സോർട്ടിങ്ങിന് ഇനി ‘മാഷ്’; വെബ് സമ്മിറ്റ് പുരസ്കാരവുമായി മലയാളി വിദ്യാർഥികൾ
text_fieldsവെബ് സമ്മിറ്റ് റൈസിങ് ഇന്നൊവേറ്റേസ് അവാർഡ് നേടിയ പ്രോജക്ടുമായി ഹാനിഷ് അബ്ദുല്ല, നിഹാൽ
ആഷിഖ്, ജയ് ആദിത്യ എന്നിവർ ഡി.എച്ച്.എൽ പ്രതിനിധികൾക്കൊപ്പം
ദോഹ: ഖത്തറിൽ സമാപിച്ച അന്താരാഷ്ട്ര ടെക്നോളജി കോൺഫറൻസായ വെബ് സമ്മിറ്റിൽ മികച്ച സ്റ്റാർട്ടപ് മാതൃക അവതരിപ്പിച്ച് മലയാളികൾ ഉൾപ്പെടുന്ന സംഘം. വെബ്സമ്മിറ്റിനോടനുബന്ധിച്ച് ഖത്തർ റിസർച് ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ (ക്യു.ആർ.ഡി.ഐ) വിദ്യാർഥികൾക്കായി ഏർപ്പെടുത്തിയ റൈസിങ് ഇന്നൊവേറ്റേസ് അവാർഡാണ് ഖത്തറിലെ വിദ്യാർഥികൾ തയാറാക്കിയ ‘മാഷി’നെ തേടിയെത്തിയത്.
കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ ഹാനിഷ് അബ്ദുല്ല, തമിഴ്നാട് ചെന്നൈ സ്വദേശിയായ ജയ് ആദിത്യ, തൃശൂർ സ്വദേശിയായ നിഹാൽ ആഷിഖ് എന്നീ മൂന്നു വിദ്യാർഥികളാണ് ലോജിസ്റ്റിക് മേഖലയിൽ വിപ്ലകരമായ മാറ്റങ്ങളിലേക്ക് നയിക്കാവുന്ന നൂതന പ്രോജക്ട് അവതരിപ്പിച്ച് വെബ് സമ്മിറ്റിൽ അപൂർവ നേട്ടത്തിന് അർഹരായത്.
കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികൾക്ക് പാഴ്സലുകളുടെ തരംതിരിക്കൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ അതിവേഗത്തിൽ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണ് മൂവർസംഘം വികസിപ്പിച്ചെടുത്തത്. മൊഡ്യുലാർ ഓട്ടോമേറ്റഡ് സോർട്ടിങ് ഹബ് അഥവാ ‘മാഷ്’ സഹായത്തോടെ മാനുഷിക ഇടപെടലില്ലാതെത്തന്നെ പാഴ്സലുകൾ തരംതിരിക്കാൻ കഴിയുമ്പോൾ വിഭവശേഷി കുറക്കാനും വേഗത്തിലും കൃത്യമായും പ്രവർത്തനം പൂർത്തിയാക്കാനും കഴിയുമെന്നതാണ് സവിശേഷത.
സ്കേലബ്ള് സ്റ്റാൻഡ് എലോൺ മൊഡ്യൂളുകൾ അടിസ്ഥാനമാക്കിയാണ് ‘മാഷ്’ വികസിപ്പിച്ചത്. ഭക്ഷ്യ വ്യവസായം, മെഡിക്കൽ, പ്രിന്റിങ് തുടങ്ങിയ മേഖലകളിലേക്കും ‘മാഷ്’ വ്യാപിപ്പിക്കാൻ സാധിക്കുമെന്ന് അണിയറ ശിൽപികൾ പറയുന്നു.
അവാർഡിനായി സമർപ്പിക്കപ്പെട്ട നിരവധി പ്രോജക്ടുകളിൽനിന്ന് അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രോജക്ടുകൾക്കാണ് വെബ് സമ്മിറ്റിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്. യൂനിവേഴ്സിറ്റി ഓഫ് ദോഹ ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ ഒന്നാം വര്ഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് നിഹാൽ ആഷിഖ്. ബി.ഐ.ടി.എസ് പിലാനി യൂനിവേഴ്സിറ്റി ദുബൈ കാമ്പസിൽ ഒന്നാം വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് ജയ് ആദിത്യ.
