മാലാഖക്കായി മനുഷ്യസ്നേഹം ചിറകുവിരിക്കുന്നു
text_fieldsഓമനത്തം തുളുമ്പുന്ന മുഖവും പുഞ്ചിരി വിടരുന്ന ചുണ്ടുകളുമായി അവൾ എല്ലായിടത്തുമുണ്ട്. ഓരോ മലയാളിയുടെയും ഹൃദയങ്ങളിലും പ്രാർഥനകളിലുമെല്ലാം അവളാണ്. മലയാളികൾ ഒത്തുചേരുന്ന ഇടങ്ങളിൽ അവൾക്കുവേണ്ടി സ്നേഹമൊഴുകുന്നു. സ്കൂളുകളിലെ ക്ലാസ്മുറികളിൽ, സംഗീത പരിപാടികളിൽ, കളിയിടങ്ങളിൽ, സമ്മേളനങ്ങളിൽ, ഹോട്ടലുകളിൽ, സൂപ്പർമാർക്കറ്റുകളിൽ തുടങ്ങി അവൾക്കുവേണ്ടി സ്നേഹം വാരിച്ചൊരിയാൻ മത്സരിക്കുകയാണ് ഖത്തറിലെ ഓരോ പ്രവാസിയും.
സ്നേഹത്തിന്റെയും കരുതലിന്റെയും സഹാനുഭൂതിയുടെയും വിലയെന്തെന്ന് ഖത്തറിലെ മലയാളികളോട് ചോദിച്ചാൽ ഇപ്പോൾ ഒറ്റവാക്കിലായിരിക്കും ഉത്തരം. ഞങ്ങളുടെ പിഞ്ചോമന മകൾ മൽഖ റൂഹിയുടെ ജീവന്റെ വില.
കഴിഞ്ഞ ഏതാനും മാസങ്ങളിലായി ഖത്തറിലെ മലയാളികളുടെ മാത്രമല്ല, സ്വദേശികൾക്കും വിവിധ സംസ്ഥാനക്കാരായ ഇന്ത്യക്കാർക്കും വ്യത്യസ്ത പ്രവാസി കമ്യൂണിറ്റികൾക്കിടയിലുമെല്ലാം അവളൊരു സംസാരമാണ്. എസ്.എം.എ ബാധിതയായി ചികിത്സക്കുള്ള മരുന്നിനായി കാത്തിരിക്കുന്ന മൽഖക്കു വേണ്ടി കൈകോർത്താണ് ഖത്തറിലെ ഓരോ മലയാളിയും ഈ പെരുന്നാളിനെ വരവേൽക്കുന്നത്.
പ്രവാസികളുടെ മാലാഖ
പാലക്കാട് സ്വദേശിയായ റിസാലിന്റെയും നിഹാലയുടെയും ജീവിതത്തിലേക്ക് കഴിഞ്ഞ നവംബറിലാണ് കളിയും ചിരിയുമായി കുഞ്ഞു മൽഖയുടെ വരവ്. ഒരു മാലാഖയെ പോലെയെത്തിയ അവളുടെ പുഞ്ചിരി പക്ഷേ, രണ്ടുമാസം നീണ്ടുനിന്നില്ല. പിറന്നുവീണ് രണ്ടു മാസത്തിനു ശേഷമായിരുന്നു മകൾക്ക് സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ രോഗമാണെന്ന വാർത്ത മാതാപിതാക്കളെ തേടിയെത്തുന്നത്.
രണ്ടാം മാസത്തിൽ കുത്തിവെപ്പിനായി ആശുപത്രിയിലെത്തിച്ചപ്പോൾ ശരീര ചലനത്തിൽ അസ്വാഭാവികത തോന്നിയ ഡോക്ടറാണ് ആദ്യം എസ്.എം.എ സംശയം ഉന്നയിച്ചത്. പിന്നീട്, കുട്ടികളുടെ ആശുപത്രിയായ അൽ സിദ്രയിലേക്ക് മാറ്റുകയും വിദഗ്ധ പരിശോധനയിലൂടെ എസ്.എം.എ സ്ഥിരീകരിക്കുകയുമായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനീയറായി ജോലിചെയ്യുന്ന റിസാലിനും മാതാവിനും ഇടിത്തീപോലെയായി ആ വിവരം. വാർത്തകളിൽ മാത്രം അറിഞ്ഞ അപൂർവത തങ്ങളുടെ പടികടന്നെത്തിയ യാഥാർഥ്യം അധികം വൈകാതെ അവരും ഉൾക്കൊണ്ടു. കുഞ്ഞിന്റെ പ്രായവും ശാരീരിക അസ്വസ്ഥതകളും നാട്ടിലേക്കുള്ള യാത്ര അസാധ്യമാക്കി. ഉമ്മ നിഹാല ജോലി ഉപേക്ഷിച്ച് പൂർണ സമയ പരിചരണത്തിലായി. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള മരുന്നായ ‘സോൾജെൻസ്മ’ എന്ന ജീൻ തെറപ്പി മരുന്ന് എങ്ങനെ സ്വന്തമാക്കുമെന്നായിരുന്നു ആ മാതാപിതാക്കളുടെ ഏറ്റവും വലിയ ആശങ്ക. 1.16 കോടി റിയാൽ (26 കോടി രൂപ) എന്നത് അസാധ്യമായൊരു വിലയായി മുന്നിൽ നിന്നു. എത്രയും വേഗം മരുന്നെത്തിച്ചു നൽകിയാൽ കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാമെന്നതൊരു വെല്ലുവിളിയായിരുന്നു. പിന്നീടാണ്, അസാധ്യമെന്നുറപ്പിച്ച പലതും ഒരു സ്വപ്നം പോലെ സംഭവിച്ചു തുടങ്ങുന്നത്. പൊതുധന സമാഹരണങ്ങൾക്ക് വിലക്കുള്ള നാട്ടിൽ, ഔദ്യോഗിക അനുമതിയോടെ മാത്രം മുന്നോട്ട് പോകാമെന്നായിരുന്നു ഖത്തറിലെ ഒരുകൂട്ടം മനുഷ്യ സ്നേഹികളുടെ ഉപദേശം. അങ്ങനെ, അവരെല്ലാം ഒന്നിച്ച് ഒരു തണൽ സൃഷ്ടിച്ചു.
