മലയാളി സമ്മേളനം; വടംവലി, ബാഡ്മിന്റൺ ജേതാക്കൾ
text_fieldsദോഹ: ‘കാത്തുവെക്കാം സൗഹൃദതീരം’ പ്രമേയത്തിൽ നവംബർ 17ന് ആസ്പെയർ സോൺ ലേഡീസ് ഹാളിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തോടനുബന്ധിച്ച് വിവിധ കായികമത്സരങ്ങൾ സംഘടിപ്പിച്ചു. വടംവലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ദോഹ വാരിയേഴ്സ് ജേതാക്കളായി. ഒരുമ കൽപകഞ്ചേരിയെ പരാജയപ്പെടുത്തിയാണ് ദോഹ വാരിയേഴ്സ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. വനിത വിഭാഗത്തിന്റെ മത്സരത്തിൽ ഷാർപ്പ് ഹീൽസ് വിജയിച്ചു. 365 മല്ലു ഫിറ്റ്നസ് ക്ലബിനെ പരാജയപ്പെടുത്തിയാണ് ഷാർപ്പ് ഹീൽസ് ഒന്നാം സ്ഥാനം നേടിയത്.
പുരുഷ വിഭാഗത്തിൽ പതിനാലും വനിത വിഭാഗത്തിൽ ആറും ടീമുകളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ഓൾഡ് ഐഡിയൽ സ്കൂൾ ഡൈനാമിക് ഫെസിലിറ്റിയിൽ നടന്ന പരിപാടിയിൽ സ്പോർട്സ് ചെയർമാൻ ആഷിക് അഹമ്മദ്, കൺവീനർ റിയാസ് വാണിമേൽ, അബ്ദുൽ അസീസ് എടച്ചേരി, മുസ്തഫൽ ഫൈസി, കെ.എം.എ. റഷീദ്, നിസാർ ചെട്ടിപ്പടി, റഷീദ് കണ്ണൂർ, ഷാഹിർ എം.ടി, അലി ഷഹീർ, ഷംഷാദ് സുല്ലമി, തൗഹീദ റഷീദ്, സൈനബ ടീച്ചർ, ജാസ്മിൻ നൗഷാദ്, താഹിറ അലി, റഹീല അസീസ് തുടങ്ങിയവർ നേതൃത്വം നൽകി. ഖത്തർ ഇന്ത്യൻ ടഗ് ഓഫ് വാർ അസോസിയേഷൻ അംഗങ്ങൾ മത്സരങ്ങൾ നിയന്ത്രിച്ചു.
ബാഡ്മിന്റൺ: ടീം തിരൂർ, ഫോക്കസ് ലേഡീസ് ജേതാക്കൾ
ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ വിഭാഗം എ കാറ്റഗറിയിൽ റിയാസ്, സനാഹ് എന്നിവരും ബി കാറ്റഗറിയിൽ പ്രജിൻ, ബാസിത്ത് എന്നിവരുമടങ്ങുന്ന ടീം തിരൂർ ജേതാക്കളായി. പുരുഷവിഭാഗം എ കാറ്റഗറിയിൽ ഖലീൽ, ജിജോ എന്നിവരും ബി കാറ്റഗറിയിൽ മാസ്റ്റേഴ്സ് ആലപ്പുഴയുടെ രാഹുൽ, ബിനീഷ് എന്നിവരുമാണ് രണ്ടാം സ്ഥാനം നേടിയത്.
വനിത വിഭാഗത്തിൽ നടന്ന മത്സരത്തിൽ ഫോക്കസ് ലേഡീസിന്റെ നഹാന ഫാത്തിമയും ഇർഫാന പർവീനും ജേതാക്കളായപ്പോൾ ക്യൂൻ ആലപ്പിയുടെ ഫ്ലീഷ്യ ജോണി, നെസ്ലി അബൂബക്കർ എന്നിവർ രണ്ടാം സ്ഥാനം നേടി. പുരുഷ വിഭാഗം എ കാറ്റഗറിയിൽ എട്ടും, ബി കാറ്റഗറിയിൽ ഇരുപത്തിയഞ്ചും വനിത വിഭാഗത്തിൽ പതിനഞ്ച് ടീമുകളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.ഓൾഡ് ഐഡിയൽ സ്കൂൾ ഡൈനാമിക് ഫെസിലിറ്റിയിൽ നടന്ന മത്സരങ്ങൾക്ക് മലയാളി സമ്മേളനം സ്പോർട്സ് വിഭാഗം നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.