ആഡംഭരവും അതിവേഗവും; ഗൾഫ്സ്ട്രീം അവതരിപ്പിച്ച് ഖത്തർ എയർവേസ്
text_fieldsദോഹ: ഖത്തർ എയർവേസിന്റെ ആഡംഭര പ്രൈവറ്റ് ചാർട്ടേഡ് വിമാന സീരീസിലെ പുതിയ അംഗമായ ഗൾഫ് സ്ട്രീം ജി 700 പാരിസ് എയർഷോയിൽ അവതരിപ്പിച്ചു. ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒ അക്ബർ അൽ ബാകിർ, ഗതാഗത മന്ത്രി ജാസിം ബിൻ സൈഫ് ബിൻ അഹമ്മദ് അൽ സുലൈതി, ഫ്രാൻസിലെ ഖത്തർ അംബാസഡർ ശൈഖ് അലി ബിൻ ജാസിം ആൽഥാനി, ഹമദ് വിമാനത്താവളം സി.ഒ.ഒ ബദർ മുഹമ്മദ് അൽ മീർ, ഗൾഫ് ട്രീം എയ്റോസ്പേസ് പ്രസിഡന്റ് മാർക് ബേൺസ് എന്നിവർ ചേർന്നാണ് പരിസിൽ പുതിയ എയർക്രാഫ്റ്റ് പുറത്തിറക്കിയത്.
ആഡംഭര വിമാനയാത്രയുടെ പര്യായമായാണ് ചാർട്ടർവിമാന നിരയായ ഖത്തർ എക്സിക്യൂട്ടിവ്സിലേക്ക് ജി 700 ഇടം പിടിക്കുന്നത്. ഖത്തർ എയർവേസിന്റെ സ്വകാര്യ ലക്ഷ്വറി പ്രൈവറ്റ് ജെറ്റ് ചാർട്ടർ ഡിവിഷനാണ് ഖത്തർ എക്സിക്യൂട്ടവ്. നാലു വർഷം മുമ്പ് പ്രഖ്യാപിച്ച ഗൾഫ് സ്ട്രീം ജി 700 വിമാനങ്ങളിലെ ആദ്യ എയർക്രാഫ്റ്റാണ് ഇപ്പോൾ ഖത്തർ എക്സിക്യൂട്ടിവിന്റെ ഭാഗമായത്. ഈ വർഷം പത്ത് വിമാനങ്ങളാണ് ഈ നിരയിൽ എത്തുന്നത്. ഒപ്പം പരിസ്ഥിതിസൗഹൃദ വിമാന ഇന്ധന ഉപയോഗം എന്ന ലക്ഷ്യംകൂടി പ്രാവർത്തികമാക്കുന്നതാണ്. അമേരിക്കയിലെ ജോർജിയ സവന്നയിൽ നിന്നും പാരിസിലേക്ക് പറന്നെത്തിയായിരുന്നു പുറത്തിറക്കൽ ചടങ്ങിൽ പങ്കാളിയായത്. ഏഴ് മണിക്കൂർ 19 മിനിറ്റിൽ കുതിച്ച വിമാനം മാച്ച് 0.90 വേഗത്തിൽ പറന്നുവെന്ന റെക്കോഡുമുണ്ട്. വേഗത, ആഡംഭര ക്യാബിൻ, വിമാനത്തിന്റെ ആശയവിനിമയത്തിനുപയോഗിക്കുന്ന എവിയോണിക്സ്, സുരക്ഷ തുടങ്ങി പല ഘടകങ്ങളിലും അത്യാധുനികമാണ് ഗൾഫ്സ്ട്രീം. റോൾസ് റോയ്സ് വികസിപ്പിച്ച ഇരട്ട പേൾ 700 എൻജിനാണ് കരുത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.