മഹല്ലുകൾ കാലാനുസൃതം ശാക്തീകരിക്കപ്പെടണം –മംവാഖ്
text_fieldsദോഹ: മാറ്റങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ കഴിയുംവിധം മഹല്ലുകൾ ശാക്തീകരിക്കപ്പെടേണ്ടതുണ്ടെന്ന് ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ മംവാഖ് സംഘടിപ്പിച്ച മഹല്ല് ശിൽപശാല. ജാതിമത ഭേദമന്യേ പൊതുസമൂഹത്തിെൻറയും രാജ്യത്തിെൻറയും പുരോഗതിക്കും ഐക്യത്തിനുമായി ഒട്ടേറെ കാര്യങ്ങൾ നിർവഹിക്കാൻ മഹല്ലുകൾക്ക് സാധ്യതയും വിഭവങ്ങളുമുണ്ട്. ആസൂത്രിതമായും സർഗാത്മകമായും അവ ഉപയോഗപ്പെടുത്തുകയാണെങ്കിൽ ഓരോ മഹല്ലിെൻറയും കർമഭൂമിയിൽ വലിയ പരിവർത്തനങ്ങളുണ്ടാക്കാനാവും. അതിന് വ്യവസ്ഥാപിത പഠനങ്ങളും പരിശീലനങ്ങളും അനുഭവങ്ങളുടെ പങ്കുവെപ്പും നടക്കേണ്ടതുണ്ട്.
പ്രത്യേകം ക്ഷണിക്കപ്പെട്ട 75 മഹല്ലുകൾക്കായാണ് മംവാഖ് ശിൽപശാല നടത്തിയത്. നിരവധി മഹല്ല് ഭാരവാഹികളും മഹല്ലുകൾക്ക് പിന്തുണയേകി പ്രവർത്തിക്കുന്ന പ്രവാസി കൂട്ടായ്മകളുടെ സാരഥികളും പങ്കെടുത്തു. മലമ്പുഴ എസ്. ഐ.എം.ഇ.ടി നഴ്സിങ് കോളജ് അസിസ്റ്റൻറ് പ്രഫ. ഷംസാദ് സലീം 'ശാക്തീകരണം: പ്രായോഗികാനുഭവങ്ങളും മാർഗങ്ങളും' വിഷയത്തിലും ഇൻറർനാഷനൽ മാനേജ്മെൻ്റ് ട്രെയിനറും സൈൻ സ്ഥാപനങ്ങളുടെ സി.ഇ.ഒയുമായ റാശിദ് ഗസാലി 'മഹല്ല് ശാക്തീകരണം: സാധ്യതകൾ' വിഷയത്തിലും സിജി ഖത്തർ കരിയർ ഹെഡ് മുഹമ്മദ് ഫൈസൽ 'വിദ്യാഭ്യാസ തൊഴിൽ ഉന്നമനം മഹല്ലു വഴി' വിഷയത്തിലും സംസാരിച്ചു. ശാരിഖ് അക്ബറിെൻറ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ശിൽപശാലയിൽ മംവാഖ് പ്രസിഡൻറ് പി.എം. അസ്ഹറലി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു. പ്രോഗ്രാം കൺവീനർ അഹ്മദ് കബീർ പൊന്നാനി സമാപന പ്രസംഗം നിർവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.