കതാറ സ്റ്റുഡിയോസ് നിർമിച്ച ‘ഹദഫ്.. ഹദഫ്...’ ഗാനത്തിൽ മലയാള സാന്നിധ്യവും
text_fieldsദോഹ: കിക്കോഫ് വിസിൽ മുഴക്കത്തിന് പത്തുനാൾ മാത്രം ബാക്കിനിൽക്കെ ഏഷ്യൻ കപ്പ് ആവേശത്തിന് ദ്രുതതാളമായി ഔദ്യോഗിക ഗാനവുമെത്തി. ഗോൾ.. ഗോൾ എന്ന അർഥത്തിൽ ‘ഹദഫ് ഹദഫ്..’ അറബി വരികളുമായാണ് കതാറ സ്റ്റുഡിയോസ് ഏഷ്യൻ കപ്പ് ഫുട്ബാളിന്റെ ഔദ്യോഗിക ഗാനം തയാറാക്കിയത്. ഖത്തരി ഗായകൻ ഫഹദ് അൽ ഹജ്ജാജിയും കുവൈത്ത് ഗായകൻ ഹുമൂദ് അൽ ഖുദറും ചേർന്നാണ് ഫുട്ബാളും ജീവിതവും സ്വപ്നവുമെല്ലാം സമ്മേളിക്കുന്ന ഗാനം സമ്മാനിക്കുന്നത്. 3.57 മിനിറ്റ് ദൈർഘ്യമുള്ള ഗാനം തിങ്കളാഴ്ച ഉച്ചയോടെ പുറത്തിറങ്ങി മണിക്കൂറുകൾക്കം ആരാധകരും ഏറ്റെടുത്തു.
പല ദേശക്കാരും ഭാഷക്കാരും ഒന്നിച്ചിരുന്ന് യാത്രചെയ്യുന്ന ദോഹ മെട്രോയിലെ കാഴ്ചയും ഒപ്പം ഹൃദ്യമായ ഈണത്തിലെ ഹമ്മിങ്ങുമായാണ് ‘ഹദഫ്.. ഹദഫ്...’ തുടങ്ങുന്നത്. ആദ്യ ഫ്രെയിമിൽ തന്നെ മലയാളി വീട്ടമ്മയുമെത്തുന്നത് ആതിഥേയ മണ്ണിലെ പ്രവാസികളെ കൂടി ചേർത്തുനിർത്തുന്നു. മലയാളിയുടെ ഗൃഹാതുരമായ ഓർമകൾ സമ്മാനിക്കുന്ന കാഴ്ചകളും ഗാനത്തിനൊപ്പം ഫ്രെയിമിലൂടെ മിന്നിമറഞ്ഞുപോകുന്നു.
വീട്ടിലെ ചുമരിൽ തൂങ്ങിനിൽക്കുന്ന ‘പി.കെ. കൃഷ്ണൻ’ എന്ന കലണ്ടർ ദൃശ്യവും ഒരു അമ്മയും മകളും തമ്മിലെ ആത്മബന്ധവും മുതൽ നൃത്തവും ഫുട്ബാളും സാംസ്കാരിക വൈവിധ്യവുമെല്ലാം ഗാനത്തിൽ അലയടിക്കുന്നു. കുവൈത്ത് ചലച്ചിത്ര പ്രവർത്തകയും ഗാനരചയിതാവുമായ ഹിബ ഹംദയാണ് ഗാനരചന നിർവഹിച്ചത്. കതാറ സ്റ്റുഡിയോസ് സംവിധാനവും നിർമാണവും നിർവഹിച്ച ഗാനം ‘എവേകനിങ് മ്യൂസിക്’ വഴിയാണ് യൂട്യൂബിൽ പുറത്തിറക്കിയത്.
ഏഷ്യൻ കപ്പ് ഔദ്യോഗിക ഗാനത്തിന്റെ കവർ ചിത്രം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.