ഫിഫ ബെസ്റ്റ് വേദിയിലെ 'മലയാളി ബെസ്റ്റ്'
text_fieldsദോഹ: ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ കണ്ണുകളെല്ലാം പതിഞ്ഞ വേദി. ഒരേസമയം, ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നായി ദശലക്ഷം പേർ വീക്ഷിച്ച ഫിഫ ദി ബെസ്റ്റ് പുരസ്കാര പ്രഖ്യാപനമായിരുന്നു കഴിഞ്ഞ രാത്രിയിൽ ഏറ്റവും വലിയ ഫുട്ബാൾ വിശേഷം. സൂപ്പർതാരങ്ങൾക്ക് പോലും പ്രിയമായ ഈ വേദിയിൽ ഒരുനിമിഷമെങ്കിലും എത്തിനോക്കാനായെങ്കിൽ എന്ന് കൊതിക്കാത്ത ഫുട്ബാൾ പ്രേമികളുണ്ടാവില്ല. കോവിഡ് പശ്ചാത്തലത്തിൽ മുൻവർഷത്തേതുപോലെ ഇക്കുറിയും കാണികളുടെ സാന്നിധ്യമില്ലാതെ നടന്ന ചടങ്ങിൽ, പക്ഷേ വേദിയിലെ കൂറ്റൻ ഡിജിറ്റൽ ചുമർ നിറയെ കാണികളുണ്ടായിരുന്നു. ലോകത്തിന്‍റെ പലഭാഗങ്ങളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഫുട്ബാൾ ആരാധകർ. അവരിൽ അഞ്ചുപേർ മലയാളികളായിരുന്നുവെന്നതാണ് കേരളത്തിന്‍റെ ഫുട്ബാൾ പ്രേമത്തെ ആഗോള ശ്രദ്ധയിലെത്തിക്കുന്നത്. രണ്ടു പേർ ഖത്തറിലെയും രണ്ടു പേർ യു.എ.ഇയിലെയും പ്രവാസികൾ.
ആലുവ എടത്തല സ്വദേശി അജാസും കോഴിക്കോട് കുറ്റ്യാടി പാറക്കടവിൽനിന്നുള്ള ലബീബുമാണ് ഖത്തറിൽനിന്നുള്ള മലയാളി സാന്നിധ്യം. ഫിഫ ഫാൻ മൂവ്മെന്റിൽ പ്രധാനിയായ മഞ്ചേരി സ്വദേശിയായ ജാമിറും തൃശൂർ സ്വദേശി സുബീഷ് വാസുദേവനുമായിരുന്നു യു.എ.ഇയിൽ നിന്നുള്ളവർ. ഇവർക്കൊപ്പം മുംബൈയിൽനിന്ന് നവീനുംകൂടി ചേർന്നതോടെ 250ഓളം പേരുമായി നിറഞ്ഞ വെർച്വൽ വാളിലെ മലയാളി സാന്നിധ്യമായി. ക്രിസ്റ്റ്യാനോ റൊണാൾഡോ നടന്ന് വേദിയിലെത്തുമ്പോഴും മികച്ച താരങ്ങൾക്കുള്ള പുരസ്കാരത്തിന് റോബർട്ട് ലെവൻഡോവ്സ്കിയെയും അലക്സിയ പ്യൂറ്റെൽസിനെയും കോച്ചായി തോമസ് തുഷലിനെയുമെല്ലാം പ്രഖ്യാപിക്കുമ്പോൾ ചുമരിൽ നിറഞ്ഞ കൈയടികൾക്കിടയിൽ ഇവരും പങ്കുചേർന്നു. ഫിഫ നേരിട്ട് നിയന്ത്രിക്കുന്ന ഫാൻ മൂവ്മെന്റിൽ 1500ഓളം അംഗങ്ങളാണുള്ളത്. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 250 പേരാണ് ഫിഫ ബെസ്റ്റ് ചടങ്ങിൽ പങ്കെടുത്തത്. അവാർഡ് ചടങ്ങിന് മുമ്പേ പങ്കെടുക്കുന്ന അംഗങ്ങളെയെല്ലാം ഉൾപ്പെടുത്തി ട്രയൽസ് നടത്തിയായിരുന്നു ഒരുക്കം. ശനിയാഴ്ച മൂന്ന് മണിക്കൂറോളം നീണ്ട പരിശീലനം. ശേഷം, ചടങ്ങിന് 90 മിനിറ്റ് മുമ്പേ തന്നെ ഫാൻ വാളിലേക്ക് ലോഗിൻ ചെയ്ത് പ്രവേശിച്ചുകൊണ്ടായിരുന്നു പങ്കാളിത്തം.
ഖത്തർ റെയിലിൽ ചീഫ് കൺട്രോളറായി ജോലിചെയ്യുന്ന അജാസ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിന്‍റെ ഫുട്ബാൾ തുടിപ്പുകൾക്കൊപ്പമുണ്ട്. ക്ലബ് ലോകകപ്പുകളും അറബ് കപ്പുമായി കാൽപന്തുകളിയുടെ ആവേശം സമൂഹമാധ്യമങ്ങളിലൂടെ ലോകത്തെങ്ങും എത്തിക്കുന്ന ആലുവ സ്വദേശി 2008ലാണ് ഫാൻ മൂവ്മെന്റിൽ അംഗമാവുന്നത്. ഖത്തർ സർവകലാശാലയിൽ റിസർച് അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന ലബീബും അറബ് കപ്പിലും മറ്റുമായി വളന്‍റിയർ കുപ്പായത്തിൽ സജീവമായുണ്ട്. ഖത്തർ ലോകകപ്പിന്‍റെ ഫാൻ ലീഡർ നെറ്റ്വർക്കിൽ അംഗമായ ജാമിറാണ് ഇവരിൽ ഏറ്റവും ആദ്യം ഫാൻ മൂവ്മെന്റിലും അംഗമായത്. ഇന്ത്യയിലെയും യു.എ.ഇയിലെയും ഫുട്ബാൾ മത്സരങ്ങളുമായി ബന്ധപ്പെട്ട വിഡിയോ നിർമാണവും വിശേഷങ്ങൾ പങ്കുവെക്കലുമായി ഫിഫ പ്ലാറ്റ്ഫോമുകളിൽ സജീവമാണ് കടുത്ത ചെൽസി ആരാധകനായ ജാമിർ. കഴിഞ്ഞ അറബ് കപ്പിനിടെ ഖത്തറിന്‍റെ പ്രത്യേക അതിഥികളായെത്തിയ 44 ഫാൻ നെറ്റ്വർക് അംഗങ്ങളിൽ ഏക മലയാളിയായും ജാമിർ ഉണ്ടായിരുന്നു. ദുബൈയിൽ അക്കൗണ്ടന്‍റായി ജോലിചെയ്യുകയാണ് ഇദ്ദേഹം. സമൂഹ മാധ്യമങ്ങളിൽ കളിയെഴുത്തുകാരനായ സുബീഷ് വാസുദേവനും ഫിഫ പ്ലാറ്റ്ഫോമുകളിൽ എഴുത്തുകളുമായി സജീവമാണ്. നിലവിൽ അബൂദബിയിൽ ഡിസൈനറായാണ് ജോലിചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.