ഭരണകൂട വാഴ്ത്തുപാട്ടുകാരായി മലയാള മാധ്യമങ്ങളും മാറുന്നു -രാജീവ് ശങ്കരന്
text_fieldsദോഹ: ഭരണകൂടത്തിന്റെ വാഴ്ത്തുപാട്ടുകാരായ ദേശീയ മാധ്യമങ്ങളെപോലെ തന്നെ കേരളത്തിലെ മാധ്യമങ്ങളും മാറിയിരിക്കുകയാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് രാജീവ് ശങ്കരൻ അഭിപ്രായപ്പെട്ടു. വിറ്റുപോയ മാധ്യമങ്ങളെ നമുക്ക് മനസ്സിലാകുമെന്നും വില്‍ക്കപ്പെടാതെ ആ ആശയങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ മനസ്സിലാക്കാന്‍ എളുപ്പമല്ലെന്നും അത്തരം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധം വളരെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച ടോക്ക് സീരീസില്‍ ‘വര്‍ത്തമാന കാലത്തെ മാധ്യമ വിചാരങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വതന്ത്രമാധ്യമ പ്രവര്‍ത്തനം അസാധ്യമായ ഒന്നായി മാറിയിരിക്കുന്നു. അങ്ങനെ ചെയ്യുന്നവരെ അവരുടെ ആശയങ്ങളുടെ അല്ലെങ്കില്‍ സ്ഥാപനങ്ങളുടെ വേര് ചികഞ്ഞ് വേട്ടയാടപ്പെടുകയാണ്. താൻ മീഡിയ വൺ ചാനലിൽ ഇരുന്ന് ഔട്ട് ഓഫ് ഫോക്കസിൽ പറഞ്ഞത് എന്റെ അഭിപ്രായങ്ങൾ മാത്രമായിരുന്നു. അവിടെ ഒരു അഭിപ്രായം പറയാനും മാനേജ്മെന്റ് നിർബന്ധിച്ചിരുന്നില്ല. എന്നാൽ എന്റെ അഭിപ്രായത്തിന്റെ പേരിൽ പോലും ചാനൽ മാനേജ്മെന്റിന്റെ വേര് ചികഞ്ഞ് എന്നെ വേട്ടയാടുകയായിരുന്നു.
വരുംതലമുറയെ മതേതര കാഴ്ചപ്പാടില്‍ വളര്‍ത്തണമെങ്കില്‍ അവന്റെ വിദ്യാഭ്യാസ പരിസരത്തുനിന്ന് പഠിച്ചുവരുന്ന ചിന്തകളെ മാറ്റി പഠിപ്പിക്കേണ്ട അധികബാധ്യതകൂടി വന്ന് ചേര്‍ന്നിരിക്കുകയാണ്. ഈ അവസ്ഥ സൃഷ്ടിച്ചതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പണ്ടുകാലങ്ങളില്‍ സെന്സേഷനലിസം എന്ന ഘടകമേ മാധ്യമ മേഖലയില്‍ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അതിനൊപ്പം വിദ്വേഷവും വിഭാഗീയതയും സമം ചേര്‍ത്താണ് വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നത്.
റിപ്പോർട്ടിങ് അല്ല യഥാർഥത്തിൽ ഇന്ന് നടക്കുന്നത്. വിലയിരുത്തലുകളെ വിലയിരുത്തൽ എന്ന രീതിയിൽ മാത്രമേ സാധാരണക്കാരിലേക്ക് എത്തിക്കാവൂ. പത്രപ്രവര്‍ത്തനം എന്നത് പ്രേക്ഷകര്‍ക്ക് വാര്‍ത്തകളെത്തിക്കുക എന്നതില്‍ നിന്ന് മാറി സോഷ്യല്‍മീഡിയയില്‍ റീച്ച് കൂട്ടാനും വൈറലാകാനുമുള്ള വ്യഗ്രതയായിരിക്കുന്നു. പ്രേക്ഷകര്‍ തന്നെയാണ് ഇത് തിരുത്തേണ്ടത്. തങ്ങളുടെ ആശയങ്ങള്‍ക്കെതിരെ വരുന്നത് പ്രതിരോധിക്കുക എന്നതിലുപരി സർഗാത്മക വിമര്‍ശനങ്ങളാണ് ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കള്‍ചറല്‍ ഫോറം പ്രസിഡന്റ് ചന്ദ്രമോഹന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം സജ്ന സാക്കി നന്ദിയും പറഞ്ഞു. രാജീവ് ശങ്കരനുള്ള ഉപഹാരം പ്രസിഡന്റ് കൈമാറി. ചടങ്ങിൽ വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.