ഇതാ, കോവിഡിനെ പടികടത്തിയ മധുവിൻെറ കഥ
text_fieldsദോഹ: ലോകത്തെ മുഴുവൻ കീഴ്പ്പെടുത്തുന്ന കോവിഡ് രോഗത്തിൽ നിന്ന് മുക്തി നേടിയ ആലുപ്പുഴക്കാരൻ മധു പറയുന്നു, നിതാന്തജാഗ്രതയും കൃത്യസമയത്തെ ചികിൽസയുമുണ്ടെങ്കിൽ കോവിഡിനെ തോൽപിക്കാമെന്ന്. മൂന്നുപരിശോധനകളും പൂർത്തിയായപ്പോൾ മൂന്നിലും 43കാരനായ മധുവിന് നെഗറ്റീവ്. അങ്ങിനെ ജീവിതം വീണ്ടും പോസിറ്റീവ്!.
ആലപ്പുഴ നൂറനാട് സ്വദേശിയും ഖത്തർ പ്രവാസിയുമായ മധു കോവിഡിനെ പടികടത്തിയപ്പോൾ നന്ദി പറയുന്നത് പ്രവാസികൾക്കടക്കം മികച്ച ചികിൽസ നൽകുന്ന ഖത്തർ ഭരണാധികാരികളോടാണ്. രോഗലക്ഷണം കണ്ട ഉടൻതന്നെ ചികിൽസ തേടുകയായിരുന്നു. തൊണ്ട വേദനയും ചുമയുമായിരുന്നു തുടക്കം. കാലാവസ്ഥാമാറ്റത്തിേൻറതായിരിക്കുമെന്ന് കരുതിയെങ്കിലും കുത്തിക്കുത്തിയുള്ള ചുമ കൂടിവന്നു. രാവിലെ കുറയുന്ന ചുമ രാത്രിയായാൽ അധികമാവും. അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് ഖത്തറിൽ തിരിച്ചെത്തിയ രണ്ട് കൂട്ടുകാർ സർക്കാർ നിർദേശമനുസരിച്ച് മധുവിൻെറ റൂമിൽ സമ്പർക്കവിലക്കിൽ കഴിയുകയായിരുന്നു. ഇവരുടെ കൂടെയാണ് മധുവും ഇൻഡസ്ട്രിയൽ ഏരിയയിലെ ഹമദ് ആശുപത്രിയിൽ പരിശോധനക്ക് പോയത്.
എന്നാൽ നാല് ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യമന്ത്രാലയം അധികൃതർ ആംബുലൻസുമായെത്തി ഉംസെയ്ദ് ആശുപത്രിയിലേക്ക് തിരികെ കൊണ്ടുപോയി. കോവിഡ് പരിശോധന പോസിറ്റീവ് ആയിരുന്നു.
ആദ്യം ഉള്ളൊന്നാളിയെങ്കിലും ഡോക്ടർമാർ ആശ്വസിപ്പിച്ചു. നല്ല വിശ്രമവും നല്ലഭക്ഷണവും കഴിച്ചാൽ അടുത്ത ഫലം നെഗറ്റീവ് ആകുമെന്ന അവരുടെ വാക്കുകൾ ആത്മവിശ്വാസം നൽകി. രണ്ട് ദിവസം കഴിഞ്ഞുള്ള പരിശോധനയിൽ ഫലം നെഗറ്റീവ്. ആറുദിവസം കഴിഞ്ഞുള്ള അടുത്ത പരിശോധനയും നെഗറ്റീവ്. ഇതോടെ മധുവിനെയും നെഗറ്റീവ് ആയ മറ്റുള്ളവരെയും ഉംസലാലിലെ താൽക്കാലിക ആശുപത്രിയിലേക്ക് മാറ്റി. നിരീക്ഷണത്തിന് ശേഷം 10 ദിവസം കൂടി കഴിഞ്ഞാൽ തിരിച്ചുപോകാമെന്നും ജോലിയിൽ പ്രവേശിക്കാമെന്നും ഡോക്ടർമാർ പറയുന്നു.
ഓരോരുത്തവർക്കും പ്രഷർ, ഷുഗർ തുടങ്ങിയവ നോക്കി വ്യത്യസ്ത ഭക്ഷണമാണ് അധികൃതർ നൽകിയത്. ആൻറിബയോട്ടിക്കും കഴിച്ചു. ശരീരോഷ്മാവ് നോക്കൽ അടക്കമുള്ള അനുബന്ധ പരിശോധനകളും മുടങ്ങാതെയുണ്ട്. സ് നേഹപൂർവായിരുന്നു ഡോക്ടർമാരടക്കമുള്ളവരുടെ പെരുമാറ്റം. ഖത്തറിൽ ആദ്യമായി പ്രവാസികളിൽ രോഗം കണ്ട സെൻട്രൽ മാർക്കറ്റിൽ പോയ ആളിൽ നിന്നാകാം തനിക്ക് രോഗം വന്നതെന്ന് മധു പറയുന്നു.
എല്ലാവരും ഏതെങ്കിലും തരത്തിലുള്ള ലക്ഷണം കണ്ടാൽ ഉടൻ ചികിൽസ തേടണം. ജാഗ്രത പാലിച്ചാൽ പേടിക്കേണ്ടതില്ല. നാട്ടിലും വിദേശത്തുമുള്ള എല്ലാവരോടും മധുവിൻെറ അനുഭവത്തിൽ നിന്നുള്ള ഉപദേശമാണിത്. എട്ട് വർഷമായി ഖത്തറിൽ എത്തിയിട്ട്. ദോഹയിലെ ഫെസിലിറ്റി മാനേജ്മെൻറ് കമ്പനിയിൽ ജോലി ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.