ഗ്രാൻഡ് മോസ്കിൽ മലയാളി സംഗമം
text_fieldsദോഹ: ഖത്തർ ഔഖാഫ്-മതകാര്യ മന്ത്രാലയത്തിനു കീഴിലെ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദ് ഇസ്ലാമിക് കൾചറൽ സെന്റർ (ഫനാർ) ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിൽ ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിനായി വൈജ്ഞാനിക സംഗമം സംഘടിപ്പിച്ചു.
പരിപാടിയിൽ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി പ്രഭാഷണം നടത്തി. ഉത്തമ സ്വഭാവങ്ങളിലൂടെ മനുഷ്യ ഹൃദയങ്ങളെ കീഴടക്കുന്നതാണ് മഹത്തായ നേട്ടവും സമ്പാദ്യവുമായി ഇസ്ലാം പഠിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.‘പ്രതിസന്ധികളുടെ കാലത്ത് ഉൽകൃഷ്ട സ്വഭാവ മൂല്യങ്ങളാണ് വിശ്വാസിയുടെ മേൽവിലാസം. കാരുണ്യവും ആർദ്രതയും നിറഞ്ഞ ജീവിത മാതൃകയാണ് പ്രവാചകൻ മുന്നോട്ടുവെച്ചത്. തിന്മയുടെ ശക്തികളോട് പോലും നന്മയോടെ വർത്തിക്കണമെന്നാണ് വിശുദ്ധ ഖുർആന്റെ അധ്യാപനം. മാതൃകാ വ്യക്തിത്വങ്ങളെ വാർത്തെടുക്കുകയെന്നതാണ് ഇസ്ലാമിന്റെ വലിയ ദൗത്യങ്ങളിലൊന്ന്’-അദ്ദേഹം പറഞ്ഞു.
പ്രഭാഷണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പേർ പങ്കെടുത്തു. പി.പി. അബ്ദുറഹീം മത്സരം നിയന്ത്രിച്ചു. വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ് ഡയറക്ടർ ജനറൽ ഡോക്ടർ ശൈഖ് ഖാലിദ് മുഹമ്മദ് ഗാനിം ആൽഥാനിയും, ഖത്തർ ഔഖാഫ്-മതകാര്യ വകുപ്പ് പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു. തമീം മുഹമ്മദ് ഖിറാഅത്ത് നടത്തി.
സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി സ്വാഗതം പറഞ്ഞു. പി. അബ്ദുല്ല, വി.കെ ഷമീർ, സിദ്ദീഖ്, സാലിം വേളം എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.