മലയോളമുണ്ട് പ്രവാസനന്മ
text_fieldsദോഹ: ആ കുഞ്ഞു മുഖത്തെ പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളും ഓരോ പ്രവാസി മലയാളിയുടെയും നൊമ്പരമായിരുന്നു. തന്റെ രോഗത്തിന്റെ ഗൗരവമറിയാതെ കൊഞ്ചുന്ന മൽഖ റൂഹിയെന്ന ഓമനക്ക് തങ്ങളുടെ നെഞ്ചിൽതന്നെ അവർ സ്ഥാനം നൽകി. അവളുടെ പുഞ്ചിരി എക്കാലവും നിലനിർത്താനും എസ്.എം.എ എന്ന രോഗത്തിനെതിരായ മരുന്നെത്തിക്കാനുമുള്ള ആഹ്വാനവുമായി പ്രവാസമണ്ണൊന്നാകെ ഇറങ്ങിത്തിരിച്ചു.
മലയാളികളുടെ വേദന ഖത്തർ സർക്കാറിനു കീഴിലെ ജീവകാരുണ്യ വിഭാഗമായ ഖത്തർ ചാരിറ്റിയും ഏറ്റെടുത്തതോടെ ധനശേഖരണത്തിന് ഔദ്യോഗിക അംഗീകാരമായി. ആഘോഷങ്ങൾക്ക് അവധി നൽകിയും ലാഭവിഹിതത്തിൽനിന്ന് നീക്കിവെച്ചും പണക്കുടുക്ക പൊട്ടിച്ചും പ്രവാസികൾ ഒന്നായിറങ്ങിയപ്പോൾ അഞ്ചു മാസത്തിനുള്ളിൽ സമാഹരിച്ചത് 74.56 ലക്ഷം റിയാൽ (17.13 കോടി രൂപ) എന്ന വലിയ തുക.
ഇനി മൽഖക്ക് രോഗത്തെ തുരത്താനുള്ള മരുന്നെത്തും. മരുന്ന് നൽകുന്നതിന് മുമ്പായുള്ള പ്രാഥമിക ചികിത്സകൾ സിദ്റ മെഡിസിനിൽ ആരംഭിച്ചതായി ഖത്തറിൽ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയവർ അറിയിച്ചു.
കഴിഞ്ഞ വർഷം നവംബർ 27നായിരുന്നു പാലക്കാട് മേപറമ്പ് സ്വദേശികളായ റിസാലിനും, നിഹാലക്കും ഹമദ് മെഡിക്കൽ കോറപറേഷൻ ആശുപത്രിയിൽ ആദ്യ കൺമണിയായി കുഞ്ഞു മൽഖ പിറന്നത്. രണ്ടാം മാസത്തിൽതന്നെ കുഞ്ഞിന് എസ്.എം.എ രോഗം സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ ആശങ്കയിലായി. നാട്ടിലേക്ക് പോലും യാത്രചെയ്യാൻ പറ്റാത്ത അവസ്ഥ. മരുന്നിനാകട്ടേ വലിയ തുകയും.
1.16 കോടി റിയാൽ (26 കോടി രൂപ) വിലയുള്ള ‘സോൾജെൻസ്മ’ എന്ന ജീൻ തെറപ്പി മരുന്ന് ജർമനിയിൽനിന്നും എത്തിച്ച് ചികിത്സ ലഭ്യമാക്കുക ഒരു സ്വപ്നം മാത്രമായി കരുതിയ ഘട്ടത്തിലാണ് ഖത്തർ ചാരിറ്റി സഹായവുമായെത്തുന്നത്. പ്രവാസി മലയാളികളും ഖത്തർ ചാരിറ്റിയും കൈകോർത്ത് ധനശേഖരണത്തിനായി ജനങ്ങളിലേക്കിറങ്ങുമ്പോൾ നാലു മാസം മാത്രമായിരുന്നു കുഞ്ഞു മൽഖയുടെ പ്രായം.
കഴിഞ്ഞ ഏപ്രിലിൽ തുടങ്ങി അഞ്ചു മാസം നീണ്ടു ഫണ്ട് ഡ്രൈവ്. ഖത്തറിലെ വിവിധ സംഘടനകൾ ബിരിയാണി ചലഞ്ചുകളുമായി രംഗത്തിറങ്ങി തങ്ങളാലാവുന്നത് സമാഹരിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ചും, കടകളിലും ഷോപ്പിങ് മാളുകളിലും ബോക്സുകൾ സ്ഥാപിച്ചും, ബക്കറ്റ് കലക്ഷൻ നടത്തിയുമെല്ലാം ആയിരങ്ങൾ ധനശേഖരണത്തിൽ പങ്കുചേർന്നു.
ഹജ്ജിന് മാറ്റിവെച്ച തുക ചികിത്സ സഹായത്തിന് നൽകി മങ്കടക്കാരൻ സിദ്ദീഖും മാതൃകയായി. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വ്യക്തികൾ പങ്കുചേർന്ന ദൗത്യമാണ് ഇപ്പോൾ വിജയത്തിലെത്തിയത്.
ഫണ്ട് സമാഹരണം 74.56 ലക്ഷം റിയാലിലെത്തിയതോടെ ചൊവ്വാഴ്ച അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. മരുന്നിന് ആവശ്യമായ 1.16 കോടി റിയാൽ സമാഹരിക്കാനായിരുന്നു നേരത്തേ ലക്ഷ്യമിട്ടത്.
എന്നാൽ, ഖത്തർ ചാരിറ്റിയുടെയും കുഞ്ഞിന് ചികിത്സ നൽകുന്ന സിദ്റ മെഡിസിന്റെയും ഇടപെടലിലൂടെ മരുന്ന് കമ്പനി കാര്യമായ തുക ഇളവു നൽകിയതോടെ ഓൺലൈൻ പ്ലാറ്റ് ഫോം വഴിയുള്ള ധനശേഖരണം നിർത്തി. ഇതിനകം പണം സമാഹരിച്ചവരോട് ഉടൻതന്നെ ഖത്തർ ചാരിറ്റിയിലെത്തിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആകെ ലഭ്യമായ തുക സംബന്ധിച്ച കണക്കുകൾ വൈകാതെ അധികൃതർ പുറത്തുവിടും.
ഇതാദ്യമായി ഒരു ഇന്ത്യൻ പ്രവാസിയുടെ ചികിത്സ ധനസമാഹരണത്തിന് ഖത്തർ ചാരിറ്റി നേതൃത്വം നൽകിയെന്ന പ്രത്യേകതയും മൽഖ റൂഹി വിഷയത്തിലുണ്ട്. ഖത്തർ ചാരിറ്റിയുടെ മുൻഗണന പട്ടികയിൽ തന്നെ ഈ കേസും സ്ഥാനം നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.