പെരുന്നാൾ പിറ്റേന്ന് മലബാർ അടുക്കള ‘ചിത്രഗീതം’
text_fieldsദോഹ: ചെറിയ പെരുന്നാൾ പിറ്റേന്ന് ഖത്തറിലെ സംഗീതപ്രേമികൾക്ക് മലയാളത്തിന്റെ അനുഗൃഹീത ഗായകരുടെ ‘ചിത്രഗീത’വുമായി മലബാർ അടുക്കള. കെ.എസ്. ചിത്ര നയിക്കുന്ന ‘ചിത്രഗീതം’സംഗീത വിരുന്നിന് ഏപ്രിൽ 22ന് ദോഹ വേദിയാവും.
മാപ്പിളപ്പാട്ടുകളിലൂടെ മലയാളി ആസ്വാദകരുടെ മനസ്സിൽ ഇടം പിടിച്ച കണ്ണൂർ ഷെരീഫും പിന്നണി ഗായകൻ കെ.കെ. നിഷാദും വയലിനിസ്റ്റ് വേദ മിത്രയും പരിപാടിയിൽ ഒന്നിക്കുമെന്ന് മലബാർ അടുക്കള ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അൽ അറബ് സ്പോർട്സ് ക്ലബിൽ നടക്കുന്ന പരിപാടിയിൽ 15ഓളം കലാകാരന്മാർ അണിനിരക്കും.
റേഡിയോ മലയാളം 98.6 എഫ്.എമ്മുമായി സഹകരിച്ചാണ് ‘ചിത്രഗീതം’സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ പോസ്റ്റർ, വിഡിയോ ടീസർ, ടിക്കറ്റ് എന്നിവ സൈത്തൂൻ റസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
കേരളത്തിലെയും ജി.സി.സി രാജ്യങ്ങളിലെയും പാചകപ്രേമികളുടെ സമൂഹമാധ്യമ കൂട്ടായ്മയായി വളർന്നു ശ്രദ്ധേയരായി മാറിയ സംഘമാണ് മലബാർ അടുക്കള. പാചക മേഖലയിലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾക്കൊപ്പം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും കൂട്ടായ്മ സജീവമാണ്. ചിത്രഗീതത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം 30ഓളം പേർ പങ്കെടുത്ത പാചക മത്സരവും സംഘടിപ്പിച്ചു.
പരിപാടിയുടെ ബ്രോഷർ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠനും വിഡിയോ ടീസർ ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവയും പുറത്തിറക്കി.
വാർത്തസമ്മേളനത്തിൽ റിയാദ മെഡിക്കൽ സെന്റർ പ്രതിനിധി മാനസ, ലോങ്ലാസ്റ്റ് ലാബ് ഗ്രൂപ് ഡയറക്ടർ ഇസ്മയിൽ, ഗ്രാൻഡ് മാൾ റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, മലബാർ അടുക്കള അഡ്മിൻ ഷഹാന ഇല്യാസ്, നൗഫൽ അബ്ദുറഹ്മാൻ, പ്രോഗ്രാം കൺവീനർ അസീസ് പുറായിൽ എന്നിവർ പങ്കെടുത്തു.
ഏബിൾ ഇന്റർനാഷനൽ ഗ്രൂപ് മാനേജർ അൻസാർ, കെ.എം.സി.സി പ്രസിഡന്റ് എ.എസ്.എം. ബഷീർ എന്നിവർ ടിക്കറ്റുകൾ പുറത്തിറക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.