മൽഖ റൂഹി ചികിത്സ: ഇൻകാസ് യൂത്ത് വിങ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു
text_fieldsദോഹ: ഖത്തറിലെ മലയാളി ദമ്പതികളുടെ എസ്.എം.എ ടൈപ് വൺ രോഗം ബാധിച്ച നാല് മാസം പ്രായമായ മൽഖ റൂഹിയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ഇൻകാസ് ഖത്തർ യൂത്ത് വിങ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു. ഖത്തർ ചാരിറ്റിയുടെ അംഗീകാരത്തോടെ ജൂലൈ 26ന് വെള്ളിയാഴ്ച ഇൻകാസ് യൂത്ത് വിങ് സെൻട്രൽ കമ്മിറ്റി നേതൃത്വത്തിലാണ് മെഗാ ചലഞ്ച് സംഘടിപ്പിക്കുന്നത്.
26 കോടി രൂപ ചികിത്സ ചെലവ് വരുന്ന അപൂർവ രോഗമാണ് എസ്.എം.എ ടൈപ് വൺ. പണം കണ്ടെത്താൻ ഖത്തർ ചാരിറ്റി നടത്തുന്ന കാമ്പയിന് പിന്തുണയുമായി വിവിധ സംഘടനകളും മറ്റും രംഗത്തുണ്ട്. ബിരിയാണി ചലഞ്ചിന്റെ പോസ്റ്റർ ഖത്തർ ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ പ്രകാശനം ചെയ്തു.
ചലഞ്ച് വിജയിപ്പിക്കാൻ ഓർഡറുകൾ കണ്ടെത്താനും കൂടുതൽ തുക സമാഹരിക്കാനും എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർഥിച്ചു.
യോഗത്തിൽ ഇൻകാസ് സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ ജോപ്പച്ചൻ തെക്കേക്കൂറ്റ്, സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സി. താജുദ്ദീൻ, ഐ.സി.സി യൂത്ത് വിങ് ചെയർമാൻ എഡ്വിൻ സെബാസ്റ്റ്യൻ, ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക് ചുള്ളിപറമ്പിൽ, മറ്റു യൂത്ത് വിങ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് 50412555, 50978848 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.