അനാഥർക്കൊരു ലോകനഗരമൊരുക്കാം
text_fieldsദോഹ: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അവസാന നാളുകളിൽ ഏറ്റവും വലിയൊരു ജീവകാരുണ്യ പ്രവർത്തനവുമായി പൊതുജനങ്ങളെ സമീപിക്കുകയാണ് ഖത്തർ ചാരിറ്റി. അനാഥകൾക്കുവേണ്ടി ലോകത്തെ ഏറ്റവും വലിയ മൾട്ടി സർവിസ് സിറ്റി നിർമാണം ലക്ഷ്യമിട്ടാണ് ‘27ാം രാവ് ചലഞ്ച്’ എന്ന പേരിൽ ധനശേഖരണ യത്നത്തിന് തുടക്കം കുറിച്ചത്.
ഖത്തർ ചാരിറ്റിയുടെ റമദാൻ കാമ്പയിനായി ‘എൻഡ്ലസ് ഗിവിങ്’ പ്രചാരണത്തിന്റെ തുടർച്ചയായാണ് റമദാനിലെ ഏറ്റവും വിശുദ്ധമായ അവസാന പത്തിലെ ദിനങ്ങളിൽ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചത്. അഞ്ച് കോടി റിയാൽ ഈ ദിവസങ്ങളിലായി ശേഖരിക്കുകയാണ് ലക്ഷ്യം.
‘27ാം രാത്രി ചലഞ്ചിന് കതറാ വില്ലേജിലെ വിസ്ഡം സ്ക്വയറിൽ ബുധനാഴ്ച രാത്രി തുടക്കം കുറിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തുടരുന്ന ധനശേഖരണ പരിപാടിയിൽ സമൂഹ മാധ്യമ താരങ്ങളായ അബ്ദുല്ല അൽ ഗഫ്റി, ഡോ. അബ്ദുറഹ്മാൻ അൽ ഹറമി, മുഹമ്മദ് അദ്നാൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി അനാഥത്വം അനുഭവിക്കുന്ന കുരുന്നുകൾക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, താമസം, ജീവിതം എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യംവെച്ചാണ് ബഹുമുഖ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഓർഫൻ സിറ്റി നിർമിക്കുന്നത്. തുർക്കിയയിലെ ഇസ്തംബൂളിലാണ് ഖത്തർ ചാരിറ്റി നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നത്.
2000 കുട്ടികൾക്ക് പഠനവും താമസവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കും. 1200 കുട്ടികൾക്ക് ഇവിടെ താമസിച്ചും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 800 കുട്ടികൾക്ക് അവരുടെ നാടുകളിലുമായി സംരക്ഷണം ഒരുക്കുകയാണ് ലക്ഷ്യമിടുന്നത്. ഏറ്റവും മികച്ച വിദ്യാഭ്യാസം, ഉന്നത പഠനത്തിനുള്ള കലാശാലകൾ, ആരോഗ്യ പരിചരണം, താമസം, വ്യക്തിത്വ വികസനം തുടങ്ങി ബഹുമുഖ ലക്ഷ്യങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും ലോകത്തെ ഏറ്റവും വലിയ ഓർഫൻ സിറ്റി.
88,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതി പ്രദേശത്ത് സ്കൂൾ, താമസ സൗകര്യം, ഭക്ഷണ ഹാൾ, വർക്ഷോപ് ട്രെയിനിങ് ബിൽഡിങ്, ഇൻഡോർ-ഔട്ട്ഡോർ കളിസ്ഥലങ്ങൾ, സ്വിമ്മിങ് പൂൾ, പള്ളി, പൂന്തോട്ടം, പാർക്ക്, അതിഥി മന്ദിരം ഉൾപ്പെടെ വിശാലമായ സൗകര്യങ്ങൾ ഒരുക്കും.
ദൗത്യത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് ഖത്തർ ചാരിറ്റി വെബ്സൈറ്റ് വഴി സംഭാവന നൽകാവുന്നതാണ്. ഇതിനു പുറമെ, ഖത്തർചാരിറ്റി ബ്രാഞ്ചുകളിൽ നേരിട്ടും ആപ് വഴിയും നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.