ഇംഗ്ലണ്ടിലെ ലീഡ്സ് യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് ഹാനിഷ് അബ്ദുല്ല. ലോകപ്രശസ്ത ലോജിസ്റ്റിക് കമ്പനിയായ ഡി.എച്ച്.എൽ ഖത്തർ സെന്ററാണ് ടെക്നോളജി വികസിപ്പിച്ചെടുക്കാനാവശ്യമായ പശ്ചാത്തല സൗകര്യമൊരുക്കിയത്. ഖത്തർ യൂനിവേഴ്സിറ്റിയുടെ സെന്റർ ഫോർ അഡ്വാൻസ് മെറ്റീരിയൽസ് ആൻഡ് മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ ഡോ. കിഷോർ കുമാർ ആവശ്യമായ മാർഗനിർദേശങ്ങൾ ലഭ്യമാക്കുകയും, ലബോറട്ടറി സംവിധാനങ്ങൾ ഒരുക്കിനൽകുകയും ചെയ്തു.
ക്യു.ഡി.ആർ.ഐ ഫണ്ട് ഉപയോഗിച്ച് മൂന്നു വിദ്യാർഥികളുടേയും പേരിൽ പാറ്റന്റ് ചെയ്യപ്പെട്ട ടെക്നോളജി വ്യവസായികാടിസ്ഥാനത്തിൽ വികസിപ്പിക്കാൻ തയാറായി അമേരിക്കയിലെ സിലിക്കൺ വാലിയിൽ പ്രവര്ത്തിക്കുന്ന സ്റ്റാർട്ടപ് കമ്പനിയും മറ്റൊരു ലോജിസ്റ്റിക് കമ്പനിയും വെബ് സമ്മിറ്റിൽതന്നെ താൽപര്യമറിയിച്ച് മുന്നോട്ടു വരുകയും ചെയ്തു.
ഖത്തറിലെ ബിർല പബ്ലിക് സ്കൂളിലെ പൂർവവിദ്യാർഥികളാണ് മൂവരും. പ്ലസ് ടു വിദ്യാർഥികളായിരിക്കെ റോബോട്ടിക്സിനെ കുറിച്ച് ഇവർ എഴുതിയ പുസ്തകം ഏറെ ശ്രദ്ധനേടിയിരുന്നു. ഖത്തറിൽനിന്ന് സ്കൂൾ പഠനം പൂർത്തിയാക്കി വിവിധ ഇടങ്ങളിലേക്ക് ഉന്നത പഠനത്തിനായി ചേക്കേറിയെങ്കിലും ഇഴപിരിയാത്ത സൗഹൃദവുമായി അവർ ഗവേഷണമേഖലയിലും പുതുമാതൃക തീർക്കുകയാണ്. മേയ് മാസത്തിൽ മലേഷ്യയിലെ ക്വലാലംപൂരിൽ നടക്കുന്ന ഐടെക്സ് 2025 ടെക് എക്സിബിഷനിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് പങ്കെടുക്കാനുള്ള ക്ഷണം ഇവർക്ക് ലഭിച്ചിട്ടുണ്ട്.
കഹ്റാമയിൽ എൻജിനീയറായ തൃശൂർ നാട്ടിക മതിലകത്ത് വീട്ടിൽ ആഷിഖ് മുഹിയുദ്ദീന്റെയും ഡോ. ഷറീന ആഷിഖിന്റെയും മകനാണ് നിഹാൽ ആഷിക്. കുറ്റ്യാടി സ്വദേശിയും മൈക്രോ ഹെൽത്ത് സ്ഥാപകനുമായ ഡോ. സി.കെ. നൗഷാദിന്റെയും ഫസീഹയുടെയും മകനാണ് ഹാനിഷ് അബ്ദുല്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.