സ്വദേശി വ്യവസായിക പ്രദർശനവുമായി ‘മെയ്ഡ് ഇൻ ഖത്തർ’
text_fieldsദോഹ: നവംബർ 29 മുതൽ ഡിസംബർ രണ്ടു വരെ ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ (ഡി.ഇ.സി.സി) നടക്കുന്ന ‘മെയ്ഡ് ഇൻ ഖത്തർ’ പ്രദർശനത്തിൽ 450ഓളം കമ്പനികൾ പങ്കെടുക്കുമെന്ന് ഖത്തർ ചേംബർ അറിയിച്ചു.
ഫർണിച്ചർ, ഭക്ഷണം, പെട്രോകെമിക്കൽസ്, സേവനങ്ങൾ, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ, മറ്റു മേഖലകളിലെ വ്യവസായങ്ങൾ എന്നിങ്ങനെ ആറ് മേഖലകളിലായി ഇതുവരെ 450ഓളം കമ്പനികൾ എക്സിബിഷനിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഖത്തർ ചേംബർ ചെയർമാനും ‘മെയ്ഡ് ഇൻ ഖത്തർ’ എക്സിബിഷൻ ഉന്നതാധികാര സമിതി അധ്യക്ഷനുമായ ശൈഖ് ഖലീഫ ബിൻ ജാസിം ആൽഥാനി പറഞ്ഞു.
തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തിയെന്നും ഖത്തർ ആസ്ഥാനമായ വ്യാവസായിക കമ്പനികളുടെ വിപുലമായ പങ്കാളിത്തത്തിനായിരിക്കും ഇത്തവണ എക്സിബിഷൻ സാക്ഷ്യം വഹിക്കുകയെന്നും ശൈഖ് ഖലീഫ ആൽഥാനി കൂട്ടിച്ചേർത്തു. പ്രദർശനത്തിനായുള്ള ഡി.ഇ.സി.സിയിലെ 30,000 ചതുരശ്രമീറ്റർ സ്ഥലം കമ്പനികളുടെ പങ്കാളിത്തത്തോടെ പൂർത്തിയായി. പ്രാദേശിക വ്യവസായത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വെല്ലുവിളികളും അഭിസംബോധന ചെയ്യുന്നതിന്റെ ഭാഗമായി പാനൽ ചർച്ചകൾ നടക്കും.
വാണിജ്യ വ്യവസായ മന്ത്രാലയം, ഖത്തർ ഡെവലപ്മെന്റ് ബാങ്ക്, ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേഡ്സ് ആൻഡ് മെട്രോളജി, ഇൻവെസ്റ്റ് പ്രമോഷൻ ഏജൻസി ഖത്തർ, ഖത്തർ ഫ്രീസോൺ അതോറിറ്റി, ഖത്തർ ചേംബർ എന്നിവിടങ്ങളിൽ നിന്നുള്ള പ്രഭാഷകർ പങ്കെടുക്കുന്ന ‘ഖത്തറിലെ വ്യവസായങ്ങളുടെ ഭാവി’ എന്ന തലക്കെട്ടിലുള്ള ചർച്ച ആദ്യദിനം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വ്യവസായിക മേഖലയിലെ ഏറ്റവും പുതിയ ഉൽപന്നങ്ങളെയും സേവനങ്ങളെയും കുറിച്ച് സന്ദർശകർക്ക് കൂടുതൽ ഉൾക്കാഴ്ച നൽകുകയാണ് എക്സിബിഷനിലൂടെ ലക്ഷ്യമിടുന്നത്. വ്യവസായ വിദഗ്ധരുമായും നിക്ഷേപകരുമായും ഇടപഴകാനും രാജ്യത്തെ വിവിധ കമ്പനികളുടെ വിജയഗാഥകളെ പരിചയപ്പെടാനും സന്ദർശകർക്ക് അവസരം ലഭിക്കും.
ഖത്തരി വ്യവസായം മെച്ചപ്പെടുത്തുക, വ്യവസായിക വികസനത്തിനായുള്ള ഭരണകൂടത്തിന്റെ ശ്രമങ്ങളെ പിന്തുണക്കുക, ആഭ്യന്തര തലത്തിലും ആഗോളാടിസ്ഥാനത്തിലും ഖത്തരി ഉൽപന്നങ്ങളെയും വ്യവസായത്തെയും പ്രോത്സാഹിപ്പിക്കുക, പ്രാദേശിക ഉൽപന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, വ്യവസായിക പദ്ധതികളിൽ നിക്ഷേപം നടത്താൻ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നിവയും എക്സിബിഷനിലൂടെ സംഘാടകർ ലക്ഷ്യമിടുന്നു. ‘മെയ്ഡ് ഇൻ ഖത്തർ’ എക്സിബിഷനിലേക്ക് ഗൾഫ് വ്യാപാര പ്രതിനിധികളുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ജി.സി.സി ചേംബർ ഓഫ് കോമേഴ്സിനെ ഖത്തർ ചേംബർ ക്ഷണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.