസൈലിൽ ഒരുക്കുന്നത്.
സ്കൈ ഡൈവിങ് പ്രദർശനം സാഹസിക കാഴ്ചകൾ സമ്മാനിക്കും. രാത്രികളെ വർണാഭമാക്കുന്ന ലേസർ പ്രദർശനത്തിനും വെടിക്കെട്ടിനും അകമ്പടിയായി മ്യൂസികും ലൈറ്റ് ഷോയും അരങ്ങേറും. ആകാശത്ത് ദൃശ്യവിസ്മയത്തിനായി 150 പൈറോടെക്നിക് എയർ ക്രാഫ്റ്റുകളും, 3000ത്തോളം ഇലുമിനേറ്റഡ് ഡ്രോണുകളുമാണ് ഭാഗമാവുന്നത്.
ആകാശ കാഴ്ചകൾക്കപ്പുറം വിവിധ രുചികളിലുള്ള വിപുലമായി ഫുഡ് പ്രദർശനവും പരിപാടികളുടെ ഭാഗമായി നടക്കും. പ്രത്യേകം സജ്ജീകരിക്കുന്ന ഫുഡ് സോണിൽ 14 ട്രക്കുകളിലായി ഭക്ഷ്യമേള സജ്ജീകരിക്കുന്നുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിവിധ മത്സരങ്ങൾ, കലാപ്രദർശനങ്ങൾ, വിനോദ പരിപാടികൾ തുടങ്ങിയവയും പെരുന്നാളിന് പിന്നാലെ ഏപ്രിൽ മൂന്നു മുതൽ അഞ്ചു വരെ നടക്കുന്ന ലുസൈൽ സ്കൈ ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.