സ്വർണത്തിളക്കത്തോടെ മലയാളി ഗവേഷകർ
text_fieldsദോഹ: ഗവേഷണ ബിരുദത്തിൽ ഉന്നത വിജയത്തോടെ അമീറിന്റെ പത്നി ശൈഖ ജവഹർ ബിൻത് ഹമദ് ആൽഥാനിയിൽ നിന്നും സ്വർണമെഡൽ ഏറ്റുവാങ്ങി മലയാളി വനിതകൾ. കഴിഞ്ഞ ദിവസം ഖത്തർ സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിലാണ് കൊല്ലം കരിക്കോട് സ്വദേശിനി റസീന ഹാരിസും വയനാട് മീനങ്ങാടി സ്വദേശി ലുബ്ന തേറാച്ചിയിലും രാജ്യത്തെ പ്രഥമ വനിതയിൽ നിന്നും പഠന മികവിനുള്ള അംഗീകാരമായി ഗവേഷണ ബിരുദവും സ്വർണമെഡലും ഏറ്റുവാങ്ങിയത്.
എം.ജി സർവകലാശാലയിൽനിന്ന് ജോ. രജിസ്ട്രാറായി വിരമിച്ച മുഹമ്മദ് കുഞ്ഞിന്റെയും ലൈല ബീവിയുടെയും മകളും ഖത്തറിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന എടപ്പാൾ സ്വദേശി ഹാരിസിന്റെ ഭാര്യയുമാണ് റസീന. രണ്ടു മക്കളുടെ ഉമ്മയെന്ന റോളിനും ഖത്തർ സർവകലാശാലയിൽ റിസർച് അസിസ്റ്റന്റ് എന്ന ജോലിക്കുമിടയിലാണ് ആറു വർഷം നീണ്ടുനിന്ന ഗവേഷണ ബിരുദവും ഇവർ പൂർത്തിയാക്കിയത്. കമ്പ്യൂട്ടർ സയൻസിലായിരുന്നു റസീനയുടെ ഗവേഷണം.
ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളജിൽനിന്ന് ബി.ടെക്കും കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളജിൽനിന്ന് എം.ടെക്കും കഴിഞ്ഞ് നാട്ടിൽ അധ്യാപികയും എഞ്ചിനീയറുമായി ജോലിചെയ്യുന്നതിനിടെയാണ് ഖത്തർ സർവകലാശാലയിൽ ഗവേഷണത്തിന് പ്രവേശനം ലഭിച്ചതെന്ന് റസീന പറഞ്ഞു. 2018ൽ ഖത്തറിലെത്തിയ ശേഷം, ഗവേഷണവും ജോലിയും ആരംഭിച്ചുകൊണ്ടായിരുന്നു പഠനം പൂർത്തിയാക്കിയത്. പൊഡാർ പേൾ സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് റസാൻ, ഇഷാൻ ഹാരിസ് എന്നിവർ മക്കളാണ്.
അർബുദ സംബന്ധമായ പഠനത്തിലാണ് മീനങ്ങാടിക്കാരി ലുബ്ന തേറാച്ചിയിൽ ഗവേഷണ ബിരുദം നേടി ഗോൾഡ് മെഡൽ സ്വന്തമാക്കിയത്. ടി. അബ്ദുൽ അസീസ്-സുഹറ ദമ്പതികളുടെ മകളും ഖത്തറിൽ ബിസിനസ് ചെയ്യുന്ന ജൗഹർ അലി ഹസന്റെ ഭാര്യയുമാണ് ലുബ്ന. പുൽപള്ളി പഴശ്ശിരാജ കോളജിൽ നിന്നും മൈക്രോ ബയോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം 2013ൽ ഖത്തറിലെത്തിയ ലുബ്ന അടുത്ത വർഷം തന്നെ ഹമദ് മെഡിക്കൽ കോർപറേഷനു കീഴിൽ ക്ലിനിക്കൽ റിസർച് ഓഫിസറായി ജോലിയിൽ പ്രവേശിച്ചു. ജോലി തുടരുന്നതിനിടെ 2019ലാണ് ഖത്തർ സർവകലാശാലയിൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്യുന്നത്. സ്കൂൾ വിദ്യാർഥിയായ ആയിഷയാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.