പ്രസവത്തിനു പിന്നാലെ മസ്തിഷ്കാഘാതം; മലയാളി ഡോക്ടര്‍ ഖത്തറില്‍ മരിച്ചു
text_fieldsദോഹ: പ്രസവാനന്തരം മസ്തിഷ്കാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഡോ. ഹിബ ഇസ്മയില്‍ (30) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൗണ്ടേഷനില്‍ എൻജിനീയറുമായ മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്.
കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്‍റെയും മഹ്മൂദയുടെയും മകളാണ്. മൂന്നാഴ്ച മുമ്പാണ് ഖത്തറിൽ വെച്ച് ഹിബ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞയാഴ്ച പെട്ടെന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
മസ്തിഷ്കാഘാതത്തെ തുടർന്ന് വെന്‍റിലേറ്ററില്‍ കഴിയവെയാണ് വ്യാഴാഴ്ച രാത്രി മരണം സംഭവിക്കുന്നത്. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍ റെസിഡന്‍റ് ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. പ്രസവത്തിന് ശേഷം അമേരിക്കയില്‍ ഉപരിപഠനത്തിന് പോകാന്‍ തയാറെടുക്കുകയായിരുന്നു ഹിബയെന്ന് ബന്ധുക്കൾ പറഞ്ഞു. വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസികളാണ് കുടുംബം.
ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യം കൂടിയായ ഹിബയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. മയ്യിത്ത് ഖത്തറിലെ അബൂ ഹമൂർ ഖബർസ്ഥാനിൽ മറവുചെയ്തു. സഹോദരങ്ങൾ: ഹനി ഇസ്മായിൽ (ഖത്തർ നേവി), ഹന ഇസ്മായിൽ, ഹർഷ ഇസ്മായിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.