ഖത്തർ ചാരിറ്റിയെന്ന മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ പ്രസ്ഥാനവുമായി കൈകോർത്ത് അവരുടെ കേസുകളിൽ ഒന്നായി മൽഖയുടെ ചികിത്സയും മാറ്റാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല. പിന്നെയെല്ലാം ഒരു അത്ഭുതം പോലെ സംഭവിക്കുന്നു. ഖത്തർ ചാരിറ്റിയുടെ നിരവധി കേസുകളിൽ ഒന്നായി മലയാളി ദമ്പതികളുടെ മകളുടെ ചികിത്സ സഹായവും രജിസ്റ്റർ ചെയ്തതോടെ പ്രവാസി സമൂഹം ഒന്നിച്ചിറങ്ങി. ചില്ലറ തുട്ടുകൾ പെറുക്കിക്കൂട്ടിയും ഓരോ റിയാലുകൾ സംഭാവനയായി സ്വീകരിച്ചും നാടൊന്നാകെ ബിരിയാണി ചലഞ്ചുകൾ സംഘടിപ്പിച്ചും അവർ ഒരു കോടി റിയാൽ എന്ന സ്വപ്നത്തിലേക്ക് മുന്നേറുകയാണ്. രണ്ടര മാസം പിന്നിടുന്ന ധനസമാഹരണം ഇപ്പോൾ 40 ശതമാനം പിന്നിട്ടുകഴിഞ്ഞു.
ഹജ്ജും പെരുന്നാളുമെല്ലാം അവളിലേക്ക്
മലപ്പുറം മങ്കട സ്വദേശിയായ സിദ്ദീഖ് ഹജ്ജിനായി വർഷങ്ങൾകൊണ്ട് സ്വരൂക്കൂട്ടിയ പണമാണ് മൽഖയുടെ ചികിത്സയിലേക്കായി സംഭാവന ചെയ്തത്. പേരും ഊരും വെളിപ്പെടുത്താതെ തന്റെ പണക്കുടുക്ക കെ.എം.സി.സി ഭാരവാഹിക്ക് എത്തിച്ചുനൽകി തിരശ്ശീലക്കു പിന്നിലേക്ക് മറഞ്ഞ സിദ്ദീഖിനെ ഒടുവിൽ ഖത്തർ ചാരിറ്റി അധികൃതർ വിളിച്ചുവരുത്തി ആദരിച്ചു. വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളും തങ്ങളുടെ കുഞ്ഞനുജത്തിയുടെ ജീവൻ രക്ഷിക്കാനായി രംഗത്തിറങ്ങി.
മന്ത്രാലയങ്ങളുടെ അനുമതിയോടെ ഫണ്ട് ഡ്രൈവിൽ സ്കൂളുകൾ പങ്കുചേർന്നപ്പോൾ തങ്ങളുടെ ചെറു സമ്പാദ്യങ്ങളെല്ലാം ഇതിലേക്ക് സംഭാവന ചെയ്തുകൊണ്ടായിരുന്നു സ്കൂൾ വിദ്യാർഥികൾ കരുതലിന്റെ മാതൃക തീർത്തത്. ബിരിയാണി ചലഞ്ചുകളായിരുന്നു ശ്രദ്ധേയമായ മറ്റൊരു ചുവടുവെപ്പ്. വിവിധ കമ്യൂണിറ്റി സംഘടനകൾ മത്സരിച്ച് ബിരിയാണി ചലഞ്ചുമായി പങ്കുചേർന്നപ്പോൾ ഓരോ ബിരിയാണിപ്പൊതിക്കും പകരം സ്നേഹം കൊണ്ടവർ പുതിയ സാമ്രാജ്യം നിർമിച്ചു. ഫുട്ബാൾ ടൂർണമെന്റുകൾ, കായിക മേളകൾ, സംഗീത പരിപാടികൾ തുടങ്ങി ചെറുതും വലുതുമായ ഒത്തുചേരലുകളിലും സമ്മേളനങ്ങളിലും കുഞ്ഞു മൽഖക്കുവേണ്ടി സ്നേഹമൊഴുകുകയാണ്.
പാതിദൂരം പിന്നിട്ട ധനശേഖരണം ഈ പെരുന്നാളോടെ ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. വാണിജ്യ, വ്യാപാര സ്ഥാപനങ്ങൾ, കൂട്ടായ്മകൾ തുടങ്ങി എല്ലാ വാതിലുകളിലും മുട്ടി ലക്ഷ്യം പൂർത്തിയാക്കാനുള്ള അവസാന കുതിപ്പിനുള്ള ഒരുക്കത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.