തൊഴിലാളികൾക്ക് നിർബന്ധിത ഉച്ചവിശ്രമം പ്രാബല്യത്തിൽ
text_fieldsദോഹ: വേനൽ കടുത്ത സാഹചര്യത്തിൽ പുറം ജോലിയിലേർപ്പെടുന്ന തൊഴിലാളികൾക്ക് നിർബന്ധമായും ഉച്ചവിശ്രമം നൽകണമെന്ന നിയമം ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വന്നു.
ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 15 വരെ തുറന്ന ഇടങ്ങളിലെ തൊഴിലാളികൾക്ക് രാവിലെ 10 മണി മുതൽ വൈകീട്ട് 3.30 വരെ നിർബന്ധമായും വിശ്രമം അനുവദിക്കണം.
തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ തീരുമാനങ്ങൾ പ്രകാരം തൊഴിലുടമ പ്രതിദിന തൊഴിൽ സമയക്രമം വ്യക്തമാക്കുന്ന നോട്ടീസ് തൊഴിലിടങ്ങളിൽ തൊഴിലാളികൾക്ക് പെട്ടെന്ന് കാണുന്ന രീതിയിൽ പതിക്കണം. അന്തരീക്ഷ താപനില വെറ്റ് ബൾബ് ഗ്ലോബ് ഗേജ് (ഡബ്ല്യൂ.ബി.ജി.ടി) സൂചികയിൽ 32.1 പിന്നിടുകയാണെങ്കിൽ ഏത് സാഹചര്യത്തിലും ഏത് സമയത്താണെങ്കിലും പണികൾ നിർത്തിവെച്ച് തൊഴിലാളികളെ പോകാൻ അനുവദിക്കണമെന്നും നിയമത്തിൽ പറയുന്നുണ്ട്. തൊഴിൽ സമയത്ത് എല്ലാ തൊഴിലാളികൾക്കും സൗജന്യമായി കുടിവെള്ളം എത്തിക്കണം. തൊഴിലാളികൾക്ക് പെട്ടെന്ന് പ്രവേശനം സാധ്യമാകുന്ന രീതിയിൽ വിശ്രമസ്ഥലങ്ങൾ തൊഴിലിടങ്ങളിൽ നിർമിച്ച് നൽകണം.
തൊഴിലാളികൾക്ക് സംരക്ഷണം നൽകുന്ന ഇളം നിറത്തിലുള്ള, അയഞ്ഞ വസ്ത്രങ്ങൾ പോലെയുള്ള പേഴ്സനൽ െപ്രാട്ടക്ടിവ് സംവിധാനങ്ങൾ നൽകണം. എല്ലാ തൊഴിലാളികൾക്കിടയിലും പ്രതിവർഷം മെഡിക്കൽ പരിശോധന നടത്തുകയും എല്ലാ പരിശോധനയുടെയും ഫലങ്ങൾ രേഖപ്പെടുത്തി വെക്കുകയും ചെയ്യണം. തൊഴിലിടങ്ങളിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിന് ട്രെയിനിങ് പാരാമെഡിക്സ്, ഒക്യുപേഷ്യനൽ സേഫ്റ്റി ഹെൽത്ത് സൂപ്പർവൈസർമാരുടെ സാന്നിധ്യം ഉറപ്പുവരുത്തണം തുടങ്ങിയ നിർദേശങ്ങളും കൃത്യമായി പാലിക്കണം.
തൊഴിൽ മന്ത്രാലയം പ്രതിനിധികൾ ഇക്കാര്യങ്ങളിൽ പരിശോധന നടത്തും. നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കും. അതിനിടെ രാജ്യത്ത് ഇതുവരെ വിവിധ മേഖലകളിലെ 12,0000ത്തിലധികം തൊഴിലാളികൾക്ക് കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. ഇൻഡസ്ട്രിയൽ ഏരിയയിൽ ഈയടുത്ത് പ്രത്യേക വാക്സിനേഷൻ കേന്ദ്രം തുറന്നിരുന്നു.
കൂടുതൽ തൊഴിലാളികൾക്ക് വാക്സിൻ നൽകുക എന്ന ലക്ഷ്യവുമായായിരുന്നു ഇത്. ബാർബർമാർ, റസ്റ്റാറൻറ് ജീവനക്കാർ, കാറ്ററിങ് സ്റ്റോറുകൾ, പലചരക്ക് കടകൾ, ഹോട്ടലുകൾ, ഹോസ്പിറ്റാലിറ്റി സേവനം തുടങ്ങിയ മേഖലകളിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും വാക്സിനേഷന് മുൻഗണന നൽകുന്നുണ്ട്.
തൊഴിലാളികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് വ്യക്തികൾ നേരിട്ട് അപ്പോയിൻമെൻറ് എടുക്കുന്നതിനു പകരം, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അധികാരികളോ ഉദ്യോഗസ്ഥരോ വഴിയാണ് അപ്പോയിൻമെൻറ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.