മൽഖ റൂഹി ചികിത്സ നിധി: ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൈമാറി
text_fieldsദോഹ: മൽഖ റൗഹി ചികിത്സ നിധിയിലേക്ക് ബിരിയാണി ചലഞ്ചിലൂടെ ഖത്തർ സംസ്കൃതി സമാഹരിച്ച 1.25 ലക്ഷം റിയാൽ കൈമാറി. ഖത്തർ പ്രവാസികളായ മലയാളി ദമ്പതികളുടെ എസ്.എം.എ ബാധിതയായ കുഞ്ഞ് മൽഖ റൂഹിക്ക് മരുന്നെത്തിക്കാനാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 1.16 കോടി റിയാൽ ധനശേഖരണത്തിന് ശ്രമിക്കുന്നത്. ലുസൈൽ ഖത്തർ ചാരിറ്റി ഓഫിസിൽ സംസ്കൃതി പ്രസിഡൻറ് സാബിത് സഹീർ, ജനറൽ സെക്രട്ടറി ഷംസീർ അരിക്കുളം എന്നിവരിൽ നിന്ന് ഖത്തർ ചാരിറ്റി റിസോഴ്സ് ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ അലി അൽ ഗരീബ് ചെക്ക് സ്വീകരിച്ചു. ചടങ്ങിൽ സെക്രട്ടറി അബ്ദുൽ അസീസ്, സംസ്കൃതി മുൻ ജനറൽ സെക്രട്ടറി കെ. ജലീൽ, മുൻ പ്രസിഡൻറുമാരായ എ. സുനിൽ, അഹമ്മദുകുട്ടി, സംസ്കൃതി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഡോ. പ്രതിഭ രതീഷ്, ജിജേഷ്, സതീഷ് എന്നിവർ സന്നിഹിതരായിരുന്നു. സംസ്കൃതിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച നടത്തിയ ബിരിയാണി ചലഞ്ചിൽ 11 യൂനിറ്റുകൾ നാനൂറോളം വളൻറിയർമാരുടെ സഹകരണത്തോടെ 9258 ബിരിയാണി പൊതികൾ ആണ് ഖത്തറിലെ വിവിധ പ്രവിശ്യകളിലായി വിതരണം ചെയ്തത്. അംഗങ്ങളുടെ സാലറി ചലഞ്ച്, ആർട്ട് എക്സിബിഷൻ തുടങ്ങി പരിപാടികളിലൂടെ കൂടുതൽ തുക കണ്ടെത്തുമെന്ന് സംസ്കൃതി ഭാരവാഹികൾ അറിയിച്ചു. ജൂൺ പത്തു വരെ ഖത്തർ ചാരിറ്റിയുടെ മൽഖ റൗഹി ചികിത്സ നിധിയിലേക്ക് 1.39 ലക്ഷം റിയാലാണ് സംസ്കൃതി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.