മരണം പെയ്ത തെരുവ്; പത്താം ദിനം പുതുജീവിതം
text_fieldsദോഹ: 'കഴിഞ്ഞ ഏതാനും മാസങ്ങളായി താമസിച്ച ഹോസ്റ്റൽ കെട്ടിടത്തിന്റെ പരിസരങ്ങളിലെ ദൃശ്യങ്ങൾ വാർഡനും അധ്യാപകരും അയച്ചുതന്നിരുന്നു. ബോംബിങ്ങിലും ഷെല്ലാക്രമണത്തിലും എല്ലാം തകർന്ന് തരിപ്പണമായിട്ടുണ്ട്. ഇതുവരെ കണ്ടതുപോലെയല്ല ഖാർകിവിൽ ഞങ്ങൾ താമസിച്ച പ്രദേശങ്ങൾ. എന്നാൽ, ഹോസ്റ്റൽ കെട്ടിടത്തിന്റെ ദൃശ്യം മാത്രം അവർ അയച്ചു തന്നിട്ടില്ല. ചിലപ്പോൾ, അതും മറ്റു കെട്ടിടങ്ങൾ പോലെ തകർന്നുപോയിട്ടുണ്ടാവും. ഞങ്ങൾ കൂടുതൽ ഭയന്നേക്കാം എന്നു കരുതിയാവും അവർ ഹോസ്റ്റലിന്റെ ഇപ്പോഴത്തെ ചിത്രങ്ങൾ അയച്ചുതരാതിരിക്കുന്നത്' - റഷ്യൻ അധിനിവേശത്തിൽ മരണംപെയ്യുന്ന തെരുവുകളായി മാറിയ യുക്രെയ്നിലെ ഖാർകിവിൽനിന്നും വീട്ടുകാരുടെ സ്നേഹത്തണലിൽ അലിഞ്ഞുചേർന്ന റിയ മിർസ, ഫാത്തിമ ഷെർബിൻ, ഹിബ അഷ്റഫ് എന്നിവരുടെ വാക്കുകളായിരുന്നു ഇത്.
ഫെബ്രുവരി 24ന് തുടങ്ങിയ റഷ്യൻ ആക്രമണത്തിനു പിന്നാലെ, എട്ടുദിവസമാണ് ഇവർ ഖാർകിവിൽ കഴിഞ്ഞത്. മരണം മുന്നിൽകണ്ട ദിനരാത്രങ്ങൾക്കൊടുവിൽ, സംഭരിച്ച ധൈര്യവുമായി രണ്ടുദിവസം പിന്നിട്ട യാത്രക്കൊടുവിൽ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ. ശേഷം, അവിടെ നിന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും മലയാളികൾ ഉൾപ്പെടെയുള്ള സാമൂഹിക പ്രവർത്തകരുടെയും സഹായത്തിൽ ബന്ധുക്കൾക്കൊപ്പവും. ഖത്തറിൽനിന്നുള്ള 20ഓളം ഇന്ത്യൻ വിദ്യാർഥികളായിരുന്നു യുക്രെയ്നിലെ യുദ്ധ ഭൂമിയിൽ കുടുങ്ങിയത്. പലായനം പോലെയൊരു നീണ്ട യാത്രക്കൊടുവിൽ സുഹൃത്തുക്കളായ ഇവർ മൂന്നുപേരും തിങ്കളാഴ്ച ദോഹയിൽ വിമാനമിറങ്ങി. മറ്റുള്ളവർ, ന്യൂഡൽഹി വഴി നാട്ടിലെ ബന്ധുക്കൾക്കരികിലുമെത്തുകയായിരുന്നു.
തീയിൽ കുരുത്ത മനക്കരുത്തുമായാണ് വിദ്യാർഥികൾ ഇപ്പോൾ വീടണഞ്ഞിരിക്കുന്നത്. കഥകളിലും സിനിമകളിലും കണ്ട കാഴ്ചകൾ നേരിട്ടനുഭവിച്ച് കഴിഞ്ഞപ്പോൾ, ഇപ്പോഴും ആ അവിശ്വസനീയത വിട്ടൊഴിഞ്ഞിട്ടില്ല.
റിയ മിർസ ആഷിഖ് കോഴിക്കോട് വില്യാപള്ളി സ്വദേശിനിയാണ്. ഫാത്തിമ ഷെർബിൻ കുന്ദമംഗലത്തും, ഹിബ അഷ്റഫ് കണ്ണൂർ പാപ്പിനിശ്ശേരിയിലും. ദോഹ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികളായ ഇവർ എം.ബി.ബി.എസ് പഠനത്തിനായി കഴിഞ്ഞ ഡിസംബറിലായിരുന്നു യുക്രെയ്നിലെത്തിയത്.
യുദ്ധം ആരും പ്രതീക്ഷിച്ചില്ല
നാറ്റോ അംഗത്വ ശ്രമത്തിന്റെ പേരിൽ റഷ്യയും -യുക്രെയ്നും തമ്മിലെ തർക്കങ്ങളും മറ്റും വാർത്തകളിലൂടെ ഞങ്ങളും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ, പ്രശ്നങ്ങൾ നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. ഫെബ്രുവരി 24ന് തലേന്ന് രാത്രി പുറത്തുപോയി വന്നു കിടന്നുറങ്ങുമ്പോൾ നാളത്തെ ദിവസം മാറിമറിയുമെന്ന് ആരും കരുതിയില്ല. പുലർച്ചെ അകലെയെവിടെയോ നടന്ന ഷെല്ലിങ്ങ് ശബ്ദം കേട്ടാണ് ഞങ്ങൾ എഴുന്നേൽക്കുന്നത്. പിന്നാലെ, വാട്സ്ആപ്പിൽ പലരും വിവരങ്ങൾ കൈമാറി. ആവശ്യമായ ഭക്ഷണവും വെള്ളവും ശേഖരിക്കണമെന്ന അറിയിപ്പിനെ തുടർന്ന് രാവിലെ സൂപ്പർമാർക്കറ്റിൽ എത്തുമ്പോഴേക്കും സാധനങ്ങൾ തീർന്നുതുടങ്ങിയിരുന്നു.
തെരുവുകളിൽ യുക്രെയ്നിയൻ പൗരന്മാർ കുടുംബങ്ങളും വളർത്തുമൃഗങ്ങളുമായി നഗരംവിട്ടു പോവാനും ആരംഭിച്ചു. ഇതൊക്കെ കണ്ടപ്പോഴാണ് ഗൗരവം ഞങ്ങൾ മനസ്സിലാക്കുന്നത്. വൈകാതെ സൈറൺ മുഴക്കം തുടങ്ങിയതോടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ബങ്കറിലേക്ക് ഓടിയിറങ്ങി. അപ്പോൾ മാത്രമായിരുന്നു താഴെ ഇങ്ങനെയൊരു ബങ്കറുള്ള വിവരവും അറിയുന്നത്. പൊടിയും മാലിന്യങ്ങളും നിറഞ്ഞ ഈ സ്ഥലത്തുനിന്നും ഒന്നുരണ്ട് മണിക്കൂറിനുള്ളിൽ മടങ്ങാമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. പക്ഷേ, അത് ദിവസങ്ങൾ നീണ്ട അഭയകേന്ദ്രമായി മാറുകയായിരുന്നു. വിമാനങ്ങളുടെ മുരൾച്ചയും, ഷെല്ലിങ്ങിന്റെ ശബ്ദവും സൈനികരുടെ റോന്തുചുറ്റലുകളുമായി ആശങ്കകൾ നിറഞ്ഞ അന്തരീക്ഷത്തിൽ രക്ഷകരെത്തുന്നതും കാത്ത് 132പേരും കാത്തിരിപ്പായി. ഭക്ഷണം കുറഞ്ഞു, പുറത്തിറങ്ങാനാവുമോയെന്ന അനിശ്ചിതത്വം. ഇവിടെ തന്നെ ജീവിതം അവസാനിക്കുമോയെന്നുപോലും തോന്നി.
ഇതിനിടയിൽ വീട്ടുകാരും ബന്ധുക്കളുമായി പലരുടെയും വിളികൾ. രക്ഷപ്പെടാൻ വഴികൾ അന്വേഷിക്കുമ്പോൾ തന്നെ വീട്ടുകാരെ ആശ്വസിപ്പിക്കുകയും വേണ്ടിയിരുന്നു. ഒന്നും രണ്ടും കഴിഞ്ഞ് ഒരാഴ്ചയും പിന്നിട്ട് എട്ടാം ദിവസമായിരുന്നു രക്ഷപ്പെടാനുള്ള വഴിതെളിഞ്ഞത്. സഹായത്തിന് തൃശൂർ സ്വദേശിനിയായ സീനിയർ സഹപാഠി ജസ്ന ചേച്ചിയുമുണ്ടായിരുന്നു. ഒടുവിൽ ഒരു വാനിൽ കയറി റെയിൽവേ സ്റ്റേഷനിൽ. മാർച്ച് രണ്ടിനായിരുന്നു ഖാർകിവിന് പുറത്തുകടന്നത്. റെയിൽവേ സ്റ്റേഷനിൽ നഗരം വിടാൻ ഒരുങ്ങിയ ജനസഞ്ചയം. തദ്ദേശീയരായിരുന്നു കൂടുതലും.
ട്രെയിനുകളിൽ അവർക്കായിരുന്നു പരിഗണനയും നൽകിയത്. ഇതിനിടയിൽ, ആകാശത്ത് പറക്കുന്ന ഷെല്ലുകളും, വെടിവെപ്പുമെല്ലാം തത്സമയം കണ്ടു. പരിക്കേറ്റവരെ വളന്റിയർമാർ ആശുപത്രികളിലേക്ക് മാറ്റുന്നതും കണ്ടു. അപ്പോഴേക്കും എന്തിനെയും നേരിടാൻ മനസ്സ് സജ്ജമായിരുന്നു. ഒടുവിൽ രാവിലെ 10 മണിക്ക് തുടങ്ങിയ കാത്തിരിപ്പിനൊടുവിൽ രാത്രി 11ന് ട്രെയിനിൽ കയറി. ഞങ്ങൾ മുഴുവൻ വിദ്യാർഥികളും ഒരു ട്രെയിനിൽ കയറി ഞെരുങ്ങി ഇരിപ്പായി. 19 മണിക്കൂർ യാത്രക്കൊടുവിൽ ലെവിവിൽ എത്തി. അവിടെനിന്നും ബസിൽ അഞ്ചുമണിക്കൂർ യാത്രയും കഴിഞ്ഞ് ഹംഗറി അതിർത്തിയിൽ. ശേഷം, വീണ്ടും മണിക്കൂറുകളുടെ യാത്രയും കഴിഞ്ഞ് ഹംഗറി തലസ്ഥാനമായ ബുഡപെസ്റ്റിൽ. അപ്പോഴേക്കും പത്തുദിവസം കഴിഞ്ഞിരുന്നു ഞങ്ങളുടെ ദുരിതജീവിതം. അതുവരെ അനുഭവിച്ച കെടുതികളും വേദനകളുമെല്ലാം മറക്കുന്നതായിരുന്നു അവിടത്തെ സ്വീകരണം.
എംബസി ഉദ്യോഗസ്ഥരും ഹംഗേറിയൻ ജനങ്ങളും മധുരങ്ങളും വിഭവസമൃദ്ധമായ ഭക്ഷണങ്ങളുമായി വരവേറ്റു. ബുഡപെസ്റ്റിലുള്ള കോഴിക്കോട് സ്വദേശി അലീക്കയും ഭാര്യയും നൽകിയ ഇലയിൽ പൊതിഞ്ഞ ബിരിയാണി ജീവിതത്തിലെ ഏറ്റവും രുചിയേറിയതായി മാറി. അവിടെ, രണ്ടു ദിവസം പൂർണമായി വിശ്രമിച്ചശേഷമായിരുന്നു ദോഹയിലേക്ക് മടങ്ങിയത്.
ഭീതിക്കിടയിലും അവർ വീട്ടുകാരെ ആശ്വസിപ്പിച്ചു
മക്കൾ വീട്ടിലെത്തി എല്ലാം പറയുമ്പോഴാണ് അവർ അനുഭവിച്ച ദുരന്തത്തിന്റെ വ്യാപ്തി തങ്ങൾ അറിയുന്നതെന്ന് മൂന്നുപേരുടെയും ഉമ്മമാർ പറയുന്നു. യുക്രെയ്നിൽ യുദ്ധം തുടങ്ങിയെന്ന് അറിഞ്ഞതു മുതൽ അവരെ വിളിച്ചുകൊണ്ടിരുന്നു. 'ഒരു പ്രശ്നവുമില്ല, ഞങ്ങൾ താമസിക്കുന്നിടം ശാന്തമാണ്' -എന്നിങ്ങനെ അവർ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. അരവയറും കാൽ വയറുമായി വിശപ്പടക്കുമ്പോഴെല്ലാം ഭക്ഷണം സുലഭമായി കിട്ടുന്നെന്ന് അവർ ഞങ്ങളെ വിശ്വസിപ്പിച്ചു. അവർ കഴിഞ്ഞുപോയ നാളുകളിലെ കഥകൾ കേൾക്കുമ്പോൾ ഇപ്പോഴും ഞെട്ടൽ മാറുന്നില്ല -രക്ഷിതാക്കൾ പറയുന്നു.
യുദ്ധഭൂമിയിൽനിന്നും തിരികെയെത്തിയ മക്കളെ എല്ലാം ശാന്തമായശേഷം വീണ്ടും പഠിക്കാൻ അയക്കണം എന്നുതന്നെയാണ് മാതാപിതാക്കളുടെയും തീരുമാനം. അവർ ഇത്രയേറെ സഹിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയതല്ലേ, ഇനി അവർ ലക്ഷ്യത്തിലെത്തട്ടേ -നാട്ടിലേക്ക് മടങ്ങിയ സംഘത്തിലെ അംഗമായ ദുഅ ഖദീജയുടെ മാതാവ് പറയുന്നു. അതു തന്നെയാണ് റിയ, ഫാത്തിമ, ഹിബ എന്നിവരുടെ ഉമ്മമാർക്കും പറയാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.