തടവുകാരുടെ പുനരധിവാസ വാരാചരണവുമായി മന്ത്രാലയം
text_fieldsദോഹ: തടവുകാരുടെയും ജയിൽ ശിക്ഷ കഴിഞ്ഞവരുടെയും പുനരധിവാസം ലക്ഷ്യമിട്ട് പ്രത്യേക വാരാചരണവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. വിവിധ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ് ജി.സി.സി യൂനിഫൈഡ് ഇൻമേറ്റ്സ് വീക്കിന്റെ ഭാഗമായി മാൾ ഓഫ് ഖത്തറിൽ നാലുദിവസം നീണ്ടു നിൽക്കുന്ന പരിപാടിക്ക് തുടക്കം കുറിച്ചത്.
തടവുകാരുടെ കുടുംബങ്ങൾക്ക് പിന്തുണയും സഹായവും നൽകുന്നതോടൊപ്പം, മോചിതരായ തടവുകാരെ പുനരധിവസിപ്പിക്കുന്നതിനും അവരെ മികച്ച പരിചരണം നൽകി സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ടുള്ള നിരവധി ബോധവത്കരണ സന്ദേശങ്ങൾ ഉൾപ്പെടെയാണ് പരിപാടി.
ജയിൽ തടവുകാരുമായി ബന്ധപ്പെട്ട് ‘പ്രതീക്ഷയും തൊഴിലും നൽകാം’ എന്ന തലക്കെട്ടിൽ ഗൾഫ് സഹകരണ സമിതി രാഷ്ട്രങ്ങളിൽ ഒരേസമയം സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയാണിത്. ഖത്തറിൽ ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, കായിക യുവജന മന്ത്രാലയം, ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും സംഘടനകളുടെയും ഉന്നത പ്രതിനിധികളുടെ സാന്നിധ്യത്തിൽ പൊതു സുരക്ഷാ വകുപ്പ് അസി.ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് ജാസിം അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു.തടവുകാരുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനും അതിനായി വകുപ്പിന്റെ ശ്രമങ്ങൾ പ്രചരിപ്പിക്കാനും സമൂഹത്തിലെ ഈ വിഭാഗത്തിലേക്ക് കൂടുതൽ വെളിച്ചം നൽകാനും ജി.സി.സി ഏകീകൃത തടവുകാരുടെ വാരാചരണത്തിലൂടെ ശ്രമിക്കുന്നതായി പീനൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നാസർ മുഹമ്മദ് അൽ സയീദ് പറഞ്ഞു.
തടവുകാരുടെ പുനരധിവാസത്തിൽ സർക്കാർ ഏജൻസികളുടെയും സിവിൽ സൊസൈറ്റി സംഘടനകളുടെയും പങ്കാളിത്തം ചൂണ്ടിക്കാട്ടുന്ന പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. തടവുകാർക്ക് പീനൽ ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന വിവിധ പുനരധിവാസ, വിദ്യാഭ്യാസ പരിപാടികൾ പ്രദർശിപ്പിച്ചു.
മോചിതരായ ശേഷം അവർക്ക് മാന്യമായ ജീവിതം നയിക്കുന്നതിനാവശ്യമായ വിഭവങ്ങളും പിന്തുണയും നൽകുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.