പ്രവാസത്തിന്‍റെ വേദനകളുമായി മലയാളികളുടെ സംഗീത ആൽബം
text_fieldsദോഹ: പ്രവാസത്തിന്‍റെ വിരഹവും വേദനയുമെല്ലാം വരികളിലും ദൃശ്യങ്ങളിലുമൊതുക്കി ഖത്തറിലെ മലയാളി കാലകാരന്മാരിൽനിന്നും ഒരു സംഗീത ആൽബം. തൃശൂർ ജില്ലയിലെ കൈപമംഗലം സ്വദേശികളായ ഒരുകൂട്ടം ഗായകരും അഭിനേതാക്കളും ഉൾപ്പെടുന്ന സംഘമാണ് 'കനവുകളായിരം' എന്ന പേരിൽ പാട്ടും ദൃശ്യാവിഷ്കാരവുമായി പ്രവാസവേദനകൾ ഒപ്പിയെടുത്തത്.
മൂന്നുമാസം മുമ്പ് പുറത്തിറക്കിയ 'മിഴിനീർ വീണ മുസല്ല' എന്ന ആൽബത്തിനു പിന്നാലെയാണ് ഖത്തറിലെ വിവിധ ഭാഗങ്ങളിലായി ഷൂട്ട് ചെയ്ത പുതിയ ആൽബം തയാറാക്കിയത്.
ഇസ്മായിൽ ആർട്സിന്റെ ബാനറിൽ തയാറാക്കിയ ആൽബത്തിന്‍റെ സീഡി കഴിഞ്ഞദിവസം ദോഹയിൽ നടന്ന ചടങ്ങിൽ ഖത്തർ മാപ്പിള കല അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം പ്രകാശനം ചെയ്തു. അലവി വയനാടൻ, ഷാഫി പി.സി പാലം, നവാസ് മുഹമ്മദലി, ബഷീർ വട്ടേക്കാട്, ഹനീസ് ഗുരുവായൂർ എന്നിവർ പങ്കെടുത്തു.
ഇഹ്‌സാൻ ഇസ്മായിൽ, ഹനസ് ചളിങ്ങാട് എന്നിവർ ചേർന്നാണ് ആൽബം നിർമിച്ചത്. അബു ആബിദ് സിദ്ദീഖിന്‍റെ വരികൾ, ഇ.കെ. നൗഷാദ് കൈപ്പമംഗലം ആണ് ആലപിച്ചത്.
സംവിധായകൻ: സന്ദീപ് ചളിങ്ങാട്. ഖത്തറിലെ അൽ വക്റ, ഷഹാനിയ, മദീന ഖലീഫ എന്നിവിടങ്ങളിൽ ഷൂട്ട് ചെയ്ത ആൽബത്തിൽ ആർട്ടിസ്റ്റ് ഇസ്മായിലാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഷബീർ ഷാ എഡിറ്റിങ്ങും റഫീക്ക് കാമറയും നിർവഹിച്ചു. ഖത്തറിൽ വിവിധ ജോലികൾ ചെയ്യുന്ന പിന്നണി പ്രവർത്തകർ, ഒഴിവുസമയങ്ങളിലാണ് ആൽബം പ്രവർത്തനങ്ങൾ നടത്തിയത്. മൊബൈൽ ഫോണിലായിരുന്നു ചിത്രീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.