മാരത്തൺ ആവേശം
text_fieldsദോഹ: കോവിഡ് തളച്ചിട്ട കാലത്തിൽനിന്ന് പുതുലോകത്തിലേക്ക് ഖത്തറിെൻറ ടേക്ക് ഓഫായി 'ഗൾഫ് മാധ്യമം ഖത്തർ റൺ'. വെള്ളിയാഴ്ച രാവിലെ ആസ്പയർ പാർക്കിൽ നടന്ന 'ഖത്തർ റൺ 2021' മാരത്തൺ പോരാട്ടം മത്സരാർഥികളുടെ പങ്കാളിത്തം കൊണ്ടും പുലർകാലത്തെ ചൂടിലും തളരാത്ത പോരാട്ട വീര്യംകൊണ്ടും ശ്രദ്ധേമായി. 45 രാജ്യങ്ങളിൽനിന്നുള്ള 440ഓളം അത്ലറ്റുകളാണ് വിവിധ പ്രായ, ദൂര വിഭാഗങ്ങളിലായി പുരുഷ-വനിതകൾക്കായി നടത്തിയ മത്സരത്തിെൻറ ട്രാക്കിലിറങ്ങിയത്.
ദേശഭാഷാ ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും ഒരു ട്രാക്കിൽ കുതിച്ചപ്പോൾ രണ്ടാമത് ഖത്തർ റൺ പുതുചരിത്രമെഴുതി. കോവിഡ് കാലത്തിൽനിന്നും ലോകത്തിെൻറ തിരിച്ചുവരവിെൻറ വിളംബരം കൂടിയായിരുന്നു ഈ ചാമ്പ്യൻഷിപ്. എല്ലാം അടച്ചിട്ട്, വിനോദങ്ങളും കായിക മത്സരങ്ങളൊന്നുമില്ലാത്ത ഒന്നര വർഷത്തെ നീണ്ട ഇടവേളക്കുശേഷം ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള ചാമ്പ്യൻഷിപ്പായി 'ഗൾഫ് മാധ്യമം ഖത്തർ റൺ'.
രാവിലെ 6.30ന് ആരംഭിച്ച മത്സരങ്ങൾക്ക് അരമണിക്കൂർ മുമ്പ് തന്നെ ആസ്പയർ സോണിലെ സ്റ്റാർട്ടിങ് പോയൻറ് ജനനിബിഢമായി. വിശാലമായ പാർക്കിലെ മൈതാനത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ഒത്തുചേരൽ.
കൃത്യം 6.30ന് തന്നെ ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങി. ഏറ്റവും വലിയ ദൂരമായ 10 കി.മീ ഓട്ടത്തിലേക്കായിരുന്നു തുടക്കം. 16 മുതൽ 40 വയസ്സുവരെയുള്ളവർ മത്സരിച്ച ഓപൺ വിഭാഗത്തിൽ സ്ത്രീകളുടെയും പുരുഷന്മാരുടെയും സജീവപങ്കാളിത്തം ശ്രദ്ധേയമായി.
പ്രായം വെറുമൊരു നമ്പർ
40ന് മുകളിൽ പ്രായമുള്ളവർ മാറ്റുരച്ച മാസ്റ്റേഴ്സിൽ പ്രായത്തെ വെല്ലുന്ന കായിക ആവേശത്തോടെയാണ് മത്സരാർഥികൾ അണിനിരന്നത്. ഈ വിഭാഗത്തിൽ കെനിയക്കാരൻ ക്രിസ് മുസുങ്കു എന്ന 48കാരൻ അനായാസം കുതിച്ചു. കഴിഞ്ഞ സീസൺ ഖത്തർ റണ്ണിലും പെങ്കടുത്ത ക്രിസ് ഇക്കുറി ഒന്നാം സ്ഥാനത്തിലെത്താൻ കഴിഞ്ഞതിെൻറ സന്തോഷത്തിലായിരുന്നു. രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത് സിറിയയിൽനിന്നുള്ള 58കാരനായ മെർസൽ അൽസ്ഗയർ. പ്രായത്തെ വെല്ലുന്ന മത്സര വീര്യത്തോടെയായിരുന്നു ഇദ്ദേഹത്തിെൻറ ഫിനിഷിങ്. 10 കി.മീ ഓടിയെത്തിയിട്ടും മറ്റൊരു മാരത്തണിനും കൂടിയുള്ള ഊർജത്തോടെയായിരുന്നു ഇരുവരുടെയും ഫിനിഷിങ്. മൂന്നാം സ്ഥാനത്തെത്തിയ ജോർദെൻറ 45കാരൻ മുഹമ്മദ് കാമിലും ഉജ്ജ്വലമായ റണ്ണപ്പ് പൂർത്തിയാക്കി.
വനിത മാസ്റ്റേഴ്സിൽ സ്വീഡെൻറ 41കാരി സാറാ താലിയയും 48കാരി അമേരിക്കയുടെ എറിൻ കെല്ലിയും 54കാരി സ്വീഡെൻറ ഷാർലറ്റ് ഷെർനിങ്ങും നിത്യാഭ്യാസി ആനയെ എടുക്കും എന്ന പോലെയായിരുന്നു മത്സര ശേഷവും. ദിനേനയുള്ള വ്യായാമവും ഖത്തറിലെയും വിദേശ രാജ്യങ്ങളിലെയും വിവിധ ദീർഘദൂര ഓട്ടമത്സരങ്ങളിലെ പങ്കാളിത്തവുമെല്ലാമാണ് തങ്ങളുടെ ഫിറ്റ്നസ് രഹസ്യമെന്ന് ഷാർലറ്റ് ഷെർനിങ് പറയുന്നു.
ആവേശപൂർവം മധ്യദൂരം
വേഗവും വാശിയേറിയ മത്സരവും കൊണ്ട് ശ്രദ്ധേയമായിരുന്നു കൂടുതൽ പേർ അണിനിരന്ന അഞ്ച്, മൂന്ന് കിലോമീറ്റർ പോരാട്ടങ്ങൾ. പരിചയ സമ്പന്നരായ പ്രഫഷനൽ അത്ലറ്റുകൾ മുതൽ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുടുംബ സമേതവും മത്സരങ്ങളിൽ പങ്കാളികളായി. വിജയിക്കുക എന്നതിനേക്കാൾ പങ്കെടുക്കുക എന്ന സന്ദേശം നൽകിയ പോരാട്ടങ്ങൾ.
ഹ്രസ്വദൂരത്തിൽ മാസ്റ്റേഴ്സിലും ഓപണിലും സജീവ പങ്കാളിത്തമുണ്ടായി. കോവിഡ് കാലത്തിനുശേഷം ഖത്തറിെൻറ ജീവിത താളം ഖത്തർ റണ്ണോടെ വീണ്ടെടുക്കുന്ന സന്തോഷമായിരുന്നു ഏറെപേരും പങ്കുവെച്ചത്. കോവിഡിനിടയിലും കൃത്യമായ പരിശീലനവുമായാണ് ഒരു വിഭാഗം മത്സരത്തിനിറങ്ങിയത്. ആരോഗ്യകരമായ ശരീരത്തിലൂടെ ആരോഗ്യകരമായ ജീവിതം എന്ന സന്ദേശം മുന്നോട്ടുവെക്കുന്നതായിരുന്നു ഖത്തർ റൺ. മത്സരത്തിൽ പങ്കെടുത്ത് ഫിനിഷ് ചെയ്തവരെയെല്ലാം മെഡലുകൾ നൽകിയാണ് വരവേറ്റത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവരെ ട്രോഫികളും സമ്മാനങ്ങളും നൽകി അഭിനന്ദിച്ചു. തുടർച്ചയായി രണ്ടാം വർഷവും ഖത്തർ റൺ വിജയകരമായി പൂർത്തിയാക്കിയതിലൂടെ ഖത്തറിെൻറ കായിക ചരിത്രത്തിലെ കലണ്ടർ ഇവൻറായി മാറുകയാണ് ഈ മാരത്തൺ പോരാട്ടം. ഖത്തരി പൗരന്മാരുടെ സാന്നിധ്യമായിരുന്നു ശ്രദ്ധേയം. മുൻ വർഷത്തേക്കാൾ നാലിരട്ടിയിലേറെ പേരാണ് ഇക്കുറി ഖത്തർ റണ്ണിൽ പങ്കെടുത്തത്. 144 ഖത്തരികൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തിരുന്നു.
2021 ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന ചാമ്പ്യൻഷിപ്പാണ് ഇപ്പോൾ നടന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്നായിരുന്നു അന്ന് മാറ്റിവെച്ചത്. ഒക്ടോബർ 22ന് നടക്കുന്ന അമീരി കപ്പിെൻറയും നവംബറിൽ നടക്കുന്ന ഫിഫ അറബ് കപ്പിെൻറയും ആവേശത്തിൽ ആറാടാൻ ഒരുങ്ങുന്ന ഖത്തറിന് പുത്തനുണർവാണ് ഖത്തർ റൺ.
ഇന്ത്യൻ എംബസി ഡിഫൻസ് അറ്റാഷെ ക്യാപ്റ്റൻ അട്ല മോഹൻ, ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസ് എന്നിവർ മുഖ്യാതിഥികളായി. ഗൾഫ് മാധ്യമം -മീഡിയവൺ മാനേജിങ് കമ്മിറ്റി ചെയർമാൻ റഹീം ഓമശ്ശേരി, നസിം അൽ റബീഹ് മെഡിക്കൽ സെൻറർ ജനറൽ മാനേജർ ഡോ. മുനീർ അലി ഇബ്രാഹിം, ന്യൂഇയർ സെൻറർ സി.ഇ.ഒ അലി ഇഷാൻ, ബിസിനസ് ഡെവലപ്മെൻറ് മാനേജർ അനിൽ, െകയർ ആൻഡ് ക്യുവർ മാനേജിങ് ഡയറക്ടർ ഇ.പി അബ്ദുറഹ്മാൻ, ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ഫിനാൻസ് മാനേജർ ഷരീഫ് ബി.സി, ബി.ഡി.എം പാഷ, എച്ച്.ആർ മേധാവി സിദ്ദീഖ്, യുഗോ പേ വേ സി.ഇ.ഒ പ്രതീഷ് വിജയൻ, നസീം അൽ റബീഹ് മെഡിക്കൽ സെൻറർ അസി. മാനേജർ സന്ദീപ്, ഇഖ്ബാൽ അബ്ദുല്ല, ഗൾഫ് മാധ്യമം മാനേജിങ് കമ്മിറ്റി വൈസ്ചെയർമാൻ നാസർ ആലുവ, അംഗങ്ങളായ അഡ്വ. മുഹമ്മദ് ഇഖ്ബാൽ, അബ്ദുല്ല ഗഫൂർ, മുഹമ്മദ് ഷാഫി, ഗൾഫ്മാധ്യമം അഡ്മിൻ-മാർക്കറ്റിങ് മാനേജർ ആർ.വി റഫീഖ് എന്നിവർ പങ്കെടുത്തു.
വിവിധ വിഭാഗങ്ങളിലെ മത്സര വിജയികൾ
10 കി.മീ ഓപൺ (പുരുഷവിഭാഗം)
1. അഹമ്മദ് എൽഹിസൗഫ് (മൊറോകോ), 2. ജോർജ് തോംപ്സൺ (ഫ്രാൻസ്), 3 ആൻഡ്ര്യൂ ആതർട്ടൻ (ബ്രിട്ടൻ)
10 കി.മീ ഓപൺ (വനിതകൾ)
1. നാൻസി സിമിയോണി (ഇറ്റലി), 2. വിഡെഡ് മിസൗമി (തുനീഷ്യ), 3. കർമ സാറ സഖിലാൻ (ഫിലിപ്പീൻസ്)
10 കി.മീ മാസ്റ്റേഴ്സ് (പുരുഷ വിഭാഗം)
1. ക്രിസ് മുസുങു (കെനിയ), 2. മെർസൽ അൽസ്ഗാഗർ (സിറിയ), 3. മുഹമ്മദ് കാമിൽ അലി എൽഷിഖിറാത് (ജോർദൻ)
10 കി.മീ മാസ്റ്റേഴ്സ് (വനിതകൾ)
1. സാറാ താലിയ (സ്വീഡൻ), 2. എറിൻ കെല്ലി (അമേരിക്ക), 3. ഷാർലറ്റ് ഷെർനിങ് (സ്വീഡൻ).
5 കി.മീ ഓപൺ (പുരുഷ വിഭാഗം)
1. മാത്യു കോർപെറ്റ് (ഫ്രാൻസ്), 2. ഹൗസിൻ ലഹ്ദു (മൊറോകോ), 3. സെനിസ്ലാവ് തൊകാരിക് (പോളണ്ട്).
5 കി.മീ ഓപൺ (വനിത)
1. നികോളെല്ലറ്റ ഹൊേഡാറിയ (റുമാനിയ), 2. ചെൽസി ഹ്യൂസ് (ബ്രിട്ടൻ), 3. അമി മക്മനസ് (ബ്രിട്ടൻ).
5 കി.മീ മാസ്റ്റേഴ്സ് (പുരുഷ വിഭാഗം)
1. മാത്യു വില്യംസ് (ഫ്രാൻസ്) 2. ഷക്കീർ ചീരായി (ഇന്ത്യ), 3. മൈക്കൽ ഒബ്രിയൻ (ബ്രിട്ടൻ)
5 കി.മീ മാസ്റ്റേഴ്സ് (വനിതകൾ)
1. എലിസബത്ത് ജാഫർ (അമേരിക്ക), 2. അന്ന കരിൻ സെദ്ബർഗ് (ഇറ്റലി), 3. മാർഗരറ്റ് എക്ലസ് (ബ്രിട്ടൻ).
3 കി.മീ ഓപൺ (പുരുഷ വിഭാഗം)
1. മുഹമ്മദ് അലി മറി (ഖത്തർ), 2. അബ്ദുൽ റഹ്മാൻ ഹെയ്ബ്സ് അൽമർറി (ഖത്തർ), 3. സാവിൽ നെടുമഞ്ചെവിൽ (ഇന്ത്യ)
3 കി.മീ ഓപൺ (വനിതകൾ)
1. തെതിയാന പിഡോറിന (ഖത്തർ), 2. എമിലി ഡോബിൻസൺ (ബ്രിട്ടൻ), 3. അബിർ വെൽഹാസി (തുനീഷ്യ).
3 കി.മീ മാസ്റ്റേഴ്സ് (പുരുഷ വിഭാഗം)
1. ഗിലോം അലിനിയർ (ഫ്രാൻസ്), 2. സജീർ കലന്തൻ (ഇന്ത്യ), 3. മൈകൽ വെർനർ (ജർമനി)
3 കി.മീ മാസ്റ്റേഴ്സ് (വനിത വിഭാഗം)
1. ആൻ ഫിർത് (അയർലൻഡ്), 2. റോസിയോ റൊമീറോ (വെനിസ്വേല), 3. അമാൻഡ ഡോബിസൺ (ബ്രിട്ടൻ)
3 കി.മീ സെക്കൻഡറി (ആൺ)
1. അക്ഷിത് ശരവണൻ (ഇന്ത്യ) 2. പ്രില്ലനാം അലിനിയർ (ഫ്രാൻസ്), 3. ഗ്വില്ലനാം അലിനിയർ (ഫ്രാൻസ്)
3 കി.മീ സെക്കൻഡർ (പെൺ)
1. റാഷ സജീർ കലന്തൻ (ഇന്ത്യ), 2. സിനിയാദ് ഫിർത് (അയർലൻഡ്), 3 അസ്റ മനാഫ് (ഇന്ത്യ)
'മാരത്തൺ മത്സരം ഒരു കായിക ഇനം എന്നതിനൊപ്പം, ആരോഗ്യകരമായ ജീവിത ശൈലി നിലനിർത്തുന്നതിലും സുപ്രധാനമാണ്. 45 രാജ്യങ്ങളിലെ കായിക താരങ്ങളുടെ പങ്കാളിത്തം അത്ഭുതാവഹമാണ്. കോവിഡ് കാലത്തിനു ശേഷം നടക്കുന്ന സുപ്രധാന കായിക മത്സരം എന്ന നിലയിൽ വലിയ ജനപങ്കാളിത്തത്തിലും 'ഗൾഫ് മാധ്യമത്തിന്' ഏറ്റവും മനോഹരമായി തന്നെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കാൻ കഴിഞ്ഞു. സംഘാടകർക്കും, അത്ലറ്റുകൾക്കുമെല്ലാം ഇന്ത്യൻ സ്പോർട്സ് സെൻററിെൻറ അഭിനന്ദനങ്ങൾ'
-ഡോ. മോഹൻ തോമസ് (പ്രസിഡൻറ് ഇന്ത്യൻ സ്പോർട്സ് സെൻറർